തൃശൂർ: കോളേജ് അധികൃതരുടെ പീഡനത്തെ തുടർന്നു ജീവൻ ഒടുക്കിയ ജിഷ്ണു പ്രണോയിയുടേതെന്നു കരുതന്ന ആത്മഹത്യക്കുറിപ്പു കണ്ടെത്തി. പാമ്പാടി നെഹ്രു കോളേജ് ഹോസ്റ്റലിലെ കുളിമുറിയുടെ ഓവുചാലിൽ നിന്നാണു കത്തു കണ്ടെടുത്തത്.

രാവിലെ നടന്ന തെളിവെടുപ്പിലാണു കത്തു കണ്ടെടുത്തത്. 'എന്റെ ജീവിതവും സ്വപ്‌നങ്ങളും തകർന്നു'വെന്നു കത്തിൽ കുറിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണു കത്തു കണ്ടെത്തിയത്. 'ഐ ക്വിറ്റ്' എന്നെഴുതി വെട്ടിയിട്ടുമുണ്ടു കത്തിൽ.

നെഹ്രു കോളേജ് ഹോസ്റ്റലിൽ ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ മുറിയിലെ കുളിമുറിക്കരികിലെ ഓവു ചാലിൽ നിന്നാണു കത്തു കണ്ടെടുത്തത്. കത്ത് ജിഷ്ണുവിന്റേതു തന്നെയാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, കത്തു കണ്ടെത്തിയതിലും ദുരൂഹത നിഴലിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ തന്നെ പ്രാദേശിക പൊലീസ് സംഘം ഈ സ്ഥലം വിശദമായി പരിശോധിച്ചിരുന്നതാണ്. എന്നാൽ കത്തു കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നു കത്തിനു പുറമെ ജിഷ്ണുവിന്റെ അവധിക്കുള്ള അപേക്ഷയും കണ്ടെടുത്തിട്ടുണ്ട്. ഇതിലും തീയതി ഉണ്ടായിരുന്നില്ല. ഇതെല്ലാം ദുരൂഹത അവശേഷിപ്പിക്കുന്നുണ്ട്.

അതിനിടെ, ആരോപണവിധേയനായ അന്വേഷണ ഉദ്യോഗസ്ഥൻ ബിജു കെ സ്റ്റീഫനെ മാറ്റി ജിഷ്ണു കേസ് അന്വേഷണത്തിനു പുതിയ സംഘത്തെ നിയോഗിച്ചു ഡിവൈഎസ്‌പി ബിജു കെ സ്റ്റീഫനു പകരം ഇരിങ്ങാലക്കുട എഎസ്‌പി കിരൺ നാരായണനാണ് അന്വേഷണത്തിന്റെ ചുമതല.

ഒരാഴ്ച മുമ്പ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബിജു കെ സ്റ്റീഫനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉത്തരവ് ഇറങ്ങാത്തതിനെ തുടർന്നാണ് ബിജു സർവീസിൽ തുടർന്നത്. ഇന്നലെയാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. സസ്‌പെൻഷൻ ഉത്തരവു ലഭിക്കാത്തതിനാൽ ബിജു അന്വേഷണസംഘത്തിൽ ഉൾപ്പെടുകയായിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഡിജിപി നേരിട്ട് സർക്കുലർ ഇറക്കിയത്. ഐപിഎസ് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കട്ടെയെന്നതിനാലാണ് അന്വേഷണം ഇരിങ്ങാലക്കുട എസ്‌പിക്കു കൈമാറിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ആത്മഹത്യക്കുറിപ്പു മാനേജ്‌മെന്റിന്റെ കെട്ടുകഥയെന്നു ബന്ധുക്കൾ

ജിഷ്ണുവിന്റെ പേരിൽ കണ്ടെത്തിയെന്നു പറയുന്ന ആത്മഹത്യക്കുറിപ്പു മാനേജ്‌മെന്റിന്റെ കെട്ടുകഥയെന്നു ബന്ധുക്കൾ. പൊലീസ് പരിശോധന നടത്തി സീൽ ചെയ്ത റൂമിനു സമീപത്തെ ചാലിൽ നിന്നു കത്തു കിട്ടിയെന്നു പറയുന്നതു വിശ്വസനീയമല്ല. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷ്ണു ഒരു കത്തെഴുതി വയ്ക്കുമെന്നതു വിശ്വസിക്കാൻ കഴിയില്ല. കേസ് അട്ടിമറിക്കാൻ സജീവ ശ്രമം നടക്കുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.