പത്തനംതിട്ട : ചാക്കോ വധക്കേസിൽ മൂന്നു പതിറ്റാണ്ടിലേറെയായി കേരളാ പൊലീസ് തെരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയിൽ സുരക്ഷിതനെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ് എന്ന മുസ്തഫയ്ക്ക് ഇപ്പോൾ 72 വയസ്. മദീനയിലെ ഒരു മുസ്ലിം പള്ളിയിൽ ഖത്തീബിനെ മതകാര്യങ്ങളിൽ സഹായിച്ചു കഴിയുന്ന കുറുപ്പിന് നാട്ടിലേക്കു മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും നിയമക്കുരുക്കു ഭയന്ന് ശിഷ്ടകാലം സൗദിയിൽ തുടരാനാണു തീരുമാനമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. മംഗളത്തിന്റെ പത്തനംതിട്ട ബ്യൂറോ ചീഫ് സജിത് പരമേശ്വരന്റേതാണ് റിപ്പോർട്ട്. സുകുമാരക്കുറുപ്പിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന പൊലീസ് നിലപാടിനിടെയാണ് ഈ വാർത്ത പുറത്തുവരുന്നത്.

സൗദിയിലെ അൽ-ഖസീമിൽ ഏറെക്കാലം ചെലവഴിച്ച കുറുപ്പ് കഴിഞ്ഞ മൂന്നുവർഷമായി മദീനയിലാണു താമസം. സുകുമാരക്കുറുപ്പ് ഗൾഫ് രാജ്യങ്ങളിൽ എവിടെയോ ഒളിവിൽ കഴിയുന്നതായി കേരളാ പൊലീസിനു മുമ്പേ സൂചന ലഭിച്ചിരുന്നെങ്കിലും രാജ്യാന്തര അന്വേഷണസംഘമായ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടാൻ യാതൊരു ശ്രമവും നടത്തിയില്ല. മൂന്നു പതിറ്റാണ്ടിനിടെ, പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായമായി മാറിയ സുകുമാരക്കുറുപ്പ് കേരളീയസമൂഹത്തിൽ ഒരു 'മിത്താ'യി മാറിയിരുന്നു. ഇയാളെ പലയിടത്തും കണ്ടതായി പൊടിപ്പും തൊങ്ങലും കലർന്ന കഥകൾ നാട്ടിൽ പ്രചരിച്ചു. എന്നാൽ, നിരന്തര അന്വേഷണങ്ങൾക്കൊടുവിൽ അതെല്ലാം കെട്ടുകഥകളാണെന്നു കണ്ടെത്തി നിരാശപ്പെടാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിധി. ഇതു സംബന്ധിച്ചു 'മംഗളം' നടത്തിയ അന്വേഷണത്തിലാണു കുറുപ്പ് സൗദിയിലെ മദീനയിലുണ്ടെന്ന വ്യക്തമായ വിവരം ചില ബന്ധുക്കളിൽനിന്നു ലഭിച്ചത്. എന്നാൽ അവരാരും കഴിഞ്ഞ 33 വർഷമായി കുറുപ്പിനെ നേരിൽ കണ്ടിട്ടില്ല.

സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മ(63)യും രണ്ടു മക്കളും ഇപ്പോൾ കുവൈത്തിലാണു താമസം. ഇവർ കുവൈത്തിൽ താമസമുറപ്പിക്കാനുള്ള കാരണം തേടിയപ്പോഴാണു കുറുപ്പ് ഗൾഫ് രാജ്യങ്ങളിൽ എവിടെയെങ്കിലും ഉണ്ടാകുമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിച്ചേർന്നത്. അബുദാബിയിൽ കുറുപ്പിനൊപ്പമുണ്ടായിരുന്ന സരസമ്മ അവിടെ നഴ്സായിരുന്നു. ചാക്കോ കൊല്ലപ്പെട്ടശേഷം അവർ നാട്ടിലെത്തി. എട്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവ് നടത്തിയ നീക്കങ്ങൾ അറിയാമായിരുന്നതിനാൽ സരസമ്മയും ആദ്യം കേസിൽ പ്രതിയായിരുന്നു. എന്നാൽ, പിന്നീട് ഇവരെ ഒഴിവാക്കി. തുടർന്ന് ഏറെക്കാലം ചെങ്ങന്നൂരിനടുത്ത് ചെറിയനാട്ടുതന്നെ താമസിച്ച സരസമ്മ പിന്നീടു സൗദിയിലേക്കു പോയി. വീണ്ടും നാട്ടിൽ തിരിച്ചെത്തി നാളുകൾക്കുശേഷമാണു കുവൈത്തിലേക്കു പോയത്. മക്കൾക്കും കുവൈത്തിൽ ജോലി കിട്ടിയതോടെ അവിടെ സ്ഥിരതാമസമാക്കി. കുറുപ്പ് ഇടയ്ക്കിടെ സൗദിയിൽനിന്നു കുവൈത്തിലെത്തി കുടുംബത്തെ സന്ദർശിക്കാറുണ്ടെന്നാണു വിവരം.

പ്ലാസ്റ്റിക് സർജറി ചെയ്തു മുഖത്തിന്റെ രൂപം മാറ്റിയാണു കുറുപ്പ് ഒളിവിൽ കഴിയുന്നതെന്ന അഭ്യൂഹത്തിനായിരുന്നു ഏറെ പ്രചാരം. എന്നാൽ, അതിൽ കഴമ്പില്ലെന്നാണു ബന്ധുക്കളുടെ വിശ്വാസം. കുറുപ്പിന്റെ കാര്യത്തിൽ മതവും പേരും മാത്രമാണു മാറിയത്. നിലവിൽ കുറുപ്പിന്റെ സഹോദരങ്ങളാരും നാട്ടിലില്ല. ചെറിയനാട്ടിലെ കുറുപ്പിന്റെ വസ്തുവകകൾ സർക്കാർ കണ്ടുകെട്ടി. ആലപ്പുഴ വണ്ടാനത്ത് കുറുപ്പ് വാങ്ങിയ സ്ഥലം മറ്റൊരാളുടെ പേരിലാണ്. ചില ബന്ധുക്കൾ മാത്രമാണു ചെറിയനാട്ടുള്ളത്. കുറുപ്പിനു ചാക്കോ വധത്തിൽ നേരിട്ടു ബന്ധമില്ലെന്നാണ് ഇവരുടെ വിശ്വാസം.

ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നാണു കേസ്. ഇൻഷുറൻസ് തട്ടാനായി കൊലപാതകം നടത്താൻ പദ്ധതിയുണ്ടായിരുന്നില്ല. കുറുപ്പിനോടു രൂപസാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ചു കത്തിക്കാനായിരുന്നു നീക്കം. 1984 ജനുവരി 21-ന് ഉച്ചകഴിഞ്ഞാണ് ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നു മൃതദേഹം സംഘടിപ്പിക്കാൻ കുറുപ്പിന്റെ ഭാര്യാസഹോദരൻ ഭാസ്‌ക്കരപിള്ള, ഡ്രൈവർ പൊന്നപ്പൻ, കുറുപ്പിന്റെ
സുഹൃത്തും സഹായിയുമായ ചാവക്കാട്ടുകാരൻ ഷാഹു എന്നിവർ ചെറിയനാട്ടിൽനിന്നു കാറിൽ തിരിച്ചത്. മറ്റൊരു കാറിൽ കുറുപ്പും ഒപ്പമുണ്ടായിരുന്നു. എന്നാൽ, കൊല്ലകടവിൽ എത്തിയപ്പോൾ, ആശുപത്രിയിൽ കഴിയുന്ന അമ്മ ദേവകിയെ കാണാൻ കുറുപ്പ് പന്തളത്തേക്കു പോയെന്നു ബന്ധുക്കൾ പറയുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ജീവനക്കാരനായ ബന്ധു മധുവിന്റെ സഹായത്തോടെ മോർച്ചറിയിൽനിന്ന് അജ്ഞാതമൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഭാസ്‌ക്കരപിള്ളയുടെ കെ.എൽ.ക്യു. 7835 നമ്പർ കാറിൽ ശവം കത്തിച്ചശേഷം, മരിച്ചതു കുറുപ്പാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി. മെഡിക്കൽ കോളജിൽനിന്നു ശവം സംഘടിപ്പിക്കാൻ ഇവർക്കു കഴിഞ്ഞില്ല. നിരാശരായി മടങ്ങുമ്പോഴാണു കരുവാറ്റയിൽ കുറുപ്പിനോടു സാദൃശ്യമുള്ള ചാക്കോ വാഹനത്തിനു കൈ കാണിച്ചത്. തുടർന്നായിരുന്നു കൊലപാതകം. കൊലപാതകസമയത്തു കുറുപ്പ് ഇവർക്കൊപ്പം ഇല്ലായിരുന്നെന്നും പിന്നീടു ഭാസ്‌ക്കരപിള്ള പറഞ്ഞപ്പോഴാണു കുറുപ്പ് കാര്യങ്ങൾ അറിഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു.

കൊലപാതകത്തിൽ കുറുപ്പിനു വ്യക്തമായ പങ്കുണ്ടെന്നാണു പൊലീസ് രേഖകൾ. കൊലപാതകശേഷം കുറുപ്പ് മുങ്ങാനുള്ള കാരണത്തെപ്പറ്റി ബന്ധുക്കളും പൊലീസും പറയുന്ന കാര്യങ്ങൾ സമാനമാണ്. ഗോപാലകൃഷ്ണക്കുറുപ്പെന്നാണു സുകുമാരക്കുറുപ്പിന്റെ യഥാർഥ പേര്. പ്രീഡിഗ്രി തോറ്റശേഷം മനസില്ലാമനസോടെ വ്യോമസേനയിൽ ചേർന്നു. എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപ്പെടണമെന്ന ചിന്തയായിരുന്നു കുറുപ്പിന്. ഒടുവിൽ, അവധിക്കു നാട്ടിലെത്തിയപ്പോൾ കുറുപ്പ് മരിച്ചെന്നു പറഞ്ഞ് വ്യോമസേനാ അധികൃതർക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂർ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി. തുടർന്ന് സുകുമാരക്കുറുപ്പ് എന്ന പേരിൽ പാസ്പോർട്ട് എടുത്ത് ഗൾഫിലേക്കു കടക്കുകയായിരുന്നു.