ന്യൂഡൽഹി: ഗൗരി ലങ്കേഷ് വിഷയം കൈകാര്യം ചെയ്ത റിപ്പബ്ലിക് ടിവി നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തി മാധ്യമപ്രവർത്തക ചാനലിൽ നിന്നും രാജിവെച്ചു. സുമാന നന്ദി എന്ന യുവ മാധ്യമപ്രവർത്തകയാണ് ഫേസ്‌ബുക്കിൽ പരസ്യ പ്രതിഷേധം രേഖപ്പെടുത്തി രാജി പ്രഖ്യാപനം നടത്തിയത്. റിപ്പബ്ലിക് ടിവിയുടെ തലവൻ അർണാബ് ഗോസ്വാമിക്കെതിരെ കടന്നാക്രമണം നടത്തിയാണ് രാദി.

രാജിപ്രഖ്യാപനം നടത്തികൊണ്ട് സുമാന ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചാനലിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണുകൾ എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ സ്വന്തം സ്വത്വം പോലും വിൽക്കാൻ തയ്യാറാവുമ്പോൾ സമൂഹം പിന്നെ എങ്ങോട്ടാണ് പോവേണ്ടതെന്ന് സുമാന തന്റെ കുറിപ്പിൽ ചോദിക്കുന്നു.

ആർഎസ്എസ് ബിജെപി ഗൂഢാലോചനയിൽ നടന്ന കൊലപാതകത്തെ ചോദ്യം ചെയ്യുന്നതിനു പകരം പ്രതിപക്ഷത്തെ ചോദ്യം ചെയ്യുന്ന റിപ്പബ്ലിക് ടിവിയുടെ നിലപാടിനെ ചോദ്യം ചെയ്തു കൊണ്ടാണു സുമന രാജിവച്ചത്.

സുമാന നന്ദിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം.

ചെറിയ കാലയളവിലുള്ള എന്റെ മാധ്യമപ്രവർത്തന ജീവിതത്തിൽ ജോലി ചെയ്ത സ്ഥാപനങ്ങളെ കുറിച്ച് എന്നും ഞാൻ അഭിമാനിച്ചിട്ടേയുള്ളൂ, എന്നാൽ ഇന്ന് ഞാൻ ലജ്ജിക്കുന്നു.! സ്വതന്ത്ര മാധ്യമസ്ഥാപനം ഇന്ന് ജനങ്ങളെ കബളിപ്പിക്കുന്ന സർക്കാരിനു വേണ്ടി വാദിക്കുന്നു.
ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നും വധഭീഷണി ഉയർന്ന് ദിവസങ്ങൾക്കുള്ളിലാണ് ഒരു മാധ്യമപ്രവർത്തക കൊലചെയ്യപ്പെട്ടത്. കൊലയാളികളെ ചോദ്യം ചെയ്യുന്നതിന് പകരം അവർ പ്രതിപക്ഷത്തെയാണ് ചോദ്യം ചെയ്യുന്നത്. എങ്ങോട്ടാണ് നിങ്ങൾ പോകുന്നത്, എവിടെയാണ് ധാർമ്മികത?

ചില മാധ്യമപ്രവർത്തകർ കൊലയെ ആഘോഷിക്കുക പോലും ചെയ്യുന്നു. ഈ രാജ്യങ്ങൾക്കൊപ്പം എത്താൻ ഇനി വളരെ കുറച്ച് എണ്ണം മരണങ്ങളുടെ ദൂരം മാത്രമേ നമുക്കും ബാക്കിയുള്ളൂ. ആത്മാവിനെ വിൽക്കാൻ നാലാം തൂണുകൾ തയ്യാറാവുമ്പോൾ ഈ സമൂഹം ഇനി എങ്ങോട്ടാണ് പോവേണ്ടത്? ഞങ്ങൾ നിങ്ങളെ പരാജയപ്പെടുത്തി മാഡം, ഇപ്പോൾ എനിക്ക് ഇത് മാത്രമേ അറിയുള്ളൂ, ഇതിലും എത്രയോ ഭേദപ്പെട്ട സ്ഥലത്താണ് ഇപ്പോൾ നിങ്ങളുള്ളത്.

പി.എസ്: ഇത് എന്തായാലും ഇതിന് എത്ര പ്രധാന്യമുണ്ടായാലും ഇനി എന്റെ ബയോഡാറ്റയിലോ സോഷ്യൽ മീഡിയയിലോ പേരിനൊപ്പം റിപ്പബ്ലിക് ടിവി എന്ന് ചേർക്കാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല. ഈ സ്ഥാപനവുമായി സഹകരിച്ചതിൽ ഞാൻ ഖേദിക്കുന്നു.
#ഗൗരിലങ്കേഷ്