- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടതിനോട് അടുക്കാത്ത 'സമദൂരം'; വിശ്വാസവും ആചാരവും ജീവവായു; അധികാരത്തിന്റെ തള്ളലിൽ അത് മറക്കുന്നവർ തിരിച്ചടി നേരിടും; എൻ.എസ്.എസിന് പാർലമെന്ററി മോഹങ്ങളില്ല; എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പം; ചില ഇടതുപക്ഷ നേതാക്കളുടെ വിമർശനം അതിരുകടക്കുന്നുവെന്നും എൻ എസ് എസ്; സുകുമാരൻ നായരുടെ വാക്കുകൾ നേട്ടമാക്കാൻ യുഡിഎഫും ബിജെപിയും
കോട്ടയം: ശബരിമല വിഷയത്തിൽ ഇടതുപക്ഷ നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതൽ ഇറങ്ങിത്തിരിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.
ശബരിമല വിഷയത്തിന്റെ പേരിൽ എൻ.എസ്.എസിനെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ നടത്തിയ വിമർശനങ്ങൾക്കാണ് സുകുമാരൻ നായരുടെ മറുപടി.
എൻ.എസ്.എസിനോ, എൻ.എസ്.എസ് നേതൃത്വത്തിലുള്ളവർക്കോ പാർലമെന്ററി മോഹങ്ങളൊന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങൾക്കോ രാഷ്ട്രീയ നേട്ടങ്ങൾക്കോ വേണ്ടി ഏതെങ്കിലും സർക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതിൽക്കൽ പോയിട്ടുമില്ല. വിശ്വാസസംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ഇന്നോളം എൻ.എസ്.എസ്. നിലകൊണ്ടിട്ടുള്ളത്. എൻ.എസ്.എസ്. എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണെന്നും അതിൽ രാഷ്ട്രീയം കാണുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളും, അവർ ഏതു മതത്തിൽപ്പെട്ടവരായാലും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലിൽ ഇത് മറന്നുപോകുന്നവർക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എൻ.എസ്.എസിനെതിരെയുള്ള ഇത്തരം വിമർശനങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.
ശബരിമല വിഷയത്തിൽ കാനം രാജേന്ദ്രൻ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന പ്രസ്താവനയിലൂടെ എൻഎസ്എസ് നിലപാടുകളെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിക്കുകയാണെന്ന് സുകുമാരൻ നായർ നേരത്തെ ആരോപിച്ചിരുന്നു. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ നേതാക്കന്മാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ശബരിമല കേസിന്റെ ആരംഭം മുതൽ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരേ നിലപാടാണ് നായർ സർവീസ് സൊസൈറ്റി ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും എൻഎസ്എസ് വ്യക്തമാക്കിയിരുന്നു.
വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. 'തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ദേവസ്വംമന്ത്രി കടകംപള്ളി കഴിഞ്ഞുപോയ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു; കടകംപള്ളിയെ തിരുത്തിക്കൊണ്ടും സംസ്ഥാനസർക്കാർ ഈ വിഷയത്തിൽ ആദ്യം സ്വീകരിച്ചു നിലപാടിനെ ന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു; അതിനെ തുടർന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമർശിക്കാതെതന്നെ സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു. ഇതുകൂടാതെ, ദേവസ്വംമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെ പിന്തുണച്ചുകൊണ്ടും, വിശ്വാസസംരക്ഷണത്തിനായി ആദ്യം മുതൽ നിലകൊള്ളുന്ന എൻ.എസ്.എസ്സിനെ കുറ്റപ്പെടുത്തിക്കൊണ്ടും സിപിഐ. സംസ്ഥാന സ്വെക്രട്ടറി കാനം രാജേന്ദ്രൻ സർക്കാരിനെ സഹായിക്കാനെത്തുന്നു.' ഇതൊന്നും പോരാതെയാണ് 'കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല' എന്നു പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തവും സത്യസന്ധവുമായ ഒരു നിലപാട് ഉണ്ടായിരുന്നെങ്കിൽ ഈ നേതാക്കന്മാർക്കിടയിൽ ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ഇതുതന്നെയാണ് വിശ്വാസികൾക്ക് ഇവരോടുള്ള അവിശ്വാസത്തിനു കാരണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ