തിരൂർ: ജൂവലറിക്കാരുടെ ഭീഷണിയിൽ മനം നൊന്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇസ്മായീലിന്റെ മരണം സംഭവിച്ചിട്ടു പത്തുദിവസം പിന്നിടുന്നു. ഏറെ സമ്മർദങ്ങൾക്കും നാടകങ്ങൾക്കുമൊടുവിൽ ജൂവലറി മാനേജറടക്കം എട്ടു ജീവനക്കാർക്കെതിരേ ഇസ്മായീലിന്റെ വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസിന് കേസെടുക്കേണ്ടി വന്നു.

ഇസ്മായീലിനും കുടുംബത്തിനും നീതി ലഭ്യമാക്കുക, മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുക, ജൂവലറിയിലെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, സിപിഐ(എം)തുടങ്ങിയ പാർട്ടികളെല്ലാം പരസ്യമായിത്തന്നെ രംഗത്തുവന്നിരുന്നു. സമരം ശക്തിപ്പെടുത്തുമെന്ന് അവകാശപ്പെട്ടു യൂത്ത് കോൺഗ്രസ് പത്രസമ്മേളനവും നടത്തി. എന്നാൽ ദിവസങ്ങൾ ഓരോന്നു പിന്നിട്ടതോടെ സമരമെല്ലാം ആവിയായിപ്പോയി. പണത്തിനു മീതെ പരുന്തും പറക്കില്ലെന്നാണല്ലോ.

ഇസ്മായീലിന്റെ കുടുംബത്തിന് രക്ഷകരായെത്തിയ രാഷ്ട്രീയക്കാർ ബോബി ചെമ്മണ്ണൂരിന്റെ ഇടനിലക്കാരായി വർത്തിക്കുന്നതിന്റെ കാഴ്ചയാണ് പിന്നീട് കണ്ടത്. ബോബിയെയും ജൂവലറി അധികൃതരെയും അസ്വസ്ഥരാക്കിയിരുന്നത് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു എന്നതാണ്. ഇത് പുറം ലോകമറിയാതിരിക്കാൻ എല്ലാ വായയും പണം കൊണ്ട് നേരത്തേ മൂടിക്കഴിഞ്ഞിരുന്നു. പത്ര -ദൃശ്യമാദ്ധ്യമങ്ങൾ ബോബി ചെമ്മണ്ണൂരിനെതിരെയുള്ള വാർത്ത മുക്കുന്നതിൽ കാണിച്ച വൈദഗ്ധ്യം കഴിഞ്ഞ കാലങ്ങളിലായി ജനം നേരിട്ട് അനുഭവിച്ചതുമാണ്. ഇതെല്ലാമാണെങ്കിലും സത്യം ആർക്കും മൂടിവെയ്ക്കാൻ സാധിക്കില്ല. കേസെടുത്ത് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെയാണ് പൊലീസിനെയും രാഷ്ട്രീയക്കാരെയും കൂട്ടിപിടിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നത്. തെളിവുകളെല്ലാം ജൂവലറിക്ക് എതിരായതോടെ പരാതി തന്നെ പിൻവലിപ്പിക്കാനുള്ള ശ്രമത്തിലാണ് ബോബി മുതലാളിയുടെ ഏറാന്മൂളികളായ രാഷ്ടീയക്കാർ.

ഇസ്മായീലിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പറഞ്ഞ അതേ കോൺഗ്രസുകാർ തന്നെയാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കേസ് ഒതുക്കാൻ ഇസ്മായീലിന്റെ വീട്ടിലും ബന്ധുവീടുകളിലുമായി കയറിയിറങ്ങുന്നത്. ഇസ്മായീലിന്റെ ബന്ധുവും കോൺഗ്രസുകാരുമായ ചിലരെ കൂട്ടുപിടിച്ചാണ് സമ്മർദ തന്ത്രങ്ങൾ പയറ്റുന്നത്. എട്ടുലക്ഷം മുതൽ 15 ലക്ഷം വരെ ഇടനിലക്കാർ വീട്ടുകാർക്കു വേണ്ടി ജൂവലറിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. കടം തിരിച്ചടയ്‌ക്കേണ്ടതില്ലെന്നും ഇതിനു പുറമെ ധനസഹായമായി വലിയ സംഖ്യ കുടുംബത്തിന് നൽകാമെന്നുമാണ് ജൂവലറിക്കാരുടെ വാഗ്ദാനം. എന്നാൽ പരാതി പിൻവലിക്കണമെന്ന ഒറ്റവ്യവസ്ഥയാണ് സ്ഥാപനത്തിനുള്ളത്.

സ്വന്തം കുടുംബങ്ങളെയും ബന്ധുക്കളെയും നാട്ടിലെ പ്രമുഖരെയും വച്ചുള്ള ഇവരുടെ സമ്മർദത്തിനു മുന്നിൽ വീട്ടുകാർ നിസ്സഹായരുമാണ്. ഇസ്മായീലിന്റെ ഭാര്യയും പത്താം ക്ലാസിൽ പഠിക്കുന്ന മകനും ഒരു ചെറിയ മകളുമാണ് ഈ വീട്ടിലുള്ളത്. രണ്ടു പെൺമക്കളുടെ ഭർത്താക്കന്മാരാണ് ഇപ്പോൾ വീട്ടു കാര്യങ്ങളെല്ലാം നടത്തുന്നത്. വിദേശത്ത് ജോലി നോക്കുന്നവരാണ് ഇവർ രണ്ടു പേരും. സഹായത്തിന് ആരുമില്ലാതെ കേസും കൂട്ടവുമായി നടക്കുന്നതിലെ പ്രയാസവും കുടുംബത്തിന്റെ പ്രാരബ്ധവും പറഞ്ഞാണ് വീട്ടുകാരെ കൊണ്ട് പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തുന്നത്.

വീട്ടുകാരെ സംബന്ധിച്ച് കേസ് പിൻവലിച്ച് ജൂവലറിക്കാർ നൽകുന്ന തുക കൈപ്പറ്റുന്നത് സാഹചര്യം നോക്കുമ്പോൾ ഗുണമായേക്കാം, എന്നാൽ തിരൂരിലെ ബോബി ചെമ്മണ്ണൂർ ജൂവലറിയിൽ വച്ച് ഇസ്മായിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യം വസ്തുതയായിരിക്കെ വീട്ടുകാർ കേസ് പിൻവലിച്ചാലും കേസ് നിലനിൽക്കുമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.