കൊച്ചി: കുറുപ്പ് സിനിമ പുറത്തിറങ്ങുമ്പോൾ ചർച്ചകളിൽ നിറയുന്നത് 37 വർഷം മുൻപ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞ സുകുമാരക്കുറുപ്പ് എന്ന കൊടുംകുറ്റവാളിയാണ്. ഏതാനം ദിവസങ്ങളായി മറുനാടൻ കുറുപ്പിനെ സംബന്ധിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിലൊന്ന് കോട്ടയത്തെ നവജീവൻ എന്ന ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ജോബ് എന്ന വയോധികന്റെതാണ്. സുകുമാരക്കുറുപ്പിനോട് വളരെ അടുത്ത് സാമ്യമുള്ളയാളാണ് ഇയാൾ.

ഇയാൾ പറയുന്ന പലകാര്യങ്ങളും സംശയം ജനിപ്പിക്കുന്നതായിരുന്നു. അതിനാൽ തന്നെ മറുനാടൻ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് കുറുപ്പിന്റെത് എന്ന് സംശയം ജനിപ്പിക്കുന്ന ഒരു ചിത്രം ഇയാളുടെ മകൻ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നു എന്ന് ഒരു മറുനാടൻ പ്രേക്ഷക ഞങ്ങളെ അറിയിക്കുന്നത്. തുടർന്ന് ആ ചിത്രം ഞങ്ങൾ പരിശോധിച്ചപ്പോൾ കുറുപ്പിനോട് ഏറെ സാമ്യമുള്ളതായി കണ്ടെത്തി. ഇക്കാര്യങ്ങൾ കേസന്വേഷണമുള്ള ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പിക്ക് കൈമാറിയിട്ടുണ്ട്.

2020 മാർച്ചിലാണ് ഈ ചിത്രം മകൻ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. യാതൊരു അടിക്കുറുപ്പുമില്ല. മകന്റെ മകളെന്നു തോന്നുന്ന ഒരു പെൺകുട്ടിയും ചിത്രത്തിലുണ്ട്. ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. മുഖത്ത് കണ്ണടയും പറ്റെ വെട്ടിയ നരച്ച തലമുടിയും രൂപവും കുറുപ്പിനോട് തന്നെ സാമ്യമുള്ളതാണ്. കുറുപ്പിന്റെ അതേ പ്രായമാണ് കണ്ടാൽ തോന്നുക. കൂടാതെ വാരണാസിയിലാണ് മകൻ താമസിക്കുന്നതെന്നാണ് ഫെയ്സ് ബുക്ക് പ്രൊഫൈലിൽ പറയുന്നത്. അതിനാൽ തന്നെ ഈ ചിത്രം ഏറെ സംശയമുളവാക്കുന്നുണ്ട്. ഇതൊക്കെ ശ്രദ്ധയിൽപെട്ട ഒരു മറുനാടൻ പ്രേക്ഷക ഇക്കാര്യം ഞങ്ങളെ അറിയിക്കുകയായിരുന്നു. ഇത് കുറുപ്പ് തന്നെയാണോ എന്ന് മറുനാടന് ഉറപ്പില്ല. എന്നാൽ സാമ്യങ്ങൾ ഏറെയാണ്. അത് കണ്ടെത്തേണ്ടതും ഉറപ്പിക്കേണ്ടതും പൊലീസാണ്. കൃത്യമായി വിവരങ്ങൾ അവർക്ക് കൈമാറിയിട്ടുമുണ്ട്.

കുറുപ്പിന്റെ മകൻ കുവൈറ്റിലായിരുന്നു. പിന്നീട് വാരണാസിയിലേക്ക് താമസം മാറിയിരുന്നു എന്നാണ് വിവരം. കുറുപ്പ് നോർത്ത് ഇന്ത്യയിലുണ്ട് എന്നാണ് പൊലീസിന് അവസാനം ലഭിച്ച വിവരം. ഇതോക്കെ കൂട്ടിവായിക്കുമ്പോൾ ഈ ചിത്രവുമായി ബന്ധപ്പെട്ട് എന്തെക്കൊയോ ദുരൂഹതകൾ മണക്കുന്നുണ്ട്. കൂടാതെ മകൻ ഇങ്ങനെയൊരു ചിത്രം പങ്കുവയ്ക്കാൻ മുതിരുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ വർഷങ്ങൾ കഴിഞ്ഞ കേസിൽ ഇനിയൊരു അന്വേഷണം ഉണ്ടാകില്ല എന്ന് കരുതി കൊച്ചുമകളുമായി ഒന്നിച്ചുള്ള ചിത്രം ഫെയ്സ ബുക്കിൽ പോസ്റ്റ് ചെയ്തതാവാമെന്നാണ് നിഗമനം. അതൊക്കെ ഇനി പൊലീസ് കണ്ടെത്തേണ്ടതാണ്.

കഴിഞ്ഞ ദിവസമാണ് സുകുമാരക്കുറുപ്പിനോട് സാദ്യശ്യമുള്ള ജോബിന്റെ വാർത്ത മറുനാടൻ പ്രസിദ്ധീകരിച്ചത്. നാലു വർഷം മുൻപ് ലക്്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അപകടത്തിൽ പരുക്കേറ്റ് ഒരു മലയാളി എത്തി. സ്വദേശം അടൂർ പന്നിവിഴയാണെന്നും പേര് ജോബ് എന്നാണെന്നും ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞു. ആശുപത്രിയിലെ മലയാളി മെയിൽ നഴ്സ് കോട്ടയം പുതുപ്പള്ളിക്കാരൻ അജേഷ് കെ. മാണിയാണ് ഇദ്ദേഹത്തെ ശുശ്രൂഷിച്ചത്. ഒരു ആത്മബന്ധം ഇരുവരും തമ്മിൽ ഉടലെടുത്തു. ഡിസ്ചാർജായി എങ്ങേ്ാട്ടു പോകുമെന്ന് അറിയാതെ നിന്ന ജോബിനെ സഹായിക്കാൻ അജേഷ് തീരുമാനിച്ചു.

പ്രവാസി മലയാളിയായ ജിബു വിജയൻ ഇലവുംതിട്ടയുമായി ചേർന്ന് സോഷ്യൽ മീഡിയ വഴി ജോബിന്റെ കഥ പങ്കു വച്ചു. ആരും തേടിയെത്തിയില്ല. ഒടുക്കം കോട്ടയം നവജീവൻ ട്രസ്റ്റുമായി ബന്ധപ്പെട്ടപ്പോൾ സംരക്ഷണം ഏറ്റെടുക്കാൻ അവർ തയാറായി. അജേഷ് സ്വന്തം ചെലവിൽ ജോബിനെ കോട്ടയത്ത് എത്തിച്ചു. അദ്ദേഹം നവജീവനിൽ സുഖമായി കഴിയുന്നു. ഇപ്പോൾ നാട്ടിലുള്ള അജേഷിനെ തേടി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം ഹെഡ് ഡോ: ബി കെ ഓജയുടെ കോൾ എത്തി. അന്ന് നമ്മൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയായിരുന്നോ?

അതു വരെയില്ലാത്ത ഒരു സംശയം അജേഷിനും ഇപ്പോൾ ഉണ്ട്. സുകുമാരക്കുറുപ്പിന്റെ തിരോധാനം സംബന്ധിച്ച് 45 മിനുട്ട് നീളുന്ന ഒരു പ്രോഗ്രാം ഹിന്ദി ചാനൽ ആയ ആജ് തക്കിന്റെ ക്രൈം തക്ക് എന്ന പരിപാടിയിൽ വന്നിരുന്നു. ഇതു കണ്ടാണ് ഡോ. ഓജ സംശയം ഉന്നയിച്ചത്. ഇടയ്ക്കിടെ മാനസികമായി തകരുന്ന ജോബ് പല കഥകളും അജേഷിനോട് പറഞ്ഞിരുന്നു. അതും ഡോ. ഓജയുടെ സംശയവും സുകുമാരക്കുറുപ്പിന്റെ യഥാർഥ കഥയും ഒന്നു വിലയിരുത്തി നോക്കുമ്പോൾ അജേഷിനും ഇപ്പോൾ തോന്നിത്തുടങ്ങി ശരിക്കും അത് സുകുമാരക്കുറുപ്പാണോ?

ജോബ് പറഞ്ഞ കഥ

അടൂരിന് സമീപം പന്നിവിഴയായിര്ുന്നു വീട്. എയർ ഫോഴ്സിലായിരുന്നു ജോലി. വീട്ടുകാരുമായി പിണങ്ങി നാടുവിട്ട് 35 വർഷമായി. ലക്നൗവിൽ ആയിരുന്നു തുടർ ജീവിതം. ഒരു സ്ത്രീക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവർ ഉപേക്ഷിച്ചപ്പോൾ തെരുവിലായി. അതിനിടെയാണ് അപകടത്തിൽപ്പെട്ട് ചികിൽസയിലായത്. ഒരു മകന്റെ പേര് മാത്രം ഓർമയിലുണ്ട് ഫെലിക്സ്.

ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ജോബിനെ നാട്ടിലെത്തിക്കാൻ എയർ ആംബുലൻസിന് അജേഷ് ശ്രമിച്ചിരുന്നു. പക്ഷേ, ഒരു തിരിച്ചറിയൽ രേഖയും ഇയാളുടെ കൈവശമില്ല. പറയുന്ന പേര് ശരിയാണോയെന്ന് ഉറപ്പിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. അസുഖം ഭേദമായപ്പോൾ അജേഷ് ഇയാളോട് പറഞ്ഞു നാട്ടിലെത്തിക്കാം. ഇതിനായി സാമൂഹിക പ്രവർത്തകനായ ജിബുവിജയന്റെ ഓൺലൈൻ പേജായ പിടിഎ മീഡിയയിലൂടെ ശ്രമം നടത്തി. അങ്ങനെയാണ് പന്നിവിഴയിലെ വീടുണ്ടെന്ന് കണ്ടെത്തിയത്.

പക്ഷേ, നിലവിൽ ഇങ്ങനെ ഒരു കുടുംബം അവിടെയില്ല. അവർ എവിടേക്കോ പോയിരിക്കുന്നു. ഫെലിക്സ് എന്ന മകനെ കുറിച്ചും സൂചനയില്ല. സ്വന്തം വീട്ടിലേക്ക്‌ േജാബിനെ എത്തിക്കാൻ സാധിക്കില്ലെന്ന് വന്നപ്പോഴാണ് അജേഷ് കോട്ടയം നവജീവൻ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടത്. അവർ അനുവാദം കൊടുത്തതോടെ 2017 ഒക്ടോബർ 19 ന് അജേഷ് ജോബുമായി ട്രെയിൻ മാർഗം നാട്ടിലേക്ക് പുറപ്പെട്ടു.

ഡോ. ഓജയുടെ നേതൃത്വത്തിൽ യാത്രയയപ്പും നൽകി. പക്ഷേ, ജോബ് കേരളത്തിലേക്ക് വരുന്നത് താൽപര്യപ്പെട്ടിരുന്നില്ല. യാത്രയ്ക്കിടെ പലപ്പോഴും ട്രെയിനിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ഇദ്ദേഹം ശ്രമിച്ചിരുന്നുവെന്ന് അജേഷ് ഓർക്കുന്നു. വാർത്തക്ക് പിന്നാലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നവജീവൻ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.