കൊല്ലം: പുനലൂരിലെ പ്ലസ്‌വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച് ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ സുജിത്തിന് കാമുക ഭാവം വെടിയാനായില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങി മാസങ്ങൾ കഴിയും മുമ്പ് മണിയാർ കാവ് കേളൻ കാവ് ആർ.പി എൽ ക്വാട്ടേഴ്‌സിലെ സുജിത്ത്(24) അടുത്ത +1 വിദ്യാർത്ഥിനിയെ വലയിലാക്കി. 16കാരിയായ +1 വിദ്യാർത്ഥിനി എളുപ്പത്തിൽ സുജിത്തിന്റെ പാട്ടിലായി. എപ്പോഴും ഫോണിൽ സംസാരിച്ച് കൊണ്ടിരുന്നതിന് മാതാപിതാക്കൾ പെൺകുട്ടിയെ വഴക്ക് പറഞ്ഞു. ഇത് സജിത്തിന് പദ്ധതിയാവിഷ്‌കരിക്കാൻ കരുത്തായി. അങ്ങനെ ആ പ്ലസ് വണ്ണുകാരി സുജിത്തിനൊപ്പം ഇറങ്ങുകയായിരുന്നു. പിന്നെ ദൃശ്യം സിനിമയെ അനുകരിച്ച് സുജിത് തന്ത്രങ്ങൾ ഒരുക്കി.

പ്‌ളാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളാണ് സുജിത്തിന്റെ ശ്രീലങ്കൻ തമിഴ് വംശജരായ അച്ഛനമ്മമാർ. ശ്രീലങ്കൻ അഭയാർത്ഥികളായ ഇവർ വീട്ടിൽ തമിഴാണ് സംസാരിക്കുന്നത്. ഒരു സഹോദരിയെ തമിഴ്‌നാട്ടിലേയ്ക്കാണ് വിവാഹം ചെയ്തയച്ചത്. ഓട്ടോറിക്ഷയോടിക്കലാണ് സുജിത്തിന്റെ തൊഴിൽ. ഇടയ്ക്കിടെ തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ പച്ചക്കറി കൊണ്ടുവന്ന് വിൽപ്പന നടത്തുകയും ചെയ്യും. തമിഴ്‌നാട് ബന്ധം അങ്ങനെ തുടങ്ങിയതാണ്. വിളക്കുമാടത്തെ പെൺകുട്ടിയുടെ അമ്മ ഇപ്പോൾ ഗൾഫിലാണുള്ളത്. പിതാവ് നാട്ടിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്നു. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമാണ് പ്‌ളസ്‌വണ്ണിന് പഠിക്കുന്ന പെൺകുട്ടി താമസിക്കുന്നത്. അതിനിടെയാണ് സുജിത്തിന്റെ പ്രേമക്കുരുക്കിൽ വീണതും വീട് വിട്ടിറങ്ങിയതും. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ സ്വന്തം ഇഷ്ടപ്രകാരം പോയതെന്ന് പറഞ്ഞ് കാമുകനെ കേസിൽ നിന്ന് രക്ഷിക്കാനും കഴിയില്ല.

തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന് മടങ്ങി പോയ ലോറിയിൽ സുജിത്ത് തന്റെ മൊബൈൽ ഫോൺ ഉപേക്ഷിക്കുകയായിരുന്നു. പൊലീസാകട്ടെ മൊബൈൽ ഫോണിന്റെ സിഗ്‌നൽ പിന്തുടർന്ന് തമിഴ്‌നാട്ടിലേക്കു പോയി. തമിഴ്‌നാട്ടിലെ ഗ്രാമങ്ങൾ പൊലീസ് കയറി ഇറങ്ങിയപ്പോൾ കൊല്ലത്ത് പെൺകുട്ടിയുമായി അടിച്ചുപൊളിക്കുകയായിരുന്നു സുജിത്. ഇതിനിടെയിൽ കല്ല്യാണം കഴിക്കാനും ശ്രമം നടന്നു. അത് പൊളിഞ്ഞപ്പോൾ കള്ളി വെളിച്ചത്തുമായി. പൊന്നാനിയിൽ ഒരു പള്ളിയിലെത്തിയപ്പോൾ അധികാരികൾ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ സുജിത്തിനായില്ല. തുടർന്ന് പള്ളി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരകൾ ഇരുവരും പ്രായപൂർത്തിയാകാത്തവർ ആയതിനാൽ തട്ടിക്കൊണ്ട് പോകൽ, തടഞ്ഞു വയ്ക്കൽ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് സുജിത്തിന്റെ പേരിൽ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പച്ചക്കറി ലോറിയിൽ മൊബൈൽ എറിഞ്ഞ സുജിത്തിന്റെ തന്ത്രം ഫലിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഈ ലോറി പോയ സ്ഥലങ്ങളിലെല്ലാം അലഞ്ഞ പൊലീസ് ഒടുവിൽ ആലംകുളം സ്റ്റേഷനിലെത്തിയപ്പോഴാണ് സുജിത്തും പെൺകുട്ടിയും പൊന്നാനിയിലുണ്ടെന്നറിഞ്ഞത്. തുടർന്നാണ് അഞ്ചൽ പൊലീസ് സുജിത്തിനെയും പെൺകുട്ടിയെയും പൊക്കിയത്. പെൺകുട്ടി ഇപ്പോൾ അച്ഛനമ്മമാർക്കൊപ്പം കഴിയുന്നു. സുജിത്ത് ജയിലിലും. വീടുവിട്ടിറങ്ങിയ പെൺകുട്ടിയെയും കൊണ്ട് സുജിത്ത് ആദ്യം കുറേ ദിവസം താമസിച്ചത് ചാത്തന്നൂരിലെ സുഹൃത്തിന്റെ വീട്ടിലാണ്. അവിടെ കുറേദിവസം തങ്ങി നേരെ പാലക്കാട്ടേക്ക് വണ്ടി കയറി. അവിടെ നിന്ന് നേരെ മാർത്താണ്ഡത്തെത്തി. അവിടെ നിന്നാണ് മതം മാറാനുള്ള ലക്ഷ്യം വച്ച് പൊന്നാനിയിലെത്തിയത്. മതം മാറിയ ശേഷം കല്ല്യാണമായിരുന്നു ലക്ഷ്യം.

വിളക്കുമാടത്തെ പെൺകുട്ടിയുടെ കേസിൽ പൊലീസ് ജയിലിൽ നിന്ന് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്താനിരിക്കുകയാണ്. രണ്ടു കേസുകളിലെയും ഇരകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായതിനാൽ തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, ബലാൽസംഗം എന്നിങ്ങനെയുള്ള കുറ്റമാണ് ചുമത്തുകയെന്ന് പൊലീസ് പറഞ്ഞു.