ചെറിയനാട്(ആലപ്പുഴ): ഇല്ല, സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ല. എവിടെയോ അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ട്. കുറുപ്പിന്റെ ബന്ധുക്കളുടെ അഭിപ്രായം ഇങ്ങനെയാണ്. കുറുപ്പിനെ അവിടെ കണ്ടു, ഇവിടെ കണ്ടു, മരിച്ചു പോയി, മദീനയിൽ മുസ്ലിം പള്ളിയിൽ ഒളിച്ചു താമസിക്കുന്നു തുടങ്ങിയ കഥകളൊക്കെ അവർ ചിരിച്ചു തള്ളുന്നു. എന്തിന് കുറുപ്പിനെ ഒരിക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ആളറിയാതെ വിട്ടയച്ചുവെന്ന മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വാദവും പച്ചക്കള്ളമെന്നാണ് ഇവർ പറയുന്നത്.

കൊട്ടാരക്കരയിൽ നിന്നും ബന്ധുക്കളായ നാലു പേർ ചേർന്ന് ട്രെയിൻ കയറ്റി വിട്ട കുറുപ്പ് നേരെ പോയത് ഭോപ്പാലിലുള്ള അമ്മാവന്റെ മകളുടെ അടുത്തേക്കാണ്. കുറുപ്പിനെ കൊട്ടാരക്കര എത്തിച്ച വാസുദേവക്കുറുപ്പിന്റെ മകളുടെ വീട്ടിലാണ് ഭോപ്പാലിൽ കുറുപ്പ് ചെന്നത്. വെറും മൂന്നു ദിവസം മാത്രമാണ് ഇവിടെ കുറുപ്പിന് കഴിയാനായത്. നാട്ടിലെ വാർത്തകൾ അറിഞ്ഞ് ഭയന്നു പോയ അമ്മാവന്റെ മകൾ കുറുപ്പിനോട് ഇക്കാര്യം പറഞ്ഞു. ഇതോടെ കുറുപ്പ് വീടു വിട്ടു.

കുറുപ്പ് പോയതിന് പിന്നാലെ ചെങ്ങന്നൂർ ഡിവൈഎസ്‌പിയായിരുന്ന ഹരിദാസ് അവിടെ എത്തി. കുറുപ്പ് പോയ വഴികളിലൂടെയെല്ലാം പൊലീസ് സഞ്ചരിച്ചുവെങ്കിലും അവർ എത്തുന്നതിന് ദിവസങ്ങൾക്കും മണിക്കൂറുകൾക്കും മുൻപ് കുറുപ്പ് കടന്നു കളയുമായിരുന്നു. കുറുപ്പ് വിവാദ നായകനായതോടെ കഥകൾ പിറവി എടുത്തു തുടങ്ങി. കേരളത്തിൽ വെളിയിൽ കഴിയുന്ന മലയാളികളിൽ ചിലർ തങ്ങൾ കുറുപ്പിനെ കണ്ടുവെന്നും സംസാരിച്ചുവെന്നും അവകാശപ്പെട്ട് രംഗത്തു വന്നു. കുറുപ്പിനെ 'ചികിൽസിച്ച' നഴ്സുമാരും കുറവല്ല. അങ്ങനെ 'ചികിൽസിച്ച' ഒരു നഴ്സിന് വമ്പൻ അക്കിടിയും പറ്റി.

വെറുതേ തള്ളി, പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയത് ഒരു മാസം

കുറുപ്പിനെ മുംബൈയിൽ വച്ചു കണ്ടെന്നും ശരീരത്തുണ്ടായ മുറിവ് ഡ്രസ് ചെയ്തത് താനാണെന്നും വെറുതേ തള്ളിയ കുറുപ്പിന്റെ നാട്ടുകാരിയായ നഴ്സ് പുലിവാൽ പിടിച്ച കഥ അധികമാർക്കും അറിയില്ല. മുംബൈയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ സമയത്തായിരുന്നു നഴ്സിന്റെ വീരവാദം. തമാശയ്ക്ക് നാട്ടുകാരോട് പറഞ്ഞതാകണം.

നഴ്സിനെ തേടി പൊലീസ് വന്നു. എന്തായാലും ഒരു മാസത്തെ അവധിക്ക് വന്ന നഴ്സ് അതിൽ 25 ദിവസവും ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി. ഇത്തരം നിരവധി കഥകൾ നാടുനീളെ പ്രചരിച്ചിട്ടുണ്ടെന്നും അതൊന്നും സത്യമല്ലെന്നും കുറുപ്പിന്റെ ബന്ധുക്കൾ പറയുന്നു. ഡിജിപി അലക്സാണ്ടർ ജേക്കബ് പറഞ്ഞ വിരലടയാള കഥയും ഇവർ തള്ളിക്കളയുന്നു. ഭോപ്പാലിൽ നിന്ന് കുറുപ്പ് പോയത് എവിടേക്കെന്ന് ആർക്കും അറിയില്ല.

കുറുപ്പ് ഹൃദ്രോഗിയും കടുത്ത പ്രമേഹ രോഗിയും ആണെന്ന റിട്ട. എസ്‌പി ജോർജ് ജോസഫിന്റെ വാദവും ബന്ധുക്കൾ തള്ളുന്നു. അരോഗദൃഡഗാത്രനായ കുറുപ്പിന് യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. സൗദി അറേബ്യയിലെ പള്ളിയിൽ മതം മാറി സഹായിയായി കഴിയുന്നുവെന്ന വാർത്തയും സൃഷ്ടിക്കപ്പെട്ടതാണത്രേ.

കുറുപ്പിന്റെ തിരോധാനത്തിന്റെ യഥാർഥ കാരണം ചാക്കോയുടെ കൊലക്കേസല്ല?

സുകുമാരക്കുറുപ്പ് നാടുവിടാനുണ്ടായ യഥാർഥ കാരണം ചാക്കോയുടെ കൊലപാതകമാണോ? അല്ലെന്നാണ് ബന്ധുക്കളും സഹപാഠികളും സുഹൃത്തുക്കളുമൊക്കെ പറയുന്നത്. ചാക്കോയുടെ കൊലപാതക കേസിൽ നിന്ന് കുറുപ്പിന് തലയൂരാൻ പറ്റുന്ന പഴുതുകൾ ഉണ്ടായിരുന്നു. കൊലപാതകം നടക്കുന്നിടത്തോ അതിന് ശേഷമോ കുറുപ്പിന്റെ സാമീപ്യം ഉണ്ടായിരുന്നില്ല.

കൊന്നതും മൃതദേഹം കരിച്ചതുമെല്ലാം ഭാസ്‌കരപിള്ളയും ഷാഹുവും ചേർന്നായിരുന്നു. കൊലപാതകത്തിന് പൊന്നപ്പനും സാക്ഷിയായി. പിന്നീട് മാപ്പു സാക്ഷിയായ ഷാഹു എല്ലാം കുറുപ്പിന്റെ തലയിൽ വച്ച് കെട്ടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കുറുപ്പിനെ കിട്ടാത്ത കേസിൽ പ്രതികളെ ശിക്ഷിക്കാൻ ഒരു മാപ്പു സാക്ഷിയെ ആവശ്യമായിരുന്നു. ഷാഹുവിനെ പൊലീസ് മാപ്പുസാക്ഷിയാക്കിയത് അങ്ങനെയാണ്.

ഈ കേസിൽ കുറുപ്പിന് ശിക്ഷ കിട്ടില്ലെന്നും രക്ഷപ്പെടാൻ എളുപ്പമാണെന്നുമുള്ള നിയമോപദേശമാണ് അഭിഭാഷകനായ മഹേശ്വരൻ പിള്ള നൽകിയത്. കുറുപ്പിനെ പൊലീസിന് നൽകാമെന്ന് ബന്ധുക്കളും വാക്കു കൊടുത്തിരുന്നു. ഇത്തരമൊരു തീരുമാനത്തിലെത്തിയ ശേഷമാണ് കുറുപ്പിനെ പാലക്കാട്ട് നിന്നും ചെറിയനാട്ടേക്ക് വിളിച്ചു വരുത്തിയത്. തനിക്ക് രക്ഷപ്പെടാമെന്ന് ഉറപ്പു കിട്ടിയിട്ടും കുറുപ്പ് കീഴടങ്ങാൻ തയാറായില്ല. നാടുവിടുകയും ചെയ്തു.

എയർഫോഴ്സിൽ നിന്നും കുറുപ്പ് ഒളിച്ചോടിയാണ് നാട്ടിലെത്തിയതെന്നും അവിടെ എന്തോ ഗുരുതരമായ കുറ്റകൃത്യത്തിൽ കുറുപ്പ് ഏർപ്പെട്ടുവെന്നുമുള്ള സംശയമാണ് നിലനിൽക്കുന്നത്. പൊലീസിന്റെ പിടിയിൽപ്പെട്ടാൽ തനിക്ക് വധശിക്ഷ ഉറപ്പാണ്. അതു കൊണ്ട് കീഴടങ്ങാൻ നിർബന്ധിക്കരുതെന്നായിരുന്നു കുറുപ്പ് ബന്ധുക്കളോട് പറഞ്ഞത്.

ചാക്കോ വധക്കേസിൽ എന്തായാലും കൊലക്കയർ സുകുമാരക്കുറുപ്പിന് കിട്ടുമായിരുന്നില്ല. അപ്പോൾ പിന്നെ ഒളിച്ചോട്ടത്തിന് തക്കതായ മറ്റൊരു കാരണം ഉണ്ടായിരുന്നിരിക്കണം. അന്വേഷണം ഒരിക്കലും ആ വഴിക്ക് നീങ്ങിയിട്ടില്ലെന്നാണ് അറിവ്.