- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുള്ള്യയിൽ യുവമോർച്ച നേതാവിന്റെ കൊലപാതകം എസ്ഡിപി കേരള ഘടകം നടപ്പിലാക്കിയതോ? മഞ്ചേശ്വരത്തെ എസ്ഡിപി പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു; അറസ്റ്റു ചെയ്ത രണ്ടു പേരും ഗൂഢാലോചനാ പങ്കാളികളെന്ന് പൊലീസ്; കേരള രജിസ്ട്രേഷൻ ബൈക്കിനെ കണ്ടെത്താൻ പൊലീസ്; അക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്ന് സൂചന; അന്വേഷണം കർണ്ണാടക അതിർത്തിക്കിപ്പുറം തന്നെ
മംഗളൂരു: സുള്ള്യയിൽ യുവമോർച്ച നേതാവ് വെട്ടേറ്റ് മരിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ എന്ന് സ്ഥിരീകരണം. എന്നാൽ ഇതിന് അപ്പുറത്തേക്ക് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് സൂചന. എസ്ഡിപിഐ നേതാവും സുള്ള്യ സവനുർ സ്വദേശിയുമായ സക്കീർ (29), ബെല്ലാരെ സ്വദേശി ഷഫീഖ് (27) എന്നിവരെയാണ് പ്രത്യേക അന്ന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഷെഫീക്കും സക്കീറും ഗൂഢാലോചന നടത്തിയവരാണെന്നും അക്രമികളെ ഇനിയും പിടികൂടിയിട്ടില്ല എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.
അതേസമയം കൊലപാതകത്തിൽ കൃത്യമായി പങ്കുണ്ടെന്ന് പറയപ്പെടുന്നു കാസർകൊട് മഞ്ചേശ്വരം മണ്ഡലത്തിലെ താമസക്കാരനായ ഒരു എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കേരള പൊലീസിന്റെ സഹായത്തോടെയാണ് കർണാടക പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേര് വിവരങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. യുവമോർച്ച നേതാവിന്റെ കൊലപാതകത്തെ തുടർന്ന് കർണാടക മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ് സർക്കാർ.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. സാക്കീറിനെതിരെ നേരത്തെയും കേസുകളുണ്ട്. പ്രതികൾ കേരളത്തിലേക്ക് കടക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്പി പറഞ്ഞു.
പ്രവീൺ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനുപിന്നാലെയാണ് പിഎഫ്ഐ പ്രവർത്തകർ പിടിയിലായിരിക്കുന്നത്. അതേസമയം പ്രതികൾ ഉപയോഗിച്ചിരുന്നത് കേരള രജിസ്ട്രേഷനുള്ള ബൈക്കാണ്. അതുകൊണ്ടുതന്നെ പ്രതികൾക്ക് കേരളവുമായി ബന്ധമുണ്ടെന്ന നിഗമനത്തിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കേസ് കേന്ദ്ര അന്വേഷണ സംഘത്തിന് കൈമാറാൻ തയ്യാറാണ് കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരുവാണ് കൊല്ലപ്പെട്ടത്. അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്നാണ് സൂചന. കർണ്ണാടകയിൽ വലിയ പ്രതിഷേധമാണ് ബിജെപി പ്രവർത്തകർ ഉയർത്തുന്നത്. പ്രവീണിന്റെ കൊലയാളികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായി കർണാടകയിലെ ബിജെപി എംഎൽഎ രംഗത്തെത്തി. പ്രതികൾക്ക് തക്ക ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്നും ഹൊന്നാലി എംഎൽഎ എംപി. രേണുകാചാര്യ മുന്നറിയിപ്പു നൽകി. കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് പ്രവീണിന്റെ മാതാവും ആവശ്യപ്പെട്ടു. േ
പ്രവീണിന്റെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് അദ്ദേഹത്തിന്റെ അമ്മ ആവശ്യപ്പെട്ടു. 'എനിക്ക് ഒട്ടും സുഖമില്ല. പ്രവീണിന്റെ അച്ഛനും ഹൃദ്രോഗിയാണ്. ഞങ്ങളുടെ ഒരേയൊരു മകനായിരുന്നു അവൻ. ഞങ്ങൾ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇനി അതൊക്കെ ആരു ചെയ്യും? കുറ്റവാളികൾക്ക് തക്ക ശിക്ഷ ഉറപ്പാക്കണം. ഘാതകരെ തൂക്കിക്കൊല്ലണം' അമ്മ ആവശ്യപ്പെട്ടു. നേരത്തെ, ട്വിറ്ററിലൂടെയാണ് പ്രവീണിന്റെ കൊലയാളികളെ എൻകൗണ്ടറിലൂടെ വധിക്കണമെന്നു ബിജെപി എംഎൽഎ ആവശ്യപ്പെട്ടത്. ''ഹിന്ദു സഹോദരന്മാർ കൊല്ലപ്പെടുമ്പോഴെല്ലാം നാം സ്ഥിരമായി അതിനെ അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. 'ഓം ശാന്തി' പോസ്റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല. ആളുകൾക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കിൽ, കുറ്റവാളികളായവരെ തെരുവിൽവച്ച് എൻകൗണ്ടറിലൂടെ വധിക്കണം' എംഎൽഎ ചൂണ്ടിക്കാട്ടി.
''ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ ശൈലിയിൽ വേണം ഇത്തരം ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ. എങ്കിൽ മാത്രമേ നമുക്ക് സർക്കാരിന്റെ പ്രതിഛായ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ അധികാരത്തിൽ തുടരുന്നതിൽ എന്ത് അർഥമാണുള്ളത്? ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നാൽ ഞാൻ സർക്കാരിനൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ രാജിവയ്ക്കും' രേണുകാചാര്യ കുറിച്ചു. കൊലപാതക കേസിൽ 21 എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോടിലേക്കും കണ്ണൂരിലേക്കും കർണാടക പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് വൈകുന്നതിന് എതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകൾക്ക് എതിരെ കർണാടക സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. കസ്റ്റഡിയിൽ ഉള്ള രണ്ടു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
രാജിഭീഷണിയും പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ രണ്ടാം ദിവസവും തെരുവിലാണ്. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കൂട്ടരാജിക്കത്ത് അയച്ചതോടെ കേന്ദ്രം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി. പ്രതികൾ കേരളത്തിലേക്ക് കടന്നെന്ന സംശയത്തിൽ കേരളാ ഡിജിപിയോട് കർണാടക പൊലീസ് മേധാവി സഹായം തേടി. ദക്ഷിണ കന്നഡ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാസർകോടും കണ്ണൂരും കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. നടന്നത് ആസൂത്രിത കൊലപാതകമെന്നാണ് ബിജെപി ആരോപിക്കുന്നത്. കനയ്യ ലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീൺ നെട്ടാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബിജെപി ആരോപണം.
ചൊവ്വാഴ്ച്ച രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് യുവമോർച്ച മംഗ്ലൂരു ജില്ലാ സെക്രട്ടറിയായ പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുറകിൽ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീൺ നെട്ടാരു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകശേഷം ഉടൻ തന്നെ പ്രതികൾ രക്ഷപ്പെട്ടു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്