കൊച്ചി: വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 26കാരിയെ രക്ഷപെടുത്തി. പാലത്തിൽ നിന്നും ചാടിയ ആലപ്പുഴ സ്വദേശിയായ യുവതിയെയാണ് സമയോചിതമായ ഇടപെടലിലൂടെ നാവിക സേനാ അംഗവും പ്രദേശവാസിയായ യുവാവും ചേർന്ന് രക്ഷപ്പെടുത്തിയത്.

ഉച്ചയ്ക്ക് 1.40 ഓടെയാണ് യുവതി തന്റെ ജീവനൊടുക്കാനുള്ള ശ്രമം നടത്തിയത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന നാവികസേനാംഗം ടി ആനന്ദ് കുമാറും സ്ഥലത്തുണ്ടായിരുന്ന പി ജി രാജേഷ് എന്ന യുവാവുമാണ് മരണം പതിയിരിക്കുന്ന കൊച്ചി കായലിലേക്ക് എടുത്തുചാടിയത്.

ഈ സമയത്ത് കായലിൽ പട്രോളിങിലായിരുന്ന നാവികസേനയുടെ ബോട്ട് ഇവരുടെ അടുത്തേക്ക് എത്തിയത് രക്ഷാപ്രവർത്തകർക്ക് ആശ്വാസമായി. ബോട്ടിലുണ്ടായിരുന്ന നാവികസേനാംഗങ്ങൾ മൂവരെയും രക്ഷിച്ചു. തുടർന്ന് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ആനന്ദ് കുമാറിനും രാജേഷിനും പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ആത്മഹത്യാ ശ്രമം നടത്തിയ യുവതി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വിവരം സിവിൽ പൊലീസിനെ അറിയിച്ചിട്ടുണ്ട്.