രാജ്കോട്ട്: ഗുജറാത്തിൽ നവ വരൻ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ. ഗുജറാത്ത് തരാദ് സ്വദേശി അമൃത് റാത്തോഡിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. 25 വയസായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമൃതിന്റെ മരണത്തിൽ ഭാര്യയ്ക്ക് പങ്കുണ്ടെന്ന് കാണിച്ച് സഹോദരൻ പരാതി നൽകിയിട്ടുണ്ട്.

മൂന്ന് മാസം മുൻപാണ് അമൃത് വിവാഹിതനായത്. പായൽ എന്ന പേരുള്ള യുവതിയായിരുന്നു വധു. വിവാഹ ശേഷം പായൽ അമൃതിനെ മാനസികവും ശാരീരികമായും ഉപദ്രവിച്ചിരുന്നതായ സഹോദരൻ പരാതിയിൽ വ്യക്തമാക്കുന്നു. പായലിന്റെ നാല് സുഹൃത്തുക്കളും അമൃതിന് മാനസികമായി തകർക്കാൻ ശ്രമിച്ചതായിട്ടാണ് ആരോപണം. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച അമൃതിന്റെ മൃതദേഹം കണ്ടെത്തിയ ഹോട്ടലിലെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ പായലും നാല് സുഹൃത്തുക്കളുമാണ് എന്നെ മരണത്തിലേക്ക് തള്ളി വിട്ടതെന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. വിഷ്ണു, പ്രവീൺ, അനിൽ, കിഷൻ എന്നിവരാണ് പായലിന്റെ സുഹൃത്തുക്കൾ. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.