തിരുവനന്തപുരം: സൗമ്യതയുടെ പ്രതീകം ആയിരുന്ന അന്തരിച്ച കോൺഗ്രസ്സ് നേതാവ് ജി. കാർത്തികേയന്റെ കുടംബത്തോട് കോൺഗ്രസ്സ് നേതൃത്വം കാട്ടുന്നത് ക്രൂരതയാണോ? സഹതാപത്തിന്റെ പേര് പറഞ്ഞ് ജയിക്കാൻ സാധ്യതയില്ലാത്ത സീറ്റിൽ മകനെ ഇറക്കിയതും അതിന്റെ പേരിൽ അമ്മയുടെ തൊഴിൽ രാജി വയ്‌ക്കേണ്ടി വന്നതും കണക്കിലെടുത്താണ് ഇത്തരം ഒരു ചർച്ച കോൺഗ്രസ്സ് വൃത്തങ്ങളിൽ തന്നെ തെളിയുന്നത്.

മക്കൾ രാഷ്ട്രീയത്തെ എതിർത്തിരുന്ന കാർത്തികേയൻ ഒരിക്കലും മകനെ രാഷ്ട്രീയത്തിൽ ഇറക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് മറ്റ് പല നേതാക്കളുടെയും മക്കൾ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ തിളങ്ങിയിട്ടും ശബരിനാഥ് മാത്രം സ്വന്തം ജോലിയുമായി കഴിഞ്ഞതെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ അവസാന നിമിഷം സഹതാപ തരംഗങ്ങളിലൂടെ വിജയിക്കണമെന്ന് പറഞ്ഞ് പരീക്ഷിക്കാൻ ധൈര്യമില്ലാത്ത ഒരു സീറ്റിലേക്ക് കാർത്തികേയന്റെ മകനെ തള്ളിയിട്ട് എന്നാണ് ആക്ഷേപം.

അതിനിടെ സിപിഐ(എം). തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെ അന്തരിച്ച ജി. കാർത്തികേയന്റെ ഭാര്യ എം ടി. സുലേഖ സർക്കാർ ജോലി രാജിവച്ചു. സർവവിജ്ഞാന കോശം ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ സ്ഥാനമാണ് സുലേഖ രാജിവച്ചത്. രാജി സ്വീകരിച്ചതായി മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി. മുപ്പതാം തീയതി തന്നെ രാജി നൽകിയിരുന്നതായാണ് വിശദീകരണം. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് സുലേഖയ്ക്ക് എതിരെ സിപിഐ(എം) തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

അരുവിക്കര തെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം ലംഘിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് അഭ്യർത്ഥിച്ചു എന്നായിരുന്നു സിപിഐ(എം). ആരോപണം ഉന്നയിച്ചത്. സിപിഎമ്മിനുവേണ്ടി വി. ശിവൻകുട്ടി എംഎ‍ൽഎയാണ് സുലേഖയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഇതോടെയാണ് ജോലി രാജിവയ്‌ക്കേണ്ട അവസ്ഥയും വന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകണമെങ്കിൽ അതുണ്ടായേ പറ്റൂ. ഈ സാഹചര്യത്തിലാണ് രാജി.

അരുവിക്കരയിൽ ഇപ്പോഴും കോൺഗ്രസ് നേതാക്കളാരും സജീവമല്ല. പിറവത്തേയും നെയ്യാറ്റികരയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടൻ കാടിളക്കി പ്രചരണം നടത്തിയിരുന്നു. ഇപ്പോൾ കാർത്തികേയന്റെ പേരു പറഞ്ഞ് ശബരിനാഥനും ചില പ്രവർത്തകരും മാത്രമാണ് സജീവമായിട്ടുള്ളത്. അതിനിടെ ഭരണത്തിന്റെ വിലയിരുത്തലാകും അരുവിക്കര തെഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടുതൽ സംവിധാനങ്ങൾ അരുവിക്കരയിൽ ഉണ്ടാകണമെന്നാണ് ശബരീനാഥന്റെ ആവശ്യം.

രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തെയാണ് ശബരിനാഥൻ പ്രതീക്ഷയോടെ കാണുന്നത്. അല്ലാത്ത പക്ഷം ഇടതുമുന്നണി സ്ഥാനാർത്ഥി വിജയകുമാർ അനായാസ ജയം നേടുമായിരുന്നു. രാജഗോപാലിന്റെ വരവോട് ശക്തമായ ത്രികോണ മത്സരം വരും. അടിയൊഴുക്കുകൾ നിർണ്ണായകമാകുമ്പോൾ വോട്ട് ചോർച്ച ഉണ്ടാകാതെ നോക്കിയാൽ പോലും ജയിക്കാമെന്നാണ് ശബരീനാഥന്റെ പ്രതീക്ഷ. എന്നാൽ അതിനുള്ള പിന്തുണ പോലും കോൺഗ്രസ് നൽകുന്നില്ലെന്ന പരാതിയും സജീവമാണ്.