- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസനെയും കുടുംബത്തെയും ആത്മഹത്യയിലേക്കു നയിച്ചത് കല്യാണുമായുള്ള സ്വർണ ഇടപാട്; ബ്ലേഡുകാരൻ ഭീഷണിപ്പെടുത്തിയപ്പോൾ സ്വർണം തിരിമറി നടത്തി; ജുവലറിയിൽനിന്നു ഭീഷണി ഫോൺകോൾ എത്തിയപ്പോൾ ജീവനൊടുക്കി
പാലക്കാട്: സാമ്പത്തിക ബാധ്യതയെ തുടർന്ന് ബ്ലേഡുകാരുടെയും വൻകിട സ്വർണവ്യാപാര സ്ഥാപനത്തിൽ നിന്നുമുള്ള ഭീഷണിക്കുമുന്നിൽ കഴിഞ്ഞദിവസം പൊലിഞ്ഞത് പട്ടിക്കര പള്ളിത്തെരുവിൽ വീട്ടിലെ നാല് ജീവനുകളാണ്. ഓപ്പറേഷൻ കുബേര ഘട്ടങ്ങൾ പിന്നിടുമ്പോഴും ബ്ലേഡുകാരുടെയും മുതലാളിമാരുടെയും കടക്കെണിയിൽപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം ക
പാലക്കാട്: സാമ്പത്തിക ബാധ്യതയെ തുടർന്ന് ബ്ലേഡുകാരുടെയും വൻകിട സ്വർണവ്യാപാര സ്ഥാപനത്തിൽ നിന്നുമുള്ള ഭീഷണിക്കുമുന്നിൽ കഴിഞ്ഞദിവസം പൊലിഞ്ഞത് പട്ടിക്കര പള്ളിത്തെരുവിൽ വീട്ടിലെ നാല് ജീവനുകളാണ്. ഓപ്പറേഷൻ കുബേര ഘട്ടങ്ങൾ പിന്നിടുമ്പോഴും ബ്ലേഡുകാരുടെയും മുതലാളിമാരുടെയും കടക്കെണിയിൽപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ മരണവും.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പാലക്കാട് പള്ളിത്തെരുവിൽ ഗുരുവായൂരപ്പന്റെ മകനും സ്വർണാഭരണ തൊഴിലാളയുമായ ശ്രീനിവാസൻ(41), ഭാര്യ മണിമുകിൽ(32), മക്കളായ നാല് വയസുകാരി വൈഷ്ണവ് രണ്ടു വയസുകാരൻ ദേനന്ദൻ എന്നിവരെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ശ്രീനിവാസനും മകൻ ദേവാനന്ദനും മുറിയിലെ കട്ടിലിന്മേലും ഭാര്യ മണിമുകിലും വൈഷ്ണവിയെയും താഴെ കിടക്കയിലുമാണ് മരിച്ച നിലയിലായി കണ്ടെത്തിയത്. രാവിലെ ആറിന് മുമ്പായി പതിവായി ഏഴുന്നേൽക്കാറുള്ള ശ്രീനിവാസൻ ഏഴ് കഴിഞ്ഞിട്ടും കിടപ്പുമുറി അടഞ്ഞു കിടന്നത് കണ്ടതിനെ തുടർന്ന് ശ്രീനിവാസന്റെ സഹോദരൻ ഭൈരവൻ മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കട്ടിലിലും താഴെയുമായി കുടുംബാംഗങ്ങൾ മരിച്ച നിലയിൽ കാണുന്നത്.
തുടർന്ന് സഹോദരനും നാട്ടുകാരും ചേർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച അർധ രാത്രിയോടെയാണ് സംഭവം. ശീതളപാനീയത്തിൽ വിഷം കലർത്തി കുട്ടികൾക്ക് നൽകിയ ശേഷം മാതാപിതാക്കൾ കഴിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ശ്രീനിവാസൻ ഒരിക്കലും ആത്മഹത്യക്ക് മുതിരുന്ന ആളല്ലെന്നും നഗരത്തിലെ പ്രമുഖ സ്വർണ വ്യാപാര കേന്ദ്രമായ കല്ല്യാൺ
ജൂവലറിയിൽ നിന്നും പണികഴിച്ച 36ഗ്രം സ്വർണം നൽകാത്തതിന്റെ പേരിൽ ഫോണിൽ വിളിച്ച് ശ്രീനിവാസനെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും കൂട്ടുകാരൻ മണികണ്ഠനും പൊലീസിൽ മൊഴിനൽകി. പൊലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി തുടർന്ന് കുന്നുംപുറം സ്മശാനത്തിൽ സംസ്‌കരിച്ചു.
ശ്രീനിവാസന്റെ സഹോദരൻ ഭൈരവൻ നൽകിയ പരാതിന്മേൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് ക്രൈം നമ്പർ 1377/14 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ശ്രീനിവാസന് വന്ന ഭീഷണിഫോൺ കോളുകളും ബ്ലേഡുകാരുടെ പങ്കും അന്വേഷിക്കുമെന്നും ടൗൺനോർത്ത് സി.ഐ ആർ ഹരിപ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു. നല്ല സുഹൃത്തിനെ നഷ്ടപ്പെട്ട നടുക്കത്തിലാണ് ശ്രീനിവാസന്റെ കൂട്ടുകാരനും അയൽവാസിയുമായ മണികണ്ഠൻ. സ്വർണപ്പണിക്കാരനായി ശ്രീനിവാസനൊപ്പം ജോലിചെയ്യുകയും ഇപ്പോൾ പാലക്കാട്ട് ഓട്ടോഡ്രൈവറുമായ മണികണ്ഠൻ സംഭവത്തെകുറിച്ച് മറുനാടൻ മലയാളിയോട് പങ്കുവച്ചതിങ്ങനെ:
കടബാധ്യത കാരണമുണ്ടായ മാനസിക ഞെരുക്കത്തിലാണ് അവൻ ഇങ്ങനെ ചെയ്തത്. വീടിനോട് ചേർന്ന് അച്ഛന്റെ സ്വർണപ്പണി കടയിൽ വച്ചാണ് ടൗണിലെ കല്ല്യാൺ ജൂവലറിയിലേക്ക് ഓർഡറിനനുസരിച്ച് സ്വർണപണി നടത്തിയിരുന്നത്. അവരുടെ 36 ഗ്രാം ശ്രീനിവാസന്റെ അടുത്ത് പണിയാൻ വേണ്ടി കൊടുത്തിരുന്നു. അപ്പോഴാണ് ഒറ്റപ്പാലം വാണിയം കുളത്തുള്ള പണം പലിശയ്ക്ക് നൽകുന്ന ജഗദീഷിൽ നിന്നും മൂന്ന് ലക്ഷം രൂപ ശ്രീനിവാസൻ പലിശക്കെടുത്തിരുന്നത് തിരിച്ചടവിനായി അവർ ബുദ്ധിമുട്ടിച്ചത്. അങ്ങനെയാണ് പലിശക്കെടുത്ത പണത്തിന്റെ തിരിച്ചടവിനായി കല്ല്യാൺ ജൂവലറിയിൽ പണിത് നൽകേണ്ടിയിരുന്ന സ്വർണം ഉരുക്കി വിൽക്കുന്നത്. സ്ഥിരമായി കല്ല്യാൺ ജൂവലറിയിലേക്ക് സ്വർണപ്പണി ചെയ്യുന്ന ആളാണ് ശ്രീനിവാസൻ. എടുത്ത സ്വർണത്തിന് കല്ല്യാൺ അധികൃതരോട് എട്ട് മാസത്തെ കാലാവധി ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവർ ഒരു സാവകാശവും നൽകിയില്ല. അവന്റെ അമ്മ രുഗ്മണിയുമായി മാസങ്ങൾ ആശുപത്രിയിൽ കിടന്നതാണ് ഇത്രയും കടക്കാരനാക്കിയത്. ശ്രീനിവാസനാണ് വീട്ടിലെ പ്രധാന വരുമാനം.
ഇവൻ ആരോടും വിഷമം കൂടുതൽ പറയാത്തയാളാണ്. മരിക്കുന്നതിന്റെ തലേദിവസം ശനിയാഴ്ച രാത്രി പത്തു മണി വരെ എന്നോട് ഈ വിഷയങ്ങളൊക്കെ പറഞ്ഞിരുന്നു. പക്ഷെ, അപ്പോഴൊന്നും വലിയ ടെൻഷൻ കാണിച്ചിരുന്നില്ല. രണ്ട് ദിവസം മുമ്പ് കല്ല്യാൺ ജൂവലറിയിൽ നിന്നും സ്വർണം തിരിച്ചു നൽകാൻ വിളിച്ചിരുന്നു. അപ്പോൾ ഫോൺ വീട്ടിലായതുകൊണ്ട് ഭാര്യയാണ് എടുത്തിരുന്നത്. അവരുമായിട്ടുള്ള ഇടപാട് സെറ്റിൽമെന്റ് ചെയ്തില്ലെങ്കിൽ വീട്ടിലേക്ക് വന്ന് പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു സ്വർണക്കടക്കാർ പറഞ്ഞിരുന്നത്.
പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായി ജൂവലറിക്കാരെ നേരിൽ കാണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് ഞങ്ങൽ പിരിഞ്ഞതായിരുന്നു പിന്നീട് നേരം പുലർന്നപ്പോൾ കേട്ടത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ വയ്യ. അച്ഛനമ്മയോ നാട്ടുകാരോ സ്വർണക്കടക്കാർ വന്ന് പ്രശ്‌നമുണ്ടാക്കുന്നത് അറിഞ്ഞാലുള്ള മാനസിക പ്രയാസമാണ് ഇവൻ ഇങ്ങനെ ചെയ്തതെന്ന് ഉറപ്പാണ്. കാരണം നല്ലൊരു കുടുംബമാണ് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നാട്ടുകാർക്കെല്ലാം ശ്രീനിവാസനെ കുറിച്ച് നല്ല അഭിപ്രായമാണ്. എനിക്ക് ഇത്രയും നല്ല സുഹൃത്തിനെ ഇനി കിട്ടില്ല. അത്രയും സ്‌നേഹമുള്ള മനുഷ്യനാണ് ശ്രീനിവാസൻ. കേസുമായി മുന്നോട്ടു പോകാനാണ് വീട്ടുകാരുടെ തീരുമാനം കടത്തിന്റെ പേരിൽ നാളെ ഒരു കുടുംബത്തിലും ഈ ഗതിയുണ്ടാവരുത്.