നോയിഡ: മിശ്രവിവാഹത്തിനെതിരെ നിരന്തരം ഭാര്യാമാതാപിതാക്കൾ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് 24കാരൻ ആത്മഹത്യ ചെയ്തതായി പരാതി. ഉത്തർപ്രദേശ് നോയിഡയിലാണ് സംഭവം.

മെയ്‌ മാസത്തിലായിരുന്നു 24കാരന്റെയും 20കാരിയുടെയും വിവാഹം. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും. നോയിഡയിലെ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരനാണ് 24കാരൻ. ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. യുവാവിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് കേസ്.

ഇരുവരുടെയും പ്രണയവിവാഹത്തിന് ശേഷം പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിച്ചുവെന്ന് വ്യക്തമായതോടെ കേസ് അവസാനിപ്പിച്ചു. തുടർന്ന് മകനെ പെൺകുട്ടിയുടെ മാതാപിതാക്കൾ നിരന്തരം അപമാനിച്ചിരുന്നതായി പിതാവ് പറഞ്ഞു.

അപമാനിക്കൽ തുടർന്നതോടെ ദമ്പതികൾ രാജസ്ഥാനിലെ ജയ്പൂരിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ ഇവർ അവിടെയെത്തിയും ഭീഷണി തുടർന്നു. പെൺകുട്ടിയുടെ പിതാവും അമ്മാവനുമാണ് ഭീഷണിക്ക് പിന്നിലെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു.

24കാരന്റെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്. മുഖ്യമന്ത്രിയോട് സഹായവും അഭ്യർത്ഥിച്ചിരുന്നു. കത്തിന്റെ പകർപ്പ് വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.