- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്നൗ കിങ് ജോർജ് ആശുപത്രിയിൽ എത്തിയപ്പോൾ പേര് പറഞ്ഞത് ജോബെന്നും സ്വദേശം അടൂരെന്നും; മനമലിഞ്ഞ് ശുശ്രൂഷിച്ചത് മലയാളി നഴ്സ് അജേഷ്; ഡിസ്ചാർജായപ്പോൾ അഭയ കേന്ദ്രമൊരുക്കിയത് കോട്ടയം നവജീവൻ; സംശയം തങ്ങൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയോ?
കോട്ടയം: നാലു വർഷം മുൻപ് ലക്്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അപകടത്തിൽ പരുക്കേറ്റ് ഒരു മലയാളി എത്തി. സ്വദേശം അടൂർ പന്നിവിഴയാണെന്നും പേര് ജോബ് എന്നാണെന്നും ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞു. ആശുപത്രിയിലെ മലയാളി മെയിൽ നഴ്സ് കോട്ടയം പുതുപ്പള്ളിക്കാരൻ അജേഷ് കെ. മാണിയാണ് ഇദ്ദേഹത്തെ ശുശ്രൂഷിച്ചത്. ഒരു ആത്മബന്ധം ഇരുവരും തമ്മിൽ ഉടലെടുത്തു. ഡിസ്ചാർജായി എങ്ങേ്ാട്ടു പോകുമെന്ന് അറിയാതെ നിന്ന ജോബിനെ സഹായിക്കാൻ അജേഷ് തീരുമാനിച്ചു.
പ്രവാസി മലയാളിയായ ജിബു വിജയൻ ഇലവുംതിട്ടയുമായി ചേർന്ന് സോഷ്യൽ മീഡിയ വഴി ജോബിന്റെ കഥ പങ്കു വച്ചു. ആരും തേടിയെത്തിയില്ല. ഒടുക്കം കോട്ടയം നവജീവൻ ട്രസ്റ്റുമായി ബന്ധപ്പെട്ടപ്പോൾ സംരക്ഷണം ഏറ്റെടുക്കാൻ അവർ തയാറായി. അജേഷ് സ്വന്തം ചെലവിൽ ജോബിനെ കോട്ടയത്ത് എത്തിച്ചു. അദ്ദേഹം നവജീവനിൽ സുഖമായി കഴിയുന്നു. ഇപ്പോൾ നാട്ടിലുള്ള അജേഷിനെ തേടി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം ഹെഡ് ഡോ: ബി കെ ഓജയുടെ കോൾ എത്തി. അന്ന് നമ്മൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയായിരുന്നോ?
അതു വരെയില്ലാത്ത ഒരു സംശയം അജേഷിനും ഇപ്പോൾ ഉണ്ട്. സുകുമാരക്കുറുപ്പിന്റെ തിരോധാനം സംബന്ധിച്ച് 45 മിനുട്ട് നീളുന്ന ഒരു പ്രോഗ്രാം ഹിന്ദി ചാനൽ ആയ ആജ് തക്കിന്റെ ക്രൈം തക്ക് എന്ന പരിപാടിയിൽ വന്നിരുന്നു. ഇതു കണ്ടാണ് ഡോ. ഓജ സംശയം ഉന്നയിച്ചത്. ഇടയ്ക്കിടെ മാനസികമായി തകരുന്ന ജോബ് പല കഥകളും അജേഷിനോട് പറഞ്ഞിരുന്നു. അതും ഡോ. ഓജയുടെ സംശയവും സുകുമാരക്കുറുപ്പിന്റെ യഥാർഥ കഥയും ഒന്നു വിലയിരുത്തി നോക്കുമ്പോൾ അജേഷിനും ഇപ്പോൾ തോന്നിത്തുടങ്ങി ശരിക്കും അത് സുകുമാരക്കുറുപ്പാണോ?
ജോബ് പറഞ്ഞ കഥ
അടൂരിന് സമീപം പന്നിവിഴയായിര്ുന്നു വീട്. എയർ ഫോഴ്സിലായിരുന്നു ജോലി. വീട്ടുകാരുമായി പിണങ്ങി നാടുവിട്ട് 35 വർഷമായി. ലക്നൗവിൽ ആയിരുന്നു തുടർ ജീവിതം. ഒരു സ്ത്രീക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവർ ഉപേക്ഷിച്ചപ്പോൾ തെരുവിലായി. അതിനിടെയാണ് അപകടത്തിൽപ്പെട്ട് ചികിൽസയിലായത്. ഒരു മകന്റെ പേര് മാത്രം ഓർമയിലുണ്ട് ഫെലിക്സ്.
ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ജോബിനെ നാട്ടിലെത്തിക്കാൻ എയർ ആംബുലൻസിന് അജേഷ് ശ്രമിച്ചിരുന്നു. പക്ഷേ, ഒരു തിരിച്ചറിയൽ രേഖയും ഇയാളുടെ കൈവശമില്ല. പറയുന്ന പേര് ശരിയാണോയെന്ന് ഉറപ്പിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. അസുഖം ഭേദമായപ്പോൾ അജേഷ് ഇയാളോട് പറഞ്ഞു നാട്ടിലെത്തിക്കാം. ഇതിനായി സാമൂഹിക പ്രവർത്തകനായ ജിബുവിജയന്റെ ഓൺലൈൻ പേജായ പിടിഎ മീഡിയയിലൂടെ ശ്രമം നടത്തി. അങ്ങനെയാണ് പന്നിവിഴയിലെ വീടുണ്ടെന്ന് കണ്ടെത്തിയത്. പക്ഷേ, നിലവിൽ ഇങ്ങനെ ഒരു കുടുംബം അവിടെയില്ല. അവർ എവിടേക്കോ പോയിരിക്കുന്നു. ഫെലിക്സ് എന്ന മകനെ കുറിച്ചും സൂചനയില്ല. സ്വന്തം വീട്ടിലേക്ക് േജാബിനെ എത്തിക്കാൻ സാധിക്കില്ലെന്ന് വന്നപ്പോഴാണ് അജേഷ് കോട്ടയം നവജീവൻ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടത്. അവർ അനുവാദം കൊടുത്തതോടെ 2017 ഒക്ടോബർ 19 ന് അജേഷ് ജോബുമായി ട്രെയിൻ മാർഗം നാട്ടിലേക്ക് പുറപ്പെട്ടു. ഡോ. ഓജയുടെ നേതൃത്വത്തിൽ യാത്രയയപ്പും നൽകി. പക്ഷേ, ജോബ് കേരളത്തിലേക്ക് വരുന്നത് താൽപര്യപ്പെട്ടിരുന്നില്ല. യാത്രയ്ക്കിടെ പലപ്പോഴും ട്രെയിനിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ഇദ്ദേഹം ശ്രമിച്ചിരുന്നുവെന്ന് അജേഷ് ഓർക്കുന്നു.
സംശയിക്കാനുള്ള കാരണങ്ങൾ
സുകുമാരക്കുറുപ്പ് എയർ ഫോഴ്സിൽ ജോലി ചെയ്തിരുന്നയാളാണ്. ജോബും താൻ റിട്ട. എയർഫോഴ്സ് ആയിരുന്നുവെന്ന് പറയുന്നു. ഏതൊക്കെയോ വശങ്ങളിൽ നിന്ന് നോക്കുമ്പോൾ കുറുപ്പിന്റെ ഒരു മുഖഛായ ജോബിന് തോന്നിക്കും. തിരിച്ചറിയൽ രേഖയില്ല. അയാൾ നൽകിയ അഡ്രസ് ഇപ്പോൾ നിലവിലില്ല. ഇതിൽ ഒക്കെ ഉപരിയായി കേരളത്തിലേക്ക് വരാൻ അയാൾ താൽപര്യപ്പെട്ടിരുന്നില്ല.
വെറും സംശയം മാത്രം
സാഹചര്യത്തെളിവുകൾ കൊണ്ടുള്ള വെറും സംശയം മാത്രമാണിത്. പക്ഷേ, ജോബിനെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യം തന്നെയാണ്. അതിനി നടത്തേണ്ടത് കേരളാ പൊലീസാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്