ന്യൂയോർക്ക്: ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നവംബർ 18ന് വൈകിട്ട് 6 മണിക്ക് ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജന് കോൺസുലേറ്റ് ജനറൽ ജ്ഞാനേശ്വർ മുലായ്‌യും വനിതാ ഫോറവും ചേർന്ന് വൻ വരവേൽപ് നൽകി.എട്ട് തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച, മുതിർന്ന ലോക്‌സഭാംഗവും, ഇപ്പോൾ സ്പീക്കറുമായ സുമിത്ര മഹാജനെ കോൺസുലേറ്റ് ജനറൽ അഭിനന്ദിച്ചു.

വനിതകൾ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും, അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ പുതിയ ഗവൺമെന്റ് കണക്കിലെടുക്കുമെന്ന് സ്പീക്കർ ഉറപ്പ് നൽകുകയും ചെയ്തു. ഇന്ത്യയിലെ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കു തുല്യവിദ്യാഭ്യാസത്തിന്റെ കുറവ്, നഗരങ്ങളിൽ സ്ത്രീകൾക്കുള്ള സുരക്ഷിതത്വമില്ലായ്മ, സ്ത്രീകളുടെ മേലുള്ള അരാജകത്വം എന്നിവയെപ്പറ്റി വനിതകൾ ഖേദം പ്രകടിപ്പിച്ചു.

പുതിയ സർക്കാർ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് കൂടുതൽ മുൻതൂക്കം നൽകുമെന്ന് സ്പീക്കർ ഉറപ്പു നൽകി. ഏകദേശം അമ്പതോളം വനിതകൾ വിവിധ സംഘടനകളിൽ നിന്ന് സന്നിഹിതരായിരുന്നു. ഫൊക്കാനയെ പ്രതിനിധീകരിച്ച് വിമൻസ് ഫോറം ചെയർ ലീല മാരേട്ട് സംബന്ധിച്ചു. കോൺസുലേറ്റ് ജനറൽ ജ്ഞാനേശ്വർ മുലായ് സംഘടിപ്പിച്ച രണ്ടാമത്തെ മീറ്റിംഗായിരുന്നു ഇത്. വിവിധ തുറകളിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് പരസ്പരം കണ്ടുമുട്ടി ആശയവിനിമയം നടത്താനുള്ള ഒരു വേദികൂടിയായിരുന്നു.

വനിതകളെ പ്രോത്സാഹിപ്പിക്കുവാനുള്ള ഇതുപോലുള്ള മീറ്റിംഗുകൾ തുടർച്ചയായി കോൺസുലേറ്റിൽ സംഘടിപ്പിക്കുന്നതാണെന്ന് അംബാസിഡർ പ്രസ്താവിച്ചു. ഇന്ത്യൻ സമൂഹത്തിൽ നിന്ന് ഉന്നത തലത്തിൽ എത്തിനിൽക്കുന്ന സ്ത്രീകളെ മുഖ്യാതിഥികളായി ക്ഷണിക്കും. ഡിസംബർ മാസത്തിൽ മുൻ അംബാസിഡർ നിരുപമ റാവുവും, ജനുവരിയിൽ പെപ്‌സികോ സിഇഒ ഇന്ദിരാ നൂയിയും മുഖ്യാതിഥികളായിരിക്കും.