ചെറിയനാട്(ആലപ്പുഴ): സുകുമാര കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാക്കിയ കേരളാ പൊലീസ് ചാക്കോ വധക്കേസിൽ എന്തെങ്കിലും തിരിമറി കാണിച്ചിട്ടുണ്ടോ? പ്രമാദമായ കേസിൽ കുറുപ്പിനെ പിടി കിട്ടാതെ വന്നപ്പോൾ പൊലീസിന്റ മാനം രക്ഷിക്കാൻ ഉതകും വിധം കേസ് മാറ്റി മറിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് കുറുപ്പിന്റെ ബന്ധുക്കളും നാട്ടുകാരും നേരത്തേ മുതൽ പറയുന്നത്. പൊലീസ് തയാറാക്കിയ തിരക്കഥ പ്രകാരമാണ് 'കുറുപ്പ്' സിനിമ വരെ പിടിച്ചിട്ടുള്ളത്.

സിനിമയിലും പൊലീസിന്റെ കഥയിലും ചാക്കോയെ കൊന്നതും കത്തിച്ചതും കുറുപ്പാണെന്നാണ് പറയുന്നത്. എന്നാൽ, ഇത് ശരിയല്ലെന്നാണ് കേസ് മുൻപ് അന്വേഷിച്ച റിട്ട. ക്രൈംബ്രാഞ്ച് എസ്‌പി ജോർജ് ജോസഫ് പറയുന്നത്. ഇതിനിടെ കുറുപ്പിനെ ഒരു തവണ പിടികൂടി ആളറിയാതെ വിട്ടയച്ചുവെന്ന മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വാദം പച്ചക്കള്ളമാണെന്ന് കേരളാ പൊലീസിൽ വിരലടയാള വിദഗ്ധനായ മുഹമ്മദ് ഈസ കൂടി പറഞ്ഞതോടെ ചാക്കോ വധക്കേസിൽ പൊലീസിന്റെ നീക്കത്തിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുവെന്ന് സംശയം.

കഴിഞ്ഞ ദിവസം മറുനാടൻ പ്രസിദ്ധീകരിച്ച വാർത്തയിൽ കുറുപ്പിന്റെ അടുത്ത ബന്ധുക്കളുടേതായി ഒരു വിവരം ചേർത്തിരുന്നു. ചാക്കോ വധക്കേസിൽ കുറുപ്പിന് നേരിട്ട് പങ്കില്ലെന്നുള്ളതായിരുന്നു അത്. തനിക്ക് സമാനമായ മൃതദേഹം കണ്ടെത്തി അത് കത്തിക്കാൻ വേണ്ടി കുറുപ്പ് ഒരു കാർ വാങ്ങിയിരുന്നു. ഭാര്യാ സഹോദരനായ വണ്ടാനം മെഡിക്കൽ കോളജിലെ മോർച്ചറി കാവൽക്കാരൻ മധുസൂദനൻ വാഗ്ദാനം ചെയ്തത് അനുസരിച്ച് മൃതദേഹം കൊണ്ടു വരാൻ ഭാസ്‌കരപിള്ളയും ഷാഹുവും ഡ്രൈവർ പൊന്നപ്പനും പോയത് കുറുപ്പ് പതിവായി ഉപയോഗിക്കുന്ന കാറിലായിരുന്നു. മൃതദേഹവുമായി മൂവർ സംഘം എത്തുന്നതും കാത്ത് കുറുപ്പ്, കത്തിക്കാൻ വാങ്ങിയ കാറിൽ പന്തളം-മാവേലിക്കര റോഡിൽ നിൽക്കുകയായിരുന്നു.

ആലപ്പുഴയിൽ നിന്ന് മൃതദേഹം കിട്ടാതെ മടങ്ങിയ മൂവർ സംഘം വഴിയിൽ വച്ച് ചാക്കോയെ കാറിൽ കയറ്റി കൊലപ്പെടുത്തി ആ മൃതദേഹവുമായിട്ടാണ് വന്നത്. അളിയൻ നൽകാമെന്ന് പറഞ്ഞ മൃതദേഹം കിട്ടിയില്ലെന്നും പകരം വഴിയിൽ നിന്ന ഒരുത്തനെ കൊന്നുവെന്നും ഭാസ്‌കരപിള്ള കുറുപ്പിനെ അറിയിക്കുകയായിരുന്നു. ഇതു കേട്ട് ഞെട്ടിയ കുറുപ്പ് നിങ്ങൾ എന്തെങ്കിലും കാണിക്കുക എനിക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് പന്തളത്ത് അമ്മ കിടക്കുന്ന ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ മൃതദേഹം കുറുപ്പിന്റെ കാറിൽ നിന്ന് കത്തിക്കാൻ വേണ്ടി വാങ്ങിയ കാറിലേക്ക് മാറ്റി. പിന്നീട് സ്വന്തം കാറിൽ കുറുപ്പും ഡ്രൈവർ പൊന്നപ്പനും കൂടിയാണ് പന്തളത്തേക്ക് പോയത്.

മൃതദേഹവുമായി ഭാസ്‌കരപിള്ളയും ഷാഹുവും കൂടി പോയത് പിള്ളയുടെ ഭാര്യാ വീടായ സ്മിതാ ഭവനിലേക്കാണ്. അവിടെയിട്ട് മുഖം കരിച്ച് വികൃതമാക്കിയ ശേഷം കുന്നത്തെ പാടത്ത് കാർ കൊണ്ടിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തന്റെ സ്വന്തം യൂട്യൂബ് ചാനലിലും സഫാരി ചാനലിലും കുറുപ്പ് കേസ് സംബന്ധിച്ച് വിശദീകരിച്ച റിട്ട. എസ്‌പി ജോർജ് ജോസഫ് ഈ വിവരം പറഞ്ഞിരുന്നു. സുകുമാരക്കുറുപ്പിന്റെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടറായിരുന്നു ജോർജ് ജോസഫ്.

കുറുപ്പ് സിനിമ വന്നതോടെ വീണ്ടും കേസ് പൊങ്ങി വന്നപ്പോൾ ഒരു ന്യൂസ് ചാനലിലാണ് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഒരിക്കൽ കുറുപ്പിനെ കേരളാ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും ആളറിയാതെ വിട്ടയച്ചുവെന്നും പറഞ്ഞത്. വിരലടയാള പരിശോധന ഫലം ലഭിക്കാൻ വൈകിയതിനാലാണത്രേ കുറുപ്പിനെ തിരിച്ചറിയാൻ കഴിയാതെ പോയത്. മുൻ ഡിജിപിയുടെ അഭിമുഖം വൈറൽ ആയതോടെ കേരളാ പൊലീസിൽ നിന്ന് വിരലടയാള വിദഗ്ധനായി വിരമിച്ച മുഹമ്മദ് ഈസ രംഗത്തു വന്നു. അലക്സാണ്ടർ ജേക്കബ് പറയുന്നത് പച്ചക്കള്ളം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പൊലീസിന്റെ കൈയിൽ കിട്ടിയ സമയത്ത് സുകുമാര കുറുപ്പ് തലമുടി വെട്ടിയിട്ടായിരുന്നു ഉണ്ടായിരുന്നതെന്നും പ്രതിയുടെ മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നുവെന്നും മുൻ ഡിജിപി പറഞ്ഞിരുന്നു. മരിച്ചത് ചാക്കോയാണെന്നും കൊലയാളി സുകുമാരക്കുറുപ്പാണെന്നും തിരിച്ചറിഞ്ഞ ശേഷം ഒരിക്കൽ ഇയാളുടെ നിർമ്മാണ ഘട്ടത്തിലായിരുന്ന വീടിനു മുന്നിൽനിന്ന് ഒരു സന്യാസ വേഷധാരി പിടിയിലായി. വീട്ടിലേക്കു നോക്കി നിൽക്കുമ്പോഴാണ് പിടിയിലാകുന്നത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത ശേഷം വിരലടയാളം ശേഖരിച്ചു വിട്ടയച്ചു. പിന്നീട് സുകുമാരക്കുറുപ്പിന്റെ ഇൻഷുറൻസ് പോളിസിയിലെ വിരലടയാളവുമായി ഒത്തുനോക്കിയപ്പോഴാണ് സന്യാസിവേഷക്കാരൻ കുറുപ്പായിരുന്നെന്ന് ഉറപ്പിച്ചത്.

അന്നത്തെ സംവിധാനം വച്ച് വിരലടയാള പരിശോധനയുടെ ഫലം ലഭിക്കാൻ മൂന്നു ദിവസമെടുക്കുമായിരുന്നുവെന്നും അലക്‌സാണ്ടർ ജേക്കബ് പറഞ്ഞിരുന്നു. എന്നാൽ, ഈ വാദം ശരിയല്ലെന്നാണ് മുഹമ്മദ് ഇസ പറയുന്നത്. 1978 മുതൽ എല്ലാ ജില്ലകളിലും വിരലടയാളം പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു വിദഗ്ധനു വിരലടയാളങ്ങൾ ലഭിച്ചാൽ ഒരു മിനിറ്റു പോലും പരിശോധനയ്ക്ക് ആവശ്യമില്ല. അലക്‌സാണ്ടർ ജേക്കബിന് ഈ വിവരം ലഭിച്ചത് എവിടെനിന്നാണ് എന്നു വ്യക്തമല്ല. അന്നു സർവീസിലുണ്ടായിരുന്നവർക്ക് അങ്ങനെ ഒരു സംഭവം നടന്നതായോ പരിശോധനയ്ക്ക് വിരലടയാളങ്ങൾ ലഭിച്ചതായോ അറിയില്ല. കേസ് അന്വേഷകനായിരുന്ന പൊലീസ് ഓഫീസർ ഹരിദാസും ഇങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചിട്ടില്ല. അദ്ദേഹമിത് സ്വപ്നം കണ്ടതായിരിക്കുമെന്നും മുഹമ്മദ് ഇസ പറയുന്നു.

1984 ജനുവരി 21ന് സുകുമാരക്കുറുപ്പ് കൊല്ലപ്പെട്ടെന്ന വാർത്തയ്ക്കു പിന്നാലെ, കുറുപ്പല്ല കൊല്ലപ്പെട്ടത് ചാക്കോ എന്നയാളാണെന്ന് അന്നത്തെ ചെങ്ങന്നൂർ ഡിവൈഎസ്‌പി പി.എം.ഹരിദാസിന്റെ വിദഗ്ധ അന്വേഷണത്തിൽ തെളിയുകയുണ്ടായി. ഇപ്പോഴത്തെ ചർച്ചകൾ കണ്ടു കുറുപ്പ് മരിച്ചിട്ടില്ലെങ്കിൽ കാണാമറയത്തിരുന്നു ചിരിക്കുന്നുണ്ടാകാം. അതല്ല ഇവിടെ ചർച്ചാവിഷയം, കുറുപ്പിനെ തിരിച്ചറിയാനുള്ള ശാസ്ത്രീയ തെളിവുകൾ ലഭ്യമായിരുന്നോ അതിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നുള്ളതാണ്.

ചാനൽ ചർച്ചകളിൽ പൊലീസിലെ ഡിജിപി തലം മുതൽ എസ്‌പി വരെ ഉന്നത സ്ഥാനങ്ങളിൽനിന്നും വിരമിച്ചവർ ഒരടിസ്ഥാനവുമില്ലാതെ അവരുടെ അനുമാനങ്ങൾ പ്രചരിപ്പിക്കുകയാണ്. അതിൽ പ്രധാനപ്പെട്ടത് കുറുപ്പ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്നും വിരലടയാള പരിശോധനാഫലം തിരുവനന്തപുരം ഓഫിസിൽനിന്നും കിട്ടാൻ വൈകിയതു മൂലം കസ്റ്റഡിയിൽ നിന്നും വിട്ടുവെന്നുമാണ്. അന്ന് സർവീസിൽ ഉണ്ടായിരുന്ന ഞങ്ങൾക്ക് അങ്ങനെ ഒരാൾ കസ്റ്റഡിയിൽ ഉണ്ടായിരുന്നതായും വിരലടയാളങ്ങൾ പരിശോധനയ്ക്കു ലഭിച്ചതായും അറിവില്ല. കേസിന്റെ പ്രധാന അന്വേഷകനായ ഹരിദാസ് പോലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

വിരലടയാളത്തിന്റെ അടിസ്ഥാന തത്വം എന്താണെന്നുപോലുമറിയാത്ത ഐപിഎസുകാർ ഉൾപ്പെടെയുള്ള ഉന്നതന്മാർ ഈ വകുപ്പിൽ ധാരാളമുണ്ട്. വിരലടയാളങ്ങൾ പരിശോധിക്കുന്നത് ഫൊറൻസിക് ലാബിൽ ആണന്നുപോലും മുൻ ഡിജിപി ചാനലിൽ തട്ടിവിട്ടു. കേരള പൊലീസ് അക്കാദമയിൽ എസ്‌ഐമാർ അടക്കം പുതിയ തലമുറയ്ക്ക് പരിശീലനത്തിന്റെ ചുമതലയിലിരുന്ന ഇദ്ദേഹത്തിൽനിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. ഇദ്ദേഹം ഒരു പത്രക്കുറിപ്പിൽ കുറുപ്പിന്റെ ഫിംഗർപ്രിന്റ് എടുത്തിരുന്നെന്നും അത് കുറുപ്പിന്റെ എൽഐസി പോളിസിയിലെ വിരലടയാളവുമായി ഒത്തുനോക്കിയെന്നും കുറുപ്പാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്നതെന്നും അപ്പോഴേക്കും കുറുപ്പിനെ വിട്ടയച്ചെന്നും വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന് ഇതെവിടെനിന്നും കിട്ടിയെന്നറിയില്ല. എവിടെ ഏത് എക്‌സ്‌പേർട്ട് ആണ് പരിശോധിച്ചത്?

പൊലീസ് വകുപ്പിലെ ഫിംഗർപ്രിന്റ് എക്‌സ്‌പേർട്ട് അല്ലാതെ പുറത്ത് ഒരിടത്തും വിരലടയാള പരിശോധന അധികാരികമായി നടക്കുന്നില്ല. അങ്ങനെ ഒരു പരിശോധന കേരളത്തിലെ ഒരു ഓഫിസിലും നടന്നിട്ടില്ലെന്ന് വ്യക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. അദ്ദേഹം സ്വപ്നം കണ്ടതായിരിക്കും. വാൾ എടുത്തവരെല്ലാം വെളിച്ചപ്പാടെന്ന പോലെ മറ്റൊരു മാന്യദേഹം (ചാനൽ ചർച്ചാ പ്രമുഖൻ ) കുറുപ്പു മരിച്ചെന്നും ജോഷി എന്നപേരിൽ പുണെയിൽ താമസിച്ചിരുന്ന ആൾ ഭോപ്പാലിൽ വച്ചാണ് മരിച്ചതെന്നും അത് കുറുപ്പാണെന്നും തീർച്ചപ്പെടുത്തി. ഏതു പരിശോധനയിലാണ് ഇങ്ങനെ തെളിഞ്ഞത്. എന്നും മുഹമ്മദ് ഈസ ഫേസ് ബുക്ക് പേജിൽ ചോദിക്കുന്നു.

ചാക്കോയെ കൊന്നു കത്തിച്ചത് കുറുപ്പായിരുന്നെങ്കിൽ കാറിലോ ചാക്കോയുടെ മൃതദേഹത്തിൽ എവിടെയെങ്കിലുമോ കുറുപ്പിന്റെ വിരലടയാളം കാണുമായിരുന്നില്ലേ? ആ വിരലടയാളം മതിയായിരുന്നല്ലോ അലക്സാണ്ടർ ജേക്കബ് പറഞ്ഞ പിടിയിലായ കുറുപ്പിനെ തിരിച്ചറിയാൻ? ഇങ്ങനെ നിരവധി സംശയങ്ങൾ ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. ശരിക്ക് പരിശോധിച്ചാൽ ചാക്കോ വധത്തിൽ ഗൂഢാലോചനയിൽ പോലും കുറുപ്പില്ല. ആലപ്പുഴയിൽ നിന്ന് മൃതദേഹം കിട്ടാതെ വന്ന മൂവർ സംഘം പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു വഴിയിൽ നിന്ന് കിട്ടിയ ചാക്കോയെ കൊല്ലുക എന്നത്.

മൃതദേഹവുമായി ചെല്ലുമ്പോഴാണ് കുറുപ്പ് പോലും ആ വിവരം അറിയുന്നത്. ഈ സത്യം തുറന്നു പറയാൻ കുറുപ്പ് പൊലീസിന്റെ പിടിയിൽ ആയതുമില്ല. പ്രമാദമായ കേസിൽ മുഖം രക്ഷിക്കാൻ വേണ്ടി പിന്നീട് പൊലീസ് രചിച്ച തിരക്കഥയാണ് ഇപ്പോൾ മാധ്യമങ്ങളും സിനിമക്കാരും പാടി നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.