കോഴിക്കോട്: എഞ്ചിനീയറിംങ് വിദ്യാർത്ഥികളുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക റിപ്പോർട്ട്. കോഴിക്കോട് വെള്ളയിൽ റെയിൽവെ സ്റ്റേഷനു സമീപം ഇന്നലെയായിരുന്നു രണ്ട് എഞ്ചിനീയറിംങ് വിദ്യാർത്ഥികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പാലക്കാട് പീരായിരി പഞ്ചായത്തിലെ കൊടുന്തുരപ്പുള്ളി ശശികല നിലയം ഐശ്വര്യ(19), പാലക്കാട് അരിക്കാര സ്വദേശി സുബ ഇല്ലം രഞ്ജിത്ത്(20) എന്നിവരായിരുന്നു മരിച്ചത്.

അഹല്യ സ്‌കൂൾ ഓഫ് എഞ്ചിനീയറിംങ് ആൻഡ് ടെക്‌നോളജിയിൽ രണ്ടാംവർഷ ബിടെക് വിദ്യാർത്ഥികളായിരുന്നു ഇരുവരും. ഉടലും തലയും വേർപെട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ചേർന്നു കിടന്ന് റെയിൽപാളത്തിൽ തലവച്ചായിരുന്നു ഇരുവരും മരണത്തെ നേരിട്ടത്. രാവിലെ ആറരയ്ക്ക് സമീപവാസിയായ ഒരാൾ മൃതദേഹങ്ങൾ കാണുകയും ഉടനെ നടക്കാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടക്കാവ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി. മരണക്കുറിപ്പോ മരണത്തിലേക്കു നയിക്കാനുണ്ടായ കാരണങ്ങളോ അവ്യക്തമാക്കിയാണ് മരിക്കാനുള്ള ഇടം തേടി ഇരുവരും നടന്നത്.

ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ട കമിതാക്കൾ സ്വപ്നം പൂവണിയില്ലെന്ന് മനസിലാക്കിയതോടെ മരണത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. പക്വതയില്ലാത്ത ചിന്തയിൽ നിന്നും കൗമാരം സമ്മാനിച്ച ദാരുണ അന്ത്യം ഇപ്പോഴും ഇരുകുടുംബങ്ങൾക്കും സഹപാഠികൾക്കും വിശ്വസിക്കാനായിട്ടില്ല. പതിവുപോലെ കോളേജിലേക്കെന്നു പറഞ്ഞ് ശനിയാഴ്ച രാവിലെ 7.45ന് കൊടുന്തുരപ്പുള്ളിയിലെ വീട്ടിൽ നിന്നും ഐശ്വര്യ പടിയിറങ്ങിയതാണ്. വീട്ടുകാർക്കും കൂട്ടൂകാർക്കും യാതൊരു മുന്നറിയിപ്പും നൽകാതെ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതു പ്രകാരമായിരുന്നു കാമുകനോടൊപ്പം പോയിരുന്നത്.

കോളേജിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയും പാലക്കാട് സ്വദേശിയുമായ രഞ്ജിത്തുമായി കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രണയത്തിലാണ്. ഇക്കാര്യം കോളേജിലെ ഏതാനും വിദ്യാർത്ഥികൾക്കും അറിയാമായിരുന്നു. എന്നാൽ ഇരുവരും വീടുവിട്ടിറങ്ങുന്നതിനെ സംബന്ധിച്ച് യാതൊരു സൂചനയും നൽകിയിരുന്നില്ലെന്ന് കൂട്ടുകാർ പാറയുന്നു. അതേസമയം ഐശ്വര്യക്ക് വീട്ടുകാർ വിവാഹോലോചന നടത്തിയിരുന്നു. രഞ്ജിത്തുമായി അടുപ്പമുള്ള വിവരം വീട്ടിൽ പറഞ്ഞിരുന്നില്ലെന്നായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പറഞ്ഞിരുന്നത്.

കോളേജ് ബസിലായിരുന്നു പതിവായി ഐശ്വര്യ കാമ്പസിലെത്തിയിരുന്നത്. എന്നാൽ ശനിയാഴ്ച കോളേജ് ബസ് എത്തേണ്ട സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെയാണ് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. ഇതോടെ കൂട്ടുകാരോടും കോളേജ് അധികൃതരോടും അന്വേഷിച്ചെങ്കിലും ഐശ്വര്യ കോളേജിൽ എത്തിയില്ലെന്നായിരുന്നു വിവരം ലഭിച്ചത്. ബന്ധുവീടുകളിലേക്കും പോകാൻ സാധ്യതയുള്ള കൂട്ടുകാരുടെ അടുത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ ശനിയാഴ്ച രഞ്ജിത്തും കോളേജിൽ വന്നില്ലെന്ന് കൂട്ടുകാർ വ്യക്തമാക്കിയതോടെ ഐശ്വര്യയുടെ വീട്ടുകാർ പാലക്കാട് ടൗൺനോർത്ത് പൊലീസ് സ്റ്റേഷനിൽ രാത്രി പത്തുമണിക്ക് പരാതിയുമായി എത്തി. ഇതനുസരിച്ച് പൊലീസ് മാന്മിസ്സിംങ് കേസ് രജിസ്റ്റർ ചെയ്തു.

ഇരുവരെ കുറിച്ചും പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിക്കുന്നതിനിടെയായിരുന്നു കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ആരുമായും അടുപ്പമില്ലെന്നായിരുന്നു ഐശ്വര്യയുടെ ബന്ധുക്കൾ പരാതിയിൽ പറഞ്ഞിരുന്നത്. കൂട്ടുകാരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് രഞ്ജിത്തിനോടൊപ്പമാകാം പോയതെന്ന സംശയവും പരാതിയിൽ പറഞ്ഞിരുന്നു. അതേസമയം വീട്ടുകാരുമായി യാതൊരു പ്രശ്‌നമോ വീടുവിട്ടിറങ്ങാൻ മറ്റുകാരണങ്ങളോ ഇല്ലെന്നും ബന്ധുക്കൾ പരാതിയിൽ പറഞ്ഞതായി പാലക്കാട് നോർത്ത് പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തു വന്നാൽ കേസ് പുനരാരംഭിക്കുമെന്നും സംഭവത്തിനു പിന്നിൽ മറ്റു പ്രേരണകൾ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും നടക്കാവ് സി.ഐ പ്രകാശൻ പടന്നയിൽ മറുനാടൻ മലയാളിയോടു പറഞ്ഞു. ആളൊഴിഞ്ഞ സമയത്ത് ശനിയാഴ്ച പുലർച്ചയോടെയാണ് ഇരുവരും തീവണ്ടിക്കു മുന്നിൽ തലവെയ്ച്ചതന്നാണ് പൊലീസ് നിഗമനം.

അതീവ ദാരുണമായി കണ്ടെടുത്ത മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇരുവരിൽ നിന്നും കണ്ടെടുത്ത ബാഗുകളും ബന്ധുക്കൾക്ക് നൽകിയിട്ടുണ്ട്.