കൊല്ലം: മയ്യനാട് ഏഴാം ക്ലാസുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മയ്യനാട് ആലുംമൂട് സ്‌കൂളിന് സമീപം വടക്കേവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വാളത്തുംഗൽ സ്വദേശികളായ ശിവൻ -സുനിത ദമ്പതികളുടെ ഇളയ മകനായ 12 വയസുകാരൻ ശരത്ത് ആണ് മരിച്ചത്. വാളത്തുംഗൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശരത്ത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. ശരത്തിന്റെ അമ്മയും ചേട്ടനും ബാങ്കിൽ പോയി തിരികെ എത്തിയപ്പോഴാണ് ശരത്തിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിൽ നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

കൊല്ലം എ.സി.പി. ടി.ബി വിജയൻ, കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ.മാരായ സജീർ, പ്രവീൺ തുടങ്ങിയവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.