- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തത്തയ്ക്കെന്താ കോടതിയിൽ കാര്യം? തത്തയെ പിടിക്കാൻ ജഡ്ജിയും പൊലീസും രാത്രിയിലെത്തി: രണ്ടു ദിവസത്തെ ബഹളത്തിന് ഒടുവിൽ അവൻ കീഴടങ്ങി; വഞ്ചിയൂർ കോടതിയിൽ അഭയം തേടിയ ലക്ഷങ്ങൾ വിലയുള്ള ലമൺ തത്തയുടെ കഥ
തിരുവനന്തപുരം: ബുധനാഴ്ച വൈകിട്ട് 5.15. വഞ്ചിയൂർ കോടതി പിരിഞ്ഞ് ജഡ്ജിമാരും അഭിഭാഷകരും പോകാനൊരുങ്ങുമ്പോൾ കോടതി വളപ്പിൽ ഒരു ബഹളം. കാക്കകൾ ഒരു വെളുത്ത തത്തയെ ആക്രമിക്കുകയാണ്. അവിടെയുണ്ടായിരുന്ന ചില അഭിഭാഷകർ ചേർന്ന് കാക്കകളെ ഓടിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ തത്ത പ്‌ളിക് പ്രോസിക്യൂട്ടറുടെ ഓഫീസ് കെട്ടിടത്തിനു മുകളിൽ അഭയം തേടി. ഇനിയാണ് കഥ
തിരുവനന്തപുരം: ബുധനാഴ്ച വൈകിട്ട് 5.15. വഞ്ചിയൂർ കോടതി പിരിഞ്ഞ് ജഡ്ജിമാരും അഭിഭാഷകരും പോകാനൊരുങ്ങുമ്പോൾ കോടതി വളപ്പിൽ ഒരു ബഹളം. കാക്കകൾ ഒരു വെളുത്ത തത്തയെ ആക്രമിക്കുകയാണ്. അവിടെയുണ്ടായിരുന്ന ചില അഭിഭാഷകർ ചേർന്ന് കാക്കകളെ ഓടിക്കാൻ ശ്രമിച്ചു.
ഇതിനിടയിൽ തത്ത പ്‌ളിക് പ്രോസിക്യൂട്ടറുടെ ഓഫീസ് കെട്ടിടത്തിനു മുകളിൽ അഭയം തേടി. ഇനിയാണ് കഥ തുടങ്ങുന്നത്. ഈ തത്ത വെറും തത്തയല്ല. ഒരുലക്ഷം രൂപ വിലയുള്ള വിദേശയിനം തത്തയാണ്. കഴിഞ്ഞ ദിവസം ഈ തത്തയെ കാണാനില്ലെന്നുകാണിച്ച് ഉടമസ്ഥർ ഒരു പത്രത്തിൽ വാർത്ത നൽകിയിരുന്നു. ഈ വാർത്ത വായിച്ച അഭിഭാഷകരാണ് തത്തയെ തിരിച്ചറിഞ്ഞത്. തലയിൽ ഗ്‌ളാഡിയേറ്ററിന്റെ കിരീടംപോലെ തൂവലുള്ള വെള്ളിറത്തിലുള്ള ആൺതത്ത എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു. ടെക്‌നോപാർക്കിലെ അലൈൻസ് കോൺഹിൽ കമ്പനിയിലെ ഉദ്യോഗസ്ഥരായ വഞ്ചിയൂർ അംബാനഗർ 'പ്രശാന്തം' വീട്ടിൽ (എആർഎ111) അരുൺ സൂരജ്‌സ്മിത ദമ്പതികളുടേതാണ് 'ലമൺ' എന്ന ഓമപ്പേരിട്ടുവിളിക്കുന്ന ആൺ തത്ത. ഓസ്‌ട്രേലിയയില് കാണപ്പെടുന്ന ഈതത്തയുടെ യഥാർത്ഥനാമം സൾഫർ ക്രെസ്‌റഡ് കൊക്കറ്റൂ (sulfur crestedcockatoo) എന്നാണ്.
തത്ത കോടതിയിലെത്തിയെന്നറിഞ്ഞ് ഉടമസ്ഥയായ സ്മിതയും അച്ഛനും എത്തി. അനുയിപ്പിച്ച് പിടികൂടാനുള്ള ഇവരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. നേരം സന്ധ്യയായതോടെ കോടതി പരിസരത്തുനിന്നുപോകണം എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നല്കി. പക്ഷേ തന്റെ ഇണക്കിളിയെ ഉപേക്ഷിച്ച് പോകാൻ മനസുവരാത്ത സ്മിത കോടതിയുടെ സഹായം തേടാൻ തീരുമാനിച്ചു. ജഡ്ജിയെ കണ്ട് അനുവാദം വാങ്ങിയ സ്മിതയും അച്ഛനും തത്തയെ പിടികൂടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മൃഗശാലയെ സമീപിച്ചു.
എന്നാൽ അവർ സഹായിച്ചില്ല. അതോടെ ഫയർഫോഴ്‌സിനെ സമീപിച്ചു. രാത്രി എട്ടുമണിയോടെ ഫയർഫോഴ്‌സ് എത്തിയപ്പോൾ അകത്തേയ്ക്ക് കടത്തിവിടില്ലെന്നായി കോടതിയുടെ സുരക്ഷാ ജീവക്കാർ. ജഡ്ജി നേരിട്ടോ, എഴുതിയോ ഉത്തരവ് നൽകാതെ ഫയർഫോഴ്‌സിനെ അകത്തേയ്ക്കു കയറാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഫയർഫോഴ്‌സ് യൂണിറ്റ് മടങ്ങിപ്പോയി.
ഇതോടെ ആകെ തളർന്ന സ്മിത വീണ്ടും കോടതിയുടെ സഹായം തേടാൻ തീരുമാനിച്ചു. രാത്രി 9.30ഓടെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഷിർസി, സിജെഎം സുജിമോൾ കുരുവിള എന്നിവർ നേരിട്ടെത്തി. ഇവരുടെ ഉത്തരവ് ലഭിച്ചതോടെ ഫയർഫോഴ്‌സ് സംഘം വീണ്ടുമെത്തി തത്തയെ പിടിക്കാൻ ശ്രമം നടത്തി. പക്ഷേ അഞ്ചുമണിക്കൂർ നേരം കാത്തുനിന്ന നാട്ടുകാരേയും, പൊലീസിനേയും, ഫയർഫോഴ്‌സിനേയും, കോടതിയേയും, നാട്ടുകാരേയും, പത്രക്കാരേയുമെല്ലാം കബളിപ്പിച്ച് ലമൺ പറന്ന് ഇരുട്ടിൽ മറഞ്ഞു. ഇന്നു രാവിലെ ലമണിനെ പലസ്ഥലത്തും കണ്ടുവെന്ന് നാട്ടുകാരും പൊലീസുകാരും ഉൾപ്പെടെ പലരും ഉടമസ്ഥരെ വിളിച്ചറിയിച്ചു.
സ്മിതയുടെ വീട് സ്ഥിതിചെയ്യുന്ന അംബാനഗറിലും, വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിസരത്തുമെല്ലാം അവൻ പറന്നു നടന്നു. വിവരമറിഞ്ഞ് സ്മിത എത്തിയതോടെ ലമൺ വീണ്ടും കോടതിവളപ്പിലേക്ക് പറന്നുപോയി. അഭിഭാഷകരും കോടതിയിലെത്തിയവരും ഉടമസ്ഥരും ചേർന്ന് പല നമ്പരുകള് ഇട്ടുനോക്കിയെങ്കിലും ലമണിനെ പിടിക്കാനായില്ല. കോടതി സമയം കഴിയുന്നതുവരെ കാത്തിരിക്കാനായിരുന്നു സ്മിതയുടേയും കുടുംബത്തിന്റേയും തീരുമാനം. അപ്പോഴാണ് കരാമൻ സ്വദേശി ശരവണന് ആ വഴിക്ക് വരുന്നത്..
പക്ഷി വളർത്തലിൽ പരിചയമുള്ള ശരവണന് ലമണിനെ വരുതിയിലാക്കാനുള്ള പല നമ്പരുകളും ഇറക്കി. ഗതിയില്ലാതെ ലമണ് കീഴടങ്ങാന് തന്നെ തീരുമാനിച്ചു. തനിക്കു നേരെ പറന്നടുത്ത ലമണിനെ ശരവണന് ഒരു അടി, അതാ കിടക്കുന്നു അവന് തറയില്.. ഇതുകണ്ട ഉടമസ്ഥ സ്മിത ആനന്ദ കണ്ണീരൊഴുക്കി. ആറു ദിവസത്തെ തിരച്ചിലിനൊടുവില് തന്റെ പക്ഷിയെ തിരിച്ചു കിട്ടിയ സന്തോഷം സ്മിത മറച്ചു വച്ചില്ല...കണ്ടു നിന്ന അഭിഭാഷകര് കയ്യടിച്ചു. കോടതിയിലെത്തി ജഡ്ജിയോടും അഭിഭാഷകരോടും ശരവണനോടും നന്ദി പറഞ്ഞു ലമണിനെയും കൊണ്ട് സ്മിത മടങ്ങി..