ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ദേശാഭിമാനി ലേഖനത്തിൽ ഉന്നയിച്ച ആക്ഷേപത്തിന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ലേഖനം മറുപടി അർഹിക്കാത്തതാണെന്ന് എൻഎസ്എസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതിൽ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. വിഷയത്തിന് മത-സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രിയാണ്. പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ പ്രതികരിച്ചത്. അല്ലാതെ പ്രസ്താവന നടത്തുകയായിരുന്നില്ല. എന്നാൽ ഈ വിഷയത്തിൽ മത-സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും തങ്ങൾക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.എസ്.എസിനെ സിപിഎം വളഞ്ഞവഴിയിൽ ഉപദേശിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് അടക്കം എല്ലാ സംഘടനകളുമായും ഒരേവിധത്തിലുള്ള സൗഹൃദമാണ് തങ്ങൾക്കുള്ളതെന്നും സുകുമാരൻ നായർ പറയുന്നു. ഏതെങ്കിലും സംഘടനയുമായോ രാഷ്ട്രീയ പാർട്ടിയുമായോ എൻഎസ്എസിന് ഏതെങ്കിലും തരത്തിലുള്ള അടുപ്പക്കൂടുതലോ അകൽച്ചയോ ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സുകുമാരൻ നായർ നടത്തിയ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയമായിരുന്നു. അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായം അംഗീകരിക്കില്ലെന്നാണ് എ വിജയരാഘവൻ ദേശാഭിമാനി ലേഖനത്തിൽ അറിയിച്ചത്.

മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫും ബിജപിയും മത്സരിക്കുന്നതാണ് കണ്ടത്. ആർ.എസ്.എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ സമുദായ സംഘടനകൾ ശ്രമിക്കുന്നത്, അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താൽപ്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരൻ നായരെപ്പോലുള്ള നേതാക്കൾ മനസ്സിലാക്കണമെന്നും വിജയരാഘവൻ ലേഖനത്തിൽ പറഞ്ഞിരുന്നു.