- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുവട്ടത്തെ ദുരിതാശ്വാസ ക്യാംപിൽ ആർ എസ് എസുകാരെ മർദ്ദിച്ചപ്പോൾ കിട്ടിയത് കൈയടി; കാഞ്ഞൂർ ക്ഷേത്ര ഉത്സവം അലങ്കോലപ്പെടുത്തിയപ്പോഴും ചേർത്തു നിർത്തി; സമ്മേളനത്തിലെ വിമർശനം വകവയ്ക്കാതെ ക്രിമിനലിനെ ഭാരവാഹിയാക്കിയ യുവജന സംഘടന; സുൽഫിത്തിനെ വളർത്തിയത് സിപിഎം; പള്ളിപ്പാട്ട് ശബരിയുടെ ജീവനെടുത്തത് സഖാക്കളുടെ ഹീറോ
ആലപ്പുഴ: സുൽഫിത്തും സംഘവും അടിച്ചു കൊന്ന ശബരി ഒരു കുടുംബത്തിന്റെ അത്താണി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സിമന്റും മണലും എത്തിച്ചുനൽകുന്നതായിരുന്നു ശബരിയുടെ ജോലി. സിപിഎമ്മിന് തുടർഭരണം കിട്ടിയത്തിന്റെ പിൻബലത്തിൽ സ്ഥലത്ത് വിലസുന്ന രാഷ്ട്രീയ ഗുണ്ടയാണ് കേസിലെ പ്രതി. ഡിവൈഎഫ്ഐ പ്രവർത്തകന്റെ നേതൃത്വത്തിൽ എട്ടംഗസംഘമാണ് ഹെൽമറ്റിന് തലയ്ക്കടിച്ചു വീഴ്‌ത്തി ക്രൂരമായി മർദ്ദിച്ച് ശബരിയെ ഗുരുതരാവസ്ഥയിലാക്കിയത്. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂർ കരിക്കാട്ട് ബാലചന്ദ്രന്റെയും സുപ്രഭയുടെയും മകൻ ശബരിയാണ് (28) ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ശബരിയെ മർദ്ദിച്ച ഒന്നാം പ്രതിയായ സുൽഫിത്ത് 2019 ഡിസംബർ 27ന് ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചേപ്പാട് സ്വദേശിയെ ആക്രമിച്ച കേസിലും നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി പരിക്കേല്പിച്ച കേസിലും പ്രതിയാണ്. ഈ കേസുകൾക്ക് ശേഷവും ഇയാൾക്ക് എല്ലാ സംരക്ഷണവും സിപിഎം നൽകി. ഇതിന്റെ പ്രതിഫലനമാണ് ശബരിയുടെ കൊലയിലും നിറയുന്നത്.
ക്രിമിനൽ കേസുകളിൽ പ്രതിയായ സുൽഫിത്തിനെ ഡിവൈഎഫ്ഐ. ഭാരവാഹിയാക്കുന്നതിൽ അടുത്തിടെ നടന്ന മേഖലാ, ബ്ലോക്ക് സമ്മേളനങ്ങളിൽ വിമർശനമുയർന്നിരുന്നു. എന്നാൽ, ഏരിയ നേതൃത്വം ഇയാൾക്കനുകൂലമായ നിലപാടാണു സ്വീകരിച്ചത്. ശബരിയുടെ കൊലപാതകത്തിന് ശേഷം സുൽഫിത്തിനെ ഡിവൈഎഫ്ഐ.യുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയതായും മറ്റു പ്രതികൾക്ക് ഡിവൈഎഫ്ഐ.യുമായി ബന്ധമില്ലെന്നും ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിലറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച തർക്കത്തിൽ രണ്ട് ആർ. എസ്. എസ് പ്രവർത്തകർക്ക് വെട്ടേറ്റത് 2021 ഒക്ടോബറിലാണ്. പള്ളിപ്പാട് നടുവട്ടം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് അന്ന് ആർ. എസ്. എസ്, ഡി. വൈ. എഫ്. ഐ പ്രവർത്തകർ തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്ന് വില്ലജ് ഓഫീസർ, ഹരിപ്പാട് സി. ഐ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പാർട്ടി പ്രവർത്തകരുമായി സംസാരിച്ചു ഫുഡ് കമ്മിറ്റിക്ക് രൂപം നൽകി.
എല്ലാ പാർട്ടി പ്രവർത്തകർക്കും കൃത്യമായ പ്രാതിനിത്യം നൽകിയാണ് കമ്മിറ്റി രൂപീകരിച്ചത്. തുടർന്ന് ഭക്ഷണ വിതരണം കഴിഞ്ഞു മടങ്ങുമ്പോഴാണ് ഇരു വിഭാഗങ്ങളും തമ്മിൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർഎസ്എസ് ശാഖ കാര്യവാഹ് എം. ഗിരീഷ്, സനിൽ എന്നിവർക്കാണ് വെട്ടേറ്റത്. സുൽഫിത്തായിരുന്നു ആക്രമണത്തിന് പിന്നിൽ. തുടർന്ന് ആർ എസ് എസും തിരിച്ച് ആക്രമിച്ചു. അങ്ങനെ കൂട്ട അടിയായി അത് മാറുകയും ചെയ്തു.
2019 ഡിസംബർ 27 -ന് ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചേപ്പാട് സ്വദേശി രതീഷിനെ ആക്രമിച്ച കേസിലും വില്ലൻ സുൽഫിത്തായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.30ന് പള്ളിപ്പാട് നീറ്റൊഴുക്ക് ജംഗ്ഷനിൽ വച്ച് ബൈക്കിലെത്തിയ ശബരിയെ തടഞ്ഞുനിറുത്തി ഹെൽമറ്റ്, വടി, കല്ല് എന്നിവ ഉപയോഗിച്ച് മൃഗീയമായി ആക്രമിക്കുകയായിരുന്നു സുൽഫിത്തും സംഘവും. ഡിവൈഎഫ്ഐ പള്ളിപ്പാട് മേഖല മുൻ സെക്രട്ടറിയാണ് മുട്ടം കാവിൽ തെക്കതിൽ സുൽഫിത്ത്. ഈ കേസിൽ മുട്ടം കണ്ണൻ ഭവനത്തിൽ കണ്ണന്മോൻ (കണ്ണൻ -23), മുതുകുളം വടക്ക് ചൂളത്തേൽ വടക്കതിൽ അജീഷ് കുമാർ (28) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. മറ്റ് പ്രതികൾ ഒളിവിലാണ്. സംഭവത്തെത്തുടർന്ന് സുൽഫിത്തിനെ ഡിവൈഎഫ്ഐയിൽ നിന്നു പുറത്താക്കിയിരുന്നു.
സുൽഫിത്തിന് ശബരിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശബരിയെ തടഞ്ഞുനിറുത്തി തലയിലിരുന്ന ഹെൽമറ്റ് പിടിച്ചുവാങ്ങിയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ശബരിയെ ആശുപത്രിയിലെത്തിക്കാൻ പ്രതികളെ ഭയന്ന് നാട്ടുകാർ തയ്യാറായില്ല. പിന്നീട് പൊലീസ് എത്തിയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്ഥിതി വഷളായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ശബരിയുടെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിന് ക്ഷതവും ഉണ്ടായിരുന്നു.
ആഴ്ചകൾക്കു മുൻപ് പൊലീസെന്ന വ്യാജേന ഒരാൾ ഒന്നിലേറെത്തവണ സുൽഫിത്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്നു പൊലീസ് പറയുന്നു. അതു ശബരിയാണെന്നു തെറ്റിദ്ധരിച്ചാണ് ആക്രമിച്ചത്. സുൽഫിത്തും കൂട്ടരും ശബരിയെ മർദിക്കുന്നതിനിടെ അവിടെയെത്തിയ നാലാം പ്രതി അജീഷും ഹെൽമറ്റ് കൊണ്ട് അടിച്ചു. തന്റെ ബന്ധുവായ സ്ത്രീയുമായി സംസാരിച്ചതു ചോദ്യംചെയ്താണ് അജീഷ് ആക്രമിച്ചതെന്ന് സിഐ ബിജു വി.നായർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ