കരുനാഗപ്പള്ളി: വവ്വാക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡുകാരി ക്രിസ എസ്റ്റർ (52) ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്രിസ മാനസിക പ്രശനങ്ങൾക്ക് മരുന്നുകൾ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം ജൂണിലും അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തിരുന്നു. 2020 ജൂൺ 24ന് യുകെ സ്വദേശിനിയായ സ്റ്റെഫേഡ്സിയോന ആണ് മരിച്ചത്. വനിതയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് പൊലീസും ആശ്രമ അധികൃതരും അന്ന് അയിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സ്റ്റെഫേഡ്സിയോന കേരളത്തിലെത്തിയത്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണോടെ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്ന ഇവർ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.

ആദ്യം കായലിൽ ചാടി മരിക്കാനാണ് യുവതി ശ്രമിച്ചത്. എന്നാൽ പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് മരണം സംഭവിക്കുന്നത്. സ്റ്റെഫേഡ്സിയോന രണ്ടാമത് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോൾ എല്ലാവരും ഭജനയിലായിരുന്നു. മഠത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടിയാണ് സ്റ്റെഫേഡ്സിയോന ആത്മഹത്യ ചെയ്തത്