- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വണ്ടാനത്തെ വീട് കുറുപ്പ് നിർമ്മിച്ചത് കാമുകിയുടെ സാമീപ്യം തേടി; പൂർത്തിയാക്കാൻ കുറുപ്പിന്റെ രണ്ടു മാസത്തെ ശമ്പളം ധാരാളം; ഇൻഷുറൻസ് തുക തട്ടിയെടുത്ത് സുഖജീവിതം നയിക്കാൻ പദ്ധതിയിട്ടു: ഭാര്യാ സഹോദരിയെ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കിയത് അവരെ അബുദബിയിലേക്ക് കൊണ്ടു പോകാൻ
ചെറിയനാട്(ആലപ്പുഴ): ലോകം കൊടുംക്രിമിനൽ എന്ന് വിശേഷിപ്പിക്കുന്ന സുകുമാരക്കുറുപ്പ് ഒരു അഭിനവ കാസനോവയായിരുന്നു. സ്വന്തം സൗന്ദര്യവും ശരീരവും കൊണ്ട് കാമിനിമാരുടെ ഹൃദയത്തിൽ ഇടം കണ്ട കാസനോവ. അബുദബിയിൽ നിന്നും ഇൻഷുറൻസ് തുക തട്ടാൻ വേണ്ടി ഒരു നാടകം കളിക്കാനൊരുങ്ങിയ കുറുപ്പിനെ കൊടുംക്രിമിനൽ എന്ന പട്ടം ചാർത്തി നൽകിയത് അന്വേഷണ സംഘവും മാധ്യമങ്ങളും കഥയറിയാതെ വാർത്ത പ്രചരിപ്പിച്ചവരുമായിരുന്നുവെന്നതാണ് സത്യം.
മോർച്ചറിയിൽ നിന്ന് ഒരു മൃതദേഹം അടിച്ചു മാറ്റി അത് കത്തിച്ച് മരിച്ചത് കുറുപ്പാണെന്ന് വരുത്തി തീർക്കാനുള്ള ഗൂഢാലോചനയാണ് കുറുപ്പ് നടത്തിയത്. മൃതദേഹം കിട്ടാതെ വന്നപ്പോൾ ചാക്കോയെ കൊന്നതും കത്തിച്ചതുമൊക്കെ പൊന്നപ്പനും ഭാസ്കരപിള്ളയും ഷാഹുവുമൊക്കെ ചേർന്നായിരുന്നു.
വണ്ടാനത്തെ വീടും അബുദബിയിലെ ഇൻഷുറൻസും
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിന് എതിർവശത്തായി കുറുപ്പ് നിർമ്മിച്ച വീട് ആർക്ക് വേണ്ടിയായിരുന്നു? അതിന് പിന്നിൽ ഒരു പ്രണയകഥയുണ്ട്. ആ കഥ പലരും പല രീതിയിലാണ് പറഞ്ഞു കൊണ്ടു വരുന്നത്. എന്തായാലും ആ പ്രണയകഥ സത്യമായിരുന്നു. അബുദബിയിൽ ജോലി ചെയ്തിരുന്ന സമയത്ത് കുറുപ്പു പരിചയപ്പെട്ട വണ്ടാനം സ്വദേശിനിക്ക് വേണ്ടിയാണ് ആ വീട് നിർമ്മിച്ചത്. (ചിലർ അത് കുറുപ്പിന്റെ കോളജ് കാമുകിയായിരുന്നുവെന്നും വിദേശത്ത് വച്ച് വീണ്ടും പുനസമാഗമം നടന്നുവെന്നുമാണ് പറയുന്നത്).
അന്നത്തെ കാലത്ത് അതൊരു ആഡംബര ബംഗ്ലാവ് ആയിരുന്നു. കാമുകിയുടെ വീടിന് സമീപം ഒരു മാളിക പണിയുക എന്നതായിരുന്നു കുറുപ്പിന്റെ ഉദ്ദേശ്യം. അതിനായി സ്ഥലം കണ്ടെത്തിയതും കാമുകി തന്നെയായിരുന്നു. സ്ഥലം വാങ്ങിയതും വീട് നിർമ്മിക്കാൻ മേൽനോട്ടം വഹിച്ചതും വണ്ടാനം മെഡിക്കൽ കോളജ് ജീവനക്കാരനും സഹോദരീ ഭർത്താവുമായ മധുസൂദനൻ ആയിരുന്നു. അന്ന് പണി നിലച്ച അവസ്ഥയിലാണ് കെട്ടിടം ഇന്നും കിടക്കുന്നത്. വീടിന്റെ പണി തീർക്കാൻ വേണ്ടിയാണ് കുറുപ്പ് ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ചത് എന്നായിരുന്നു പ്രചാരണം.
എന്നാൽ, കുറുപ്പിന് അബുദബിയിലെ ജോലിക്ക് കിട്ടുന്ന രണ്ടു മാസത്തെ ശമ്പളം തികയുമായിരുന്നു വീടിന്റെ പണികൾ പൂർത്തിയാക്കാൻ. 30 ലക്ഷത്തോളം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ കുറുപ്പ് തുനിഞ്ഞത് അബുദബി വാസം വെടിഞ്ഞ് കാമുകിയുടെ വീടിന് സമീപം സ്ഥിരതാമസത്തിനായിരുന്നു. ഒപ്പം ഒരു വമ്പൻ ബിസിനസും ലക്ഷ്യമിട്ടു. ഒപ്പം നിന്ന പൊന്നപ്പൻ, ഷാഹു, ഭാസ്കരപിള്ള, മധുസൂദനൻ എന്നിവർക്ക് ഒരു പങ്ക് കൊടുത്താലും വലിയ തുക കുറുപ്പിന്റെ കൈവശം അവശേഷിക്കുമായിരുന്നു. ഇത് ഉപയോഗിച്ച് ആഡംബര ജീവിതമാണ് ലക്ഷ്യമിട്ടത്. അത് ഇങ്ങനെയുമായി.
കുറുപ്പിന് യഥാർഥത്തിൽ എത്ര ഭാര്യമാരുണ്ട്?
രേഖകൾ പ്രകാരം കുറുപ്പിന് രണ്ടു ഭാര്യമാരാണുള്ളത്. സരസ്വതിയും അവരുടെ അനിയത്തി രാധാമണിയും. നാട്ടുകാർ പറയുന്നത് അനുസരിച്ച് രണ്ടു ബന്ധങ്ങളിലും കുറുപ്പിന് കുട്ടികളുമുണ്ട്. എന്നാൽ സത്യം എന്താണ്? കുറുപ്പ് യഥാർഥത്തിൽ വിവാഹം കഴിച്ചത് തന്റെ വീട്ടിലെ ആശ്രിതന്റെ മകളായ സരസമ്മയെയാണ്. ഇവരുടെ സഹോദരി തങ്കമണിയുടെ ഭർത്താവാണ് ചാക്കോ വധക്കേസിൽ കൂട്ടുപ്രതിയായ ഭാസ്കരപിള്ള. തങ്കമണിക്കും ഒരു അനിയത്തിയുണ്ടായിരുന്നു രാധാമണി.
ഈ രാധാമണിയെ കുറുപ്പ് വിവാഹം കഴിച്ചുവെന്നാണ് രേഖയുണ്ടാക്കിയത്. അതിന് മറ്റൊരു കാരണം ഉണ്ടായിരുന്നു. രാധാമണിയെ വിദേശത്തേക്ക് കൊണ്ടു പോകാൻ വേണ്ടി നടത്തിയ നാടകമായിരുന്നു കുറുപ്പുമായുള്ള കല്യാണം. വീട്ടുകാരും ബന്ധുക്കളുമെല്ലാം അറിഞ്ഞു കൊണ്ടാണ് അങ്ങനെ ഒരു രേഖയുണ്ടാക്കിയത്. കുറുപ്പിന്റെ കൂർമബുദ്ധിയിൽ വിരിഞ്ഞ മറ്റൊരു തന്ത്രമായിരുന്നു അത്. എയർഫോഴ്സിൽ നിന്ന് ചാടിപ്പോന്ന ഗോപാലകൃഷ്ണ പിള്ള വീട്ടിൽ വിളിക്കുന്ന സുകു എന്ന പേരിന് ചില കൂട്ടിച്ചേരലുകൾ വരുത്തി സുകുമാരക്കുറുപ്പ് ആയതു പോലെ കുരുട്ടുബുദ്ധി സകല കാര്യങ്ങൾക്കും കുറുപ്പ് പ്രയോഗിച്ചിരുന്നു. ഇതാണ് ബുദ്ധിമാനായ ക്രിമിനൽ എന്ന് വിളിക്കാൻ കാരണം.
കുറുപ്പ് സംഘം ചേർന്ന് പ്രയോഗിച്ച കുരുട്ടു ബുദ്ധിയൊന്നും ഫലവത്തായില്ല. പക്ഷേ, ഒറ്റയ്ക്ക് നടത്തിയ തിരോധാനം വിജയം കാണുകയും ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്