തളിപ്പറമ്പ്:പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ സ്വർണ്ണ പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് കാണാതായ അപ്രൈസറെ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് തൃച്ചംബരം എസ്.എൻ.ഡി.പി മന്ദിരത്തിനടുത്തെ തെക്കെവീട്ടിൽ രമേശനെ (53)നെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച്ച രാത്രിയോടെയാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ബാങ്കിലെ കോടികളുടെ പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് അധികൃതർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. അപ്രൈസറായ രമേശൻ, സ്വന്തമായി നിർമ്മിച്ച മുക്കുപണ്ടങ്ങൾ 916 മുദ്ര പതിപ്പിച്ച് പരിചയക്കാരായ നിരവധി പേരെ കൊണ്ട് ബാങ്കിൽ പണയം വെപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. അമ്പതിനായിരം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് പലരുടെയും പേരിൽ വായ്പയെടുത്തത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇതിന്റെ പലിശ അപ്രൈസർ തന്നെ അടക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബാങ്ക് മാനേജരുടെ ഫോൺ കോളുകൾ വന്നപ്പോഴാണ് ഓരോരുത്തരും തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായത്. തുടർന്ന് രമേശനെ അന്വേഷിച്ചു വെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു.

അതിനിടെ, തട്ടിപ്പ് മൂടി വെച്ച് പണം ഈടാക്കാൻ ബാങ്ക് അധികൃതർ നടത്തിയ ശ്രമം വിവാദമായിട്ടുണ്ട്. ഈ സംഭവം പുറത്തു വന്നതിന് ശേഷമാണ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. ഇതിൽ കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. ബാങ്കിലെ 25 ഇടപാടുകൾ പരിശോധിച്ചപ്പോൾ അതിൽ 16 ഇടപാടുകളിലും മുക്കുപണ്ടമാണ് പണയം വെച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കാനിരിക്കെയാണ് മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടത്.പരേതനായ നാരായണൻ - ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: സതി ' സഹോദരങ്ങൾ: ബാബുരാജ്, മഞ്ജുള, ജയസൂര്യ