തിരുവനന്തപുരം: 'ജീവിക്കാൻ വേണ്ടി ജീവിച്ചവനായിരുന്നു, അവൻ ഇങ്ങനെ ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ തീരെ അങ്ങോട്ട് പറ്റണില്ല' മേലുദ്യോഗസ്ഥന്മാരുടെ സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്ത എറണാകുളം നോർത്ത് സബ് ഇൻസ്പെക്ടർ ടി ഗോപകുമാറിന്റെ മൃതദേഹം ജനമസ്ഥലമായ തിരുവനന്തപുരം വിളപ്പിൽശാല വാഴവിളാകത്തെ കുടുംബവീട്ടിൽ എത്തിച്ചപ്പോൾ അവസാനമായി ഗോപനെ കാണാനെത്തിയ അയൽവാസികൾ മൃതദേഹം കണ്ട ശേഷം കണ്ണീരോടെ പറഞ്ഞ വാക്കുകാളാണിത്. അതെ തങ്ങളുടെ കൺമുന്നിൽ പഠിച്ച് വളർന്ന സർക്കാർ ജോലി സമ്പാദിക്കണമെന്ന തന്റെ വാശി പല തവണ വിജയിച്ച് തെളിയിച്ച് ഗോപകുമാർ ഇന്ന് തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും കഴിയുന്നില്ല. നെടുവീർപ്പോടെ മാത്രമാണ് മിക്കവാറും എല്ലാവരും ഗോപന്റെ തറവാട്ട് വീട്ടിൽ നിന്നും മടങ്ങിയത്. ഗോപന്റെ ആത്മഹത്യക്ക് കാരണക്കാരായ പൊലീസുകാരെ നാട്ടുകാർ ശപിക്കുന്നതും കാണാമായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ആത്മഹത്യ ചെയ്ത സബ് ഇൻസ്പെക്ടർ ഗോപകുമാറിന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെയാണ് ജന്മനാടായ തിരുവനന്തപുരത്ത് എത്തിച്ചത്.കുടുംബ വീട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂറോളം അവിടെ പൊതുദർശനത്തിന് വെച്ച ശേഷം ഭാര്യയുടെ വീടായ ഊരുട്ടമ്പലത്തേക്ക് കൊണ്ട് പോയി. സംസ്ഥാന സർക്കാരിന്റേയും പൊലീസ് വകുപ്പിന്റേയും പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഗോപകുമാറിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്. ഇന്ന് രാവിലെ തന്നെ ശവശരീരം കളമശ്ശേരി സഹകരണ മെഡിക്കൽകോളേജിൽ പോസ്റ്റ് മാർട്ടത്തിന് വിധേയമാക്കിയ ശേഷം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു. ഉച്ചയോടെ കൊച്ചിയിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം ആറ് മണിയോടെയാണ് വാഴവിളാകത്തെ കുടുംബവീട്ടിൽ എത്തിയത്.

ഗോപകുമാറിന്റെ മരണവാർത്തയറിഞ്ഞ് രാവിലെ മുതൽ തന്നെ നാട്ടുകാരും സമീപവാസികളും കുടുംബ വീട്ടിലേക്ക് എത്തിയിരുന്നു. 10 മിനിറ്റ് മാത്രമാണ് ശവശരീരം കുടുംബവീട്ടിന് മുന്നിൽ പൊതുദർശനത്തിന് വെക്കാനുദ്ദേശിച്ചതെങ്കിലും ജനതിരക്ക് കാരണം അരമണിക്കൂറോളം വേണ്ടി വന്നു.ഗോപകുമാറിന്റെ ബാല്യകാല സുഹൃത്തുക്കൾ മുതലുള്ളവർ സന്നിഹിതരായിരുന്നു. പൊലീസ് ഫോാഴ്സിൽ ജോലി ചെയ്യുക എന്നത് ചെറുപ്പം മുതലുള്ള ഒരു സ്വപ്നമായിരുന്നു ഗോപന്, ആ ജോലി തന്നെ ഇപ്പോ അവനെ അങ്ങ് കൊണ്ട് പോയത് ഓർക്കുമ്പോൾ തന്നെ അവന്റെ മുഖം മനസ്സിൽ നിന്ന് മാറുന്നില്ലെന്ന് ഒരു സുഹൃത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.സ്ഥലം എംഎൽഎ ഐ.ബി സതീഷ് ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തി.

അരമണിക്കൂറോളം കുടുംബ വീട്ടിൽ പൊതുദർശനത്തിന് ശേമാണ് ഭാര്യ സൗമ്യയുടെ വീടായ ഊരുട്ടമ്പലത്തേക്ക് കൊണ്ട് പോയത്. അവിടെയും നാട്ടുകാരുടെ വൻ ജനാവലിയാണ് ഗോപകുമാറിനെ അവസാനമായി കാണാൻ കാത്ത് നിന്നത്. പൊലീസ് ഫാേഴ്സിൽ നിന്നും മറ്റുമായി നൂറ് കണക്കിന് പൊലീസുകാരാണ് സ്ഥലതെത്തിയത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഭാര്യ സൗമ്യയുടെയ കരച്ചിലകറ്റാൻ ബന്ധുക്കൾ നന്നായി പരിശ്രമിച്ചു. ഭാര്യ വീട്ടിന് ചേർന്നുള്ള പുരയിടത്തിലാണ് ഗോപകുമാറിന് ചിതയൊരുക്കിയത്. പഠനകാലം മുതൽ തന്നെ മിടുക്കനായിരുന്ന ഗോപകുമാറിനെ കുറിച്ച് ആർക്കും മോശമായ ഒരു അഭിപ്രായമില്ല.

പൂർണമായി ലക്ഷ്യബോധവും ആ ലക്ഷ്യത്തിന് വേണ്ടി അശ്രാന്ത പരിശ്രമവും എന്നതായിരുന്നു ഗോപന്റെ ശൈലി. സർക്കാർ ജോലി സ്വപ്നമായി മാചതത്രം ഒതുക്കാതെ അതിന് വേണ്ടി അഹോരാത്രം പണിയെടുത്തപ്പോൾ 8 പിഎസ്‌സി പരീക്ഷകളിലാണ് ഗോപകുമാർ വിജയിച്ച് കയറിയത്. കൃഷി ഓഫീസർ ഉൾപ്പടെയുള്ള തസ്ഥികയിലേക്ക് വിജയിച്ച് കയറിയെങ്കിലും പൊലീസ് സംബന്ധമായ സ്വപ്നം അവശേഷിച്ചിരുന്നതുകൊണ്ട് മനഃപൂർവ്വം മറ്റ് പല സർക്കാർ ജോലികളും ഗോപകുമാർ വേണ്ടെന്ന് വയ്കുകയായിരുന്നു. മിടുക്കനായിരുന്നു അവൻ, ഇന്നലെ അങ്ങനെ ഒരു അബദ്ധം കാണിക്കുന്നത് വരെ മിടുമിടുക്കനായിരുന്നു അവൻ ഒരു ബന്ധുവിന്റെ വാക്കുകളാണ് ഇത്.

മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം കൊണ്ടാണ് താൻ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന എറണാകുളം നോർത്ത് സ്റ്റേഷൻ എസ്‌ഐ ഗോപകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. തന്റെ മരണത്തിന് ഉത്തരവാദികൾ എസ്.ഐ ബിപിൻദാസും സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജെ പീറ്ററുമാണെന്നാണ് ഗോപകുമാർ എഴുതിയിരിക്കുന്നത്. തന്റെ അമ്മയ്ക്കും,ഭാര്യ സൗമ്യയ്ക്കും മക്കൾക്കുമായാണ് കത്ത് എഴുതിയിരിക്കുന്നത്.അടുത്തിടെയായി താൻ ഔദ്യോഗിക ജീവിതത്തിൽ താങ്ങാനാവാത്ത വിധം മാനസികസമ്മർദ്ദത്തിലാണ്. നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ജെ.പീറ്റർ, എസ്‌ഐ ബിപിൻ ദാസ് എന്നിവർ ചേർന്ന് തന്നെ മാനസികമായി തുടർന്ന് ജീവിക്കുവാൻ കഴിയാത്ത വിധം അതീവ സമ്മർദ്ദത്തിലാഴ്‌ത്തുകയാണ്.

മേൽ ഉദ്യോഗസ്ഥരുടെ കീഴിൽ തനിക്കിനി ജോലി തുടർന്ന് പോകാനാവില്ല.തുടർന്ന് മറ്റൊരിടത്തേക്കും തനിക്ക് പോകാൻ വയ്യ. മരണം മാത്രമാണ് ആശ്രയം. തന്റെ മക്കളെ അവസാനമായി ഒന്നുകാണാൻ കഴിഞ്ഞില്ലെന്ന ദു:കം മാത്രം അവശേഷിക്കുന്നുവെന്നും ഗോപകുമാർ തന്റെ കുറിപ്പിൽ പറയുന്നു.തന്റെ ഇൻക്വസ്റ്റ് ജബ്ബാർ സാറിനെക്കൊണ്ട് ചെയ്യിക്കണമെന്നും പീറ്ററിനെയും വിബിൻ ദാസിനെയും തന്റെ മൃദദേഹം കാണാൻ കൂടി അനുവദിക്കരുതെന്നും് നോർത്ത് സ്റ്റേഷനിലെ സഹപ്രവർത്തകരോടായി ഗോപകുമാർ കുറിപ്പിൽ പറയുന്നുണ്ട്. ഞായറാഴ്ച ഉച്ചയോടെ നോർത്ത് റെയിൽവേ സ്റ്റേഷന് സമീത്തെ ലോഡ്ജ് മുറിയിലാണ് ഗോപകുമാറിനെ യൂണിഫോമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ വിളിച്ചിട്ട് ഫോൺ എടുക്കാതെ വന്നതോടെ ഭാര്യയാണ് നോർത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചന്വേഷിച്ചത്. പിന്നീട് ഇവിടെ നിന്ന് രണ്ട് പൊലീസുകാർ ലോഡ്ജിലെത്തി മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതേ തുടർന്ന് പുറകുവശത്തെ വാതിലിൽ കൂടി അകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വാതിൽ പൊളിച്ച് അകത്തുകടന്നെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.ഒരാഴ്ചയായി ഗോപകുമാറിന് തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ഡ്യൂട്ടി. എല്ലാ ദിവസവും ഡ്യൂട്ടിക്ക് ശേഷം ഇദ്ദേഹം നോർത്ത് സ്റ്റേഷനിൽ എത്താറുണ്ടായിരുന്നു. എന്നാൽ, ശനിയാഴ്ച ഡ്യൂട്ടിക്ക് സ്റ്റേഷനിൽ പോയിരുന്നില്ല. ഡ്യൂട്ടിക്ക് ശേഷം ലോഡ്ജിലേക്ക് പോയിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു. ഞായറാഴ്ച രാവിലെയും സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിലും തൃപ്പൂണിത്തുറയ്ക്ക് പോയിരിക്കുമെന്നാണ് കരുതിയിരുന്നത്.

കഴിഞ്ഞ മേയിലാണ് ഗോപകുമാർ നോർത്ത് സ്റ്റേഷനിൽ എത്തുന്നത്. ഇതിനുമുമ്പ് എക്‌സൈസിൽ പ്രിവന്റീവ് ഓഫീസറായിരുന്നു. ഭാര്യ: വിജിത വി.ജി. (സൗമ്യ). നന്ദഗോപൻ, അനന്തഗോപൻ എന്നിവരാണ് മക്കൾ. തിരുവനന്തപുരത്ത് നിന്ന് ബന്ധുക്കൾ എത്താൻ വൈകിയതിനാൽ മൃതദേഹം കണ്ടെത്തി 12 മണിക്കൂറിന് ശേഷമാണ് ഇൻക്വസ്റ്റ് നടപടികൾക്കായി താഴെയിറക്കിയത്. സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്ന് പുതുതായി ചുമതലയേറ്റ കൊച്ചി ഐജി വിജയ് സാഖറെ പറഞ്ഞു. ഡിസിപി അഡ്‌മിനിസ്‌ട്രേഷൻ പ്രേംകുമാർ നേരിട്ടാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഈ മാസം ജില്ലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ഗോപകുമാർ. ജനുവരി നാലിന് കടവന്ത്ര പൊലീസ് സ്റ്റേഷൻ വളപ്പിൽ എഎസ്‌ഐ പി.എം. തോമസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തോമസ് പ്രതിയായ കേസ് കോടതി വിചാരണ ചെയ്യാനിരിക്കെയായിരുന്നു ആത്മഹത്യ.