കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വീണ്ടും കൗമാര ആത്മഹത്യയും ആത്മഹത്യ ശ്രമവും. പ്ലസ് ടു വിദ്യാർത്ഥിയെ ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകീട്ടാണ് സമീപവാസിയായ സുഹൃത്ത് ആത്മഹത്യശ്രമം നടത്തിയത്. മേത്തല പാലിയംതുരുത്ത് മുല്ലശ്ശേരി ഷൈനിന്റെ മകൻ ലക്ഷ്മൺ (18) ആണ് മരിച്ചത്. രാവിലെ വീട്ടുകാരാണ് കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ ലക്ഷ്മണിനെ കണ്ടെത്തിയത്.

ഇരിങ്ങാലക്കുട നാഷനൽ സ്‌കൂൾ വിദ്യാർത്ഥിയും കായികതാരവുമായിരുന്നു. മരണം സംബന്ധിച്ച് കൂട്ടുകാർക്ക് വാട്‌സ്ആപ് സന്ദേശം അയച്ചിരുന്നതായി പറയുന്നു. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ സംസ്‌കരിച്ചു. ചിനുവാണ് മാതാവ്. സഹോദരി: ലക്ഷ്മി നന്ദ. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

വൈകീട്ടോടെയാണ് സമീപവാസി ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാർ കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കൊടുങ്ങല്ലൂർ നഗരത്തോട് ചേർന്ന് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഏതാനും മാസം മുമ്പ് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന തൊട്ടടുത്ത എറിയാട് പഞ്ചാത്തിലും രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്തിരുന്നു.