കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനിലെ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുമ്പോഴും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആത്മഹത്യയിലേക്കാണ് വിരൽചൂണ്ടുന്നത്.
ഇന്നലെ പുലർച്ചെ ഒന്നരമണിയോട് കൂടിയാണ് നൗഷീറയെ അബോധാവസ്ഥയിൽ ഭർതൃഗൃഹമായ പാറപ്പള്ളിയിലെ പള്ളിക്ക് പിറക് വശത്തെ വീട്ടിൽ നിന്നും ഭർത്താവും ഭർതൃമാതാവും അയൽവാസി യുവാവും ചേർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചത്.

യുവതിയുടെ നില ഗുരുതരമായതിനാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കിടപ്പ് മുറിയിലെ ഫാനിന്റെ ഹുക്കിൽ ഷാളിൽ കുരുക്കിട്ട് കെട്ടിത്തൂങ്ങിയ നൗഷീറയെ ഷാൾ അറുത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോകവെ മരണപ്പെട്ടതായാണ് ഭർത്താവും ഭർതൃമാതാവും പറയുന്നത്.

എന്നാൽ നാട്ടുകാർക്കും നൗഷീറയുടെ ബന്ധുക്കൾക്കും മരണത്തിൽ സംശയമുണ്ടായതിനെത്തുടർന്ന് മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുകയായിരുന്നു. 5 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് നാലും ഒരു വയസ്സുമുള്ള രണ്ട് പെൺകുട്ടികൾ ഉണ്ട്. ബുധനാഴ്‌ച്ച പകൽ പുറത്ത് പോയിരുന്ന നൗഷീറയും ഭർത്താവും കുട്ടികളും ഇന്നലെ പുലർച്ചെയോട് കൂടി പാറപ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.

തുടർന്ന് ഇരുനില വീടിന്റെ മുകൾ നിലയിലുള്ള കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായകുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് നൗഷീറ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തിയെന്നാണ് റസാഖ് പൊലീസിനോട് പറയുന്നത്. വാതിൽ പൊളിച്ച് ഫാനിന്റെ ഹുക്കിൽ കെട്ടിയ ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ താൻ ശ്രമിച്ചതാണെന്നും റസാഖ് പറഞ്ഞിരുന്നു. നൗഷീറയും ഭർത്താവും മക്കളും റസാഖിന്റെ മാതാപിതാക്കളുമാണ് വീട്ടിൽ താമസം.

നൗഷീറയുടെ സ്വന്തം വീട് പാണത്തൂരിലാണ്. അബുദാബിയിൽ ടൈലറിങ് ഷോപ്പ് നടത്തുന്ന റസാഖ് കോവിഡ് സാഹചര്യത്തിൽ 8 മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. പാറപ്പള്ളിയിലെ വീട്ടിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. അതേസമയം ഭർതൃമതിയായ അമ്പലത്തറ പാറപ്പള്ളിയിലെ നൗഷീറയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പാറപ്പള്ളി സ്വദേശി റസാഖിനെ 35, അമ്പലത്തറ പൊലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുതത്തിരുന്നത് കൂടുതൽ കിംവദന്തികൾ പ്രചരിക്കാൻ ഇടയായി, റസാഖിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ് റസാഖിന്റെ ഭാര്യ നൗഷീറ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് മരണം കെട്ടിത്തൂങ്ങിയാണെന്ന് വ്യക്തമായത്.

ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം സ്വന്തം നാടായ പാണത്തൂരിലെത്തിച്ച് പാണത്തൂർ ജമാഅത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യും. തൂങ്ങിമരണമാണെന്ന് വ്യക്തമായെങ്കിലും, നൗഷീറയുടെ മരണത്തിലെ ദുരൂഹതയ്ക്ക് പൂർണ്ണമായും പരിഹാരമായിട്ടില്ല. ആത്മഹത്യയാണെങ്കിൽ, യാത്ര കഴിഞ്ഞ് ഭർതൃഗൃഹത്തിലെത്തിയ ഉടൻ യുവതി എന്തിന് ജീവനൊടുക്കിയെന്ന ചോദ്യം അവശേഷിക്കുകയാണ്.

നൗഷീറയുടെ രണ്ട് പിഞ്ചുമക്കളും പാണത്തൂരിലെ വീട്ടുകാർക്കൊപ്പമാണി പ്പോഴുള്ളത്. അമ്പലത്തറ പൊലീസ് ഇൻസ്‌പെക്ടർ രാജീവൻ വലിയപൊയിൽ പരിയാരത്തെത്തി പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകിയ ഡോക്ടറിൽ നിന്നും മൊഴി രേഖപ്പെടുത്തി. നൗഷീറയുടെ മരണത്തിൽ വലിയ ദുരൂഹത ഉയർന്ന സാഹചര്യത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതിന് മുമ്പേ റസാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.