മലപ്പുറം: വിവാഹത്തിന്റെ പത്താം വർഷത്തിൽ ഭർതൃ ഗൃഹത്തിൽ വെച്ച് യുവതി മരിച്ച സംഭവത്തിൽ ദുരൂഹതകളേറെ. പൊലീസ് നടപടികളിൽ സർവത്ര സംശയങ്ങളും. മംഗലം കാവഞ്ചേരി തച്ചംപറമ്പത്ത് സുമിത്ര (29) പുറത്തൂർ കാവിലക്കാട്ടെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാരുടെ വാദം. ശാസ്ത്രീയമായ അന്വേഷണങ്ങൾക്ക് മുതിരാതെ ഇത് അതേപടി വിശ്വസിക്കുകയായിരുന്നു പൊലീസും.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയിലും ശരീരത്തിലുമായി ഒമ്പത് മുറിവുകളുണ്ട്. എന്നാൽ ഇത് പൊലീസിന്റെ ഇൻക്വസ്റ്റിൽ കണ്ടതേയില്ല. ഉച്ച ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതിന് ശേഷമായിരുന്നു ആത്മഹത്യയെന്നാണ് ഭർതൃ വീട്ടുകാർ നൽകുന്ന വിശദീകരണം. അതേസമയം
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം 10 മില്ലിഗ്രാം ഭക്ഷണമാണ് ആമാശയത്തിലുള്ളത്. കതക് അടച്ച് ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നുവെന്നും പിന്നീട് വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നെന്നുമായിരുന്നു ഭർതൃ വീട്ടുകാരുടെ വിശദീകരണം. എന്നാൽ ഇതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലന്ന് സുമിത്രയുടെ ബന്ധുക്കൾ പറയുന്നു.

ഇക്കാര്യങ്ങളെല്ലാം പൊലീസിൽ പലതവണ പറഞ്ഞിട്ടും ചെവികൊടുക്കാതെ ആത്മഹത്യയാണെന്ന് വരുത്തി തീർക്കുകയായിരുന്നു പൊലീസ്. ഈ സാഹചര്യത്തിൽ സുമിത്രയുടെ സഹോദരങ്ങൾ, നാട്ടുകാർ, പ്രദേശത്തെ ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ച് രംഗത്ത് വരികയായിരുന്നു. സുമിത്ര ഭർതൃഗൃഹത്തിൽ മരണപ്പെട്ട സംഭവം അന്വേഷിക്കുന്ന തിരൂർ പൊലീസ് അലംഭാവം
കാണിക്കുന്നതായി ബന്ധക്കളും സമര സമിതി നേതാക്കളും വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എസ്.ഐ ശ്രീമതി സമ്മർദത്തിന് വഴങ്ങി കേസ് ഒതുക്കുകയും അട്ടിമറിക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിച്ചു.

സുമിത്രയുടെ മരണത്തിലെ ദുരൂഹതകൾ സഹോദരങ്ങളായ ടി പി മണികണ്ഠൻ, വേലായുധൻ എന്ന ഉണ്ണിക്കൃഷ്ണൻ, സമര സമിതി രക്ഷാധികാരികളും വാർഡ് മെംബർമാരുമായ എ.കെ. സലീം, എ.പി ആബിദ് തങ്ങൾ, ചെയർമാൻ കെ. ദിനേശ്കുമാർ, കൺവീനർ കെ.വി പ്രസാദ്, വി.പി മൊയ്തീൻകോയ എന്നിവർ വിശദീകരിക്കുന്നതിങ്ങനെ:

മാർച്ച് ആറാം തിയ്യതിയാണ് സുമിത്ര കാവിലക്കാട്ടുള്ള ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. 9 ഉം 7ഉം വയസുള്ള കുട്ടികൾ സുമിത്രക്കുണ്ട്. ഈ കുട്ടികളുമായി നാലാം തിയ്യതി മംഗലം കാവേഞ്ചേരിയിലെ സ്വവസതിയിൽ എത്തിയിരുന്നു. കുടംബത്തിലെ ഒരു വിവാഹ നിശ്ചയത്തിനാണ് സുമിത്ര എത്തിയത്.

ഭർത്താവ് ഷിബീഷിനോടും വീട്ടുകാരോടും ഈ ചടങ്ങ് അറിയിച്ചെങ്കിലും അവർ പങ്കെടുത്തിരുന്നില്ല. സുമിത്രക്ക് കുറച്ചു കാലമായി ഭർത്താവിൽ നിന്ന് നിരന്തരമായി ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടിരുന്നു. ഈ വിവരങ്ങളത്രയും വീട്ടിൽ വരുമ്പോൾ മൂത്ത സഹോദരിയോടും അമ്മയോടും പറയാറുണ്ടായിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച സ്വർണം പോരെന്നു പറഞ്ഞ് ഭർത്താവും വീട്ടുകാരും നിരന്തരം പീഠിപ്പിച്ചിരുന്നു. 4 ന് വീട്ടിൽ വന്ന സുമിത്രയും കുട്ടികളും 6 ന് രാവിലെ 8.30 ഓടെയാണ് ഓട്ടോ വിളിച്ച് കവിലക്കാട്ടെ ഭർതൃവീട്ടിലെത്തിയത്. ഈ ദിവസം രാവിലെ 11 മണിക്കു ശേഷം മസ്‌ക്കറ്റിൽ നിന്ന് വന്ന മൂത്ത സഹോദരിയുടെ പുത്രനും കൂട്ടുകാരനും കുട്ടികൾക്ക് വാങ്ങിയ സാധങ്ങൾ കൊടുക്കാനായി അവിടെ എത്തിയിരുന്നു. ഈ സമയം സുമിത്രയും ഭർതൃമാതാവും ചേർന്ന് സംസാരം നടന്നിരുന്നു. മാത്രമല്ല, ഭർത്താവ് ഷിബീഷും അവിടെ ഉണ്ടായിരുന്നു.

ഇതിനു ശേഷം വൈകിട്ട് അഞ്ചരയോടെ സുമിത്ര ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഫോൺ വന്നത്. തിരൂരിലെ ആശുപത്രിയിൽ എത്താനായിരുന്നു പറഞ്ഞത്. എന്നാൽ ഇതിന് മുമ്പ് കുറുമ്പടി ആശുപത്രിയിൽ സുമിത്രയെ എത്തിച്ചിരുന്നു. ഇത് കണ്ടവർ പലരും ബന്ധുക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ പോയപ്പോൾ മോർച്ചറിയിലായിരുന്നു സുമിത്രയുടെ മൃതദേഹം. ഇവിടെ വെച്ച് തന്നെ പോസ്റ്റ്‌മോർട്ടം നടത്താനായി പൊലീസ് തലത്തിൽ നിന്നും സമ്മർദങ്ങളുണ്ടായിരുന്നു. ഇതിനു വഴങ്ങാതെ ബന്ധുക്കളുടെ നിർബന്ധ പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് പോസ്റ്റ്‌മോർട്ടം നടന്നത്. അടുത്ത ദിവസം സുമിത്രയുടെ ഗൾഫിലുള്ള രണ്ട് സഹോദരങ്ങൾ നാട്ടിലെത്തി. വൈകിട്ട് 5 മണിക്ക് ഭർതൃവീട്ടിൽ വെച്ച് സംസ്‌കാര ചടങ്ങുകൾ നടത്തി.

പിന്നീട് ഭർത്താവിന്റെ വീട്ടുകാരോട് ചോദിച്ചപ്പോൾ ഒരു കുറിപ്പ് കിട്ടിയതായി പറഞ്ഞു. വെറും മൂന്ന് വാക്കുകളാണ് അതിലുണ്ടായിരുന്നത്. 'ഇനി എനിക്ക് വയ്യ. ഞാൻ പോകാണ്. നമ്മുടെ മക്കൾ.' എന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്. ഇതും സംശയകരമാണ്. വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടതെന്നാണ് ഇവർ പറഞ്ഞത്. എന്നാൻ വാതിലിന്റെ സ്‌ക്രൂ അഴിച്ച് ഊരിയതായാണ് കണ്ടത്. സംഭവ ദിവസം ഭർത്താവ് വീട്ടിൽ ഉള്ളതായി പലരും കണ്ടിരുന്നു.എന്നാൽ അന്ന് പണിക്കു പോയെന്നാണ് വീട്ടുകാർ പറയുന്നത്. അയൽവാസികളും ഇക്കാര്യം പറഞ്ഞിരുന്നു.

9 ന് മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സി.ഐ ഷാജിക്ക് പരാതി നൽകി. അപ്പോഴാണ് അറിയുന്നത് നേരത്തെ ബന്ധുക്കളുടെ മൊഴിയെടുത്ത എസ്.ഐ ശ്രീമതി പറയാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന്. പരാതി സ്വീകരിച്ച സി.ഐ അടുത്ത ദിവസം മൊഴിയെടുക്കാൻ ഉത്തരവിട്ടു. 10 ന് സ്റ്റേഷനിലെത്തി മൊഴികൊടുത്തു. പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. പൊലീസ് പക്ഷപാതപരമായാണ് പെരുമാറിയത്. സംഭവം നടന്ന മുറിയിലെ തെളിവുകളെല്ലാം നശിപ്പിച്ചിട്ടുണ്ട്. പൊലീസിന് കിട്ടുന്നതിനു മുമ്പ് കുറിപ്പ് വീട്ടുകാർക്ക് കിട്ടിയിട്ടുണ്ട്. ഭർതൃ വീട്ടിൽ ചെല്ലുമ്പോൾ സുമിത്രയുടെ രണ്ട് മക്കളെ തങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ശ്രമം നടക്കുന്നു.

വീട്ടുകാർ തങ്ങളുടെ ബന്ധുക്കളോട് പറഞ്ഞതും പൊലീസിന് നൽകിയ മൊഴികളും തമ്മിൽ വൈരുധ്യങ്ങളുണ്ട്. സുമിത്ര എഴുതിയതെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പും സംശയങ്ങളുയർത്തുന്നതാണ്. ഇൻക്വസ്റ്റിൽ ശരീരത്തിൽ മുറിവകളുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ പോസ് റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയിലും ശരീരത്തിലുമായി ഒമ്പത് മുറിവുകളുള്ളതായി പറയുന്നു. ഉച്ച ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതിന് ശേഷമായിരുന്നു ആത്മഹത്യയെന്നാണ് ഭർതൃ വീട്ടുകാർ നൽകുന്ന വിശദീകരണം. അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം 10മില്ലിഗ്രാം ഭക്ഷണമാണ് ആമാശയത്തിലുള്ളത്.

മർദനമേറ്റ് മരണപ്പെട്ട സുമിത്രയെ കെട്ടിത്തൂക്കിയ ശേഷം മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും ദുരൂഹതകളും മൊഴികളിലെയും സാഹചര്യങ്ങളിലെയും വൈരുധ്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടും തിരൂർ പൊലീസ് ശാസ്ത്രീയാന്വേഷണത്തിന് മുതിരാതെ അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമിക്കുകയാണ്. എഫ്. ഐ.ആറിൽ പോലും വകുപ്പുകൾ ചേർത്തിട്ടില്ല. സമര സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകും -ബന്ധുക്കൾ പറഞ്ഞു.