ചിറ്റൂർ: ചിതയൊരുക്കി അമ്മയും മകളും ആത്മഹത്യ ചെയ്തുവെന്ന വാദം ഉൾക്കൊള്ളാനാകാതെയാണ് പാലക്കാട്ടെ ചിറ്റൂരിലെ നല്ലേപ്പിള്ളി ഗ്രാമം. ഇവിടെ വീട്ടമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ വീടിന്റെ പിൻവശത്തെ തൊടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. നല്ലേപ്പിള്ളി വടക്കത്തറ പരേതനായ കുമാരമേനോന്റെ ഭാര്യ ശോഭന (55), മകൾ വിന്ദുജ (22) എന്നിവരുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത നിലയിൽ കണ്ടെത്തിയത്.

വീടിന് പിൻവശത്തെ കിണറിനോട് ചേർന്നായിരുന്നു രണ്ട് മൃതദേഹങ്ങളും. മണ്ണെണ്ണ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കാൻ, ലൈറ്റർ എന്നിവ തൊടിയിൽനിന്ന് കണ്ടെടുത്തു. വീട്ടിനകത്തുനിന്ന് കണ്ടെത്തിയ ഡയറിയിൽ ഇവർ എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിൽ മറ്റാരും ഉത്തരവാദികളല്ലെന്ന വാക്കുകളാണ് ഇതിലുള്ളതെന്നാണ് സൂചന. കത്തിക്കരിഞ്ഞ ശരീരഭാഗം തെരുവുനായ കടിച്ചുകൊണ്ടുപോകുന്നതുകണ്ട് പരിസരവാസികൾ വിവരം പൊലീസിലറിയിക്കയായിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് വീടിനുപിന്നിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

വീടിനുപിന്നിലെ കാട്ടുചെടികൾ വൃത്തിയാക്കി മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. പിന്നീട് പൊലീസ് നായ ബ്ലാസ്റ്റർ സ്ഥലത്തെത്തി. വിശദ പരിശോധനയ്ക്ക് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് വെള്ളിയാഴ്ച തൃശ്ശൂരിൽനിന്ന് ശാസ്ത്രീയ പരിശോധനാസംഘമെത്തി തെളിവുശേഖരിച്ചശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

വീടിന്റെ മുൻവാതിലും പിൻവാതിലും കൊളുത്തിടാതെ ചാരിയിട്ട നിലയിലായിരുന്നു. വീട്ടിനകത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയതുമില്ല. പിൻവശത്തെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചിറ്റൂരിലും മറ്റുമായി വാടകയ്ക്ക് താമസിച്ചിരുന്ന ഈ കുടുംബം കുമാരമേനോന്റെ മരണശേഷമാണ് നല്ലേപ്പിള്ളി ഗ്രാമത്തിൽ വാടകക്കെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ചിറ്റില്ലഞ്ചേരി കോമ്പിശ്ശം പുത്തൻവീട്ടിൽ അംഗമാണ് ശോഭനയെന്നും ഇവർ പറഞ്ഞു. വിന്ദുജ നല്ലേപ്പിള്ളിയിലെ ഒരു ഫാൻസി സ്ഥാപനത്തിൽ ജോലിക്കുപോയിരുന്നു.

ശോഭനയ്ക്ക് വിന്ദുജയെക്കൂടാതെ രണ്ട് പെൺമക്കൾകൂടി ഇവർക്കുണ്ട്. മൂത്തമകൾ വനീത ഭർത്താവിനൊപ്പം ബംഗളൂരുവിലാണ്. രണ്ടാമത്തെ മകൾ വിജിത ഭർത്താവ് സുരേഷിനൊപ്പം പെരുവെമ്പിലും. ബുധനാഴ്ച ശോഭന ഫോണിൽ ബന്ധപ്പെട്ടിരുന്നതായും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ഡിവൈ.എസ്‌പി. സുൽഫിക്കർ, സർക്കിൾ ഇൻസ്‌പെക്ടർ കെ.എം. ബിജു, സബ് ഇൻസ്‌പെക്ടർമാരായ ടി. ചന്ദ്രൻ, ബഷീർ സി.ചിറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.