കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പ്രവാസി പ്രസാദിന്റെ ഭാര്യ ബി.കെ.സുശലയാണ് (39) മരിച്ചത്. കനറാബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ താൽക്കാലിക ജീവനക്കാരിയാണ് സുശല. ആളുകളിൽ നിന്നും പിരിച്ചെടുത്ത പണം ബിറ്റ്‌കോയിനിൽ നിക്ഷേപിച്ചിരുന്നുവെങ്കിലും സാങ്കേതിക പിഴവിൽ വൻതുക നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

പലരിൽ നിന്നും പണം വാങ്ങി ബിറ്റ് കോയിനിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നുള്ള വരുമാനം കിട്ടാതെയായപ്പോൾ അന്വേഷിച്ചപ്പോഴാണ് സാങ്കേതിക പിഴവിലൂടെ പണം നഷ്ടപ്പെട്ടതായി അറിയുന്നത്. ഏതാണ്ട് പത്ത് ലക്ഷത്തോളം രൂപ സുശലക്ക് ലഭിക്കാൻ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ പണം നൽകിയവർ തിരികെ ആവശ്യപ്പെട്ടുതുടങ്ങി.

വലിയ ലാഭം വാഗ്ദാനം ചെയ്തുകൊണ്ടാണ് ബിറ്റ് കോയിൻ എന്ന സാമ്പത്തിക ഇടപാടിൽ ആൾക്കാർ പണം നിക്ഷേപിക്കുന്നത്. ഇതു വഴി പലർക്കും വൻതുക നേരത്തെ തന്നെ നഷ്ടപ്പെട്ടതായി പരാതിയുണ്ട് . ഇതിനിടയിലാണ് നാലുദിവസം മുമ്പ് സുശല എലിവിഷം ജ്യൂസിൽ കലർത്തി കഴിച്ചത്. ഇതോടെ കടുത്ത വയറുവേദന അനുഭവപ്പെട്ട സുശലയെ ആശുപത്രിയിൽ കാണിക്കുകയും മരുന്ന് നൽകുകയും ചെയ്തു. ഇന്നലെ രാവിലെ അസുഖം മൂർച്ഛിക്കുകയായിരുന്നു.

മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയിലാണ് താൻ രണ്ടുദിവസം മുമ്പ് എലിവിഷം കഴിച്ചതായി ബന്ധുക്കളോട് വെളിപ്പെടുത്തിയത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സുശല മരണപ്പെട്ടിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് പരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷം ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി ഉച്ചകഴിഞ്ഞ് പോസ്റ്റുമോർട്ടം നടത്തും. നാളെ രാവിലെ 9 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്‌ക്കരിക്കും. മീനാപ്പീസ് കടപ്പുറത്തെ ബാലൻ-വിമല ദമ്പതികളുടെ മകളാണ് സുശല. മക്കൾ: അദ്വൈത് ( ക്രൈസ്റ്റ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ) , ആരവ് (കാഞ്ഞങ്ങാട് ദുർഗ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ) സഹോദരങ്ങൾ: സുജല, സുനില, സുജിത്ത് (ഗൾഫ്)