ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ അവഹേളിക്കുന്നതിനായി നിർമ്മിച്ച സുള്ളി ഡീൽസ് എന്ന ആപ്പിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം. മുസ്ലിം സ്ത്രീകളെ വിൽപ്പനക്ക് വെച്ചിരിക്കുന്നു എന്ന് ചിത്രീകരിക്കുന്നതാണ് ആപ്പ്. അതിന് വേണ്ടി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ ശേഖരിച്ച് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം വനിതാ ആക്ടിവിസ്റ്റുകൾ, ജേർണലിസ്റ്റുകൾ, വിദ്യാർത്ഥിനികൾ തുടങ്ങിയവരെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു വെബ്‌സൈറ്റിലെ ഉള്ളടക്കം പ്രത്യക്ഷപ്പെട്ടത്.

പരാതികളുയർന്ന സാഹചര്യത്തിൽ സുള്ളി ഡീൽസ് ആപ്പ് നിർമ്മാതാക്കൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. സുള്ളി ഡീൽസ് എന്ന ആപ്പ് ലഭ്യമാക്കിയതിന് ജനപ്രിയ ഓപൺ സോഴ്സ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബിന് നോട്ടീസ് അയക്കുകയും ചെയ്തു. ഉത്തരേന്ത്യയിൽ മുസ്ലിം സ്ത്രീകളെ അപമാനിക്കാൻ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'. നിയമവിരുദ്ധമായി മുസ്ലിം സ്ത്രീകളുടെ ഫോട്ടോ ശേഖരിച്ച് അപകീർത്തികരമായി ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ.പി.സി 354 എ പ്രകാരം സ്ത്രീകൾക്കെതിരേ അതിക്രമം നടത്തിയതിനാണ് കേസെടുത്തതെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും ഡൽഹി പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ(ഡി.സി.ഡബ്ല്യു) ഡൽഹി പൊലീസിന് നോട്ടിസ് നൽകുകയും വിശദമായ റിപോർട്ട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. ജൂലൈ 12നകം വിശദീകരണം നൽകണമെന്നാണ് വനിതാ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എഫ്.ഐ.ആർ കോപ്പി, തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതുമായ പ്രതികളുടെ വിവരങ്ങൾ, സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോർട്ട് എന്നിവ സമർപ്പിക്കാനാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 'ഗിറ്റ് ഹബ്' എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തതായുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡൽഹി വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. നൂറുകണക്കിന് മുസ്ലിം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫോട്ടോകൾ അജ്ഞാതർ അപ്ലോഡ് ചെയ്തതായി റിപോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിതെ സ്ത്രീകളെ അപമാനിച്ച 'സുള്ളി ഡീൽസി'നെതിരെ സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ശശി തരൂർ എംപി അടക്കമുള്ളവർ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഗിറ്റ് ഹബ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് 'സുള്ളി ഡീൽസ്' എന്ന വെബ്‌സൈറ്റിൽ ഇന്നത്തെ ഡീൽ' എന്ന അടിക്കുറിപ്പോടെ ചില പ്രൊഫൈലുകളിൽ നിന്ന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ജൂലൈ നാലിനാണ് ഗിറ്റ് ഹബ് വഴി സംഘം നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത്. നിരവധിയാളുകൾ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സംഭവം വിവാദമായതോടെ സുള്ളി ഡീൽസ് എന്ന ആപ്പിന്റെ ഓപൺ സോഴ്സ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ് ചിത്രങ്ങൾ പിൻവലിക്കുകയായിരുന്നു.