ഗരസഭയിലെ മുഴുവൻ വാർഡുകളിലും ഘട്ടം ഘട്ടമായി LED ലൈറ്റുകൾ സ്ഥാപിക്കുമെന്ന് മേയർ കെ.ചന്ദ്രിക പറഞ്ഞു. ഫ്രാറ്റിന്റെ സഹകരണത്തോടെ എനർജി മാനേജ്‌മെന്റ് സെന്ററുമായി ചേർന്ന് സിസ (സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) നടത്തുന്ന വേനൽകാല ഊർജ്ജ സംരക്ഷണ പ്രബോധന പരിപാടിയുടെ ഉദ്ഘാടനം നടത്തവെയാണ് മേയർ ഇതു വെളിപ്പെടുത്തിയത്. വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്തോറും ഉയർന്ന നിരക്കിലുള്ള വൈദ്യുതി ബിൽ അടയ്‌ക്കേണ്ടുന്ന പ്രവണതയാണ് ഇപ്പോൾ ഉള്ളത്. നാം പ്രത്യേകിച്ച് വീട്ടമ്മമാർ ശ്രദ്ധിച്ചാൽ വൈദ്യുതി ബില്ലിൽ കാര്യമായ കുറവു വരുത്താൻ സാധിക്കുമെന്ന് മേയർ ചൂണ്ടിക്കാട്ടി.

അമൃത യുവ ധർമ്മ ധാരയുടെ സഹകരണത്തോടെ പച്ചക്കറി തൈകളുടെ വിതരണവും ഇതേ യോഗത്തിൽവച്ച് ബഹുമാനപ്പെട്ട മേയർ നിർവ്വഹിച്ചു. വിഷമയമായ പച്ചക്കറികളുടെ ഉപയോഗംകൊണ്ട് കേരളീയ ജനതയുടെ ഇടയിൽ ഭീമാകാരമായ രീതിയിൽ വർദ്ധിച്ചുവരുന്ന രോഗങ്ങളുടെ വിപത്തിനെക്കുറിച്ച് സിസ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ്‌കുമാർ വിശദീകരിച്ചു.

എനർജി മാനേജ്‌മെന്റ് സെന്റർ രജിസ്ട്രാർ എസ്.പത്മകുമാർ വൈദ്യുത ഉപയോഗത്തിൽ പാലിക്കേണ്ട മിതത്വത്തെക്കുറിച്ച് പ്രതിപാദിക്കുകയുണ്ടായി. സ്വാമി ശിവ അമൃത ചൈതന്യ, കൗൺസിലർ വസന്തകുമാരി, മരുതൻകുഴി പി.സതീഷ്‌കുമാർ, റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് വെങ്ങാനൂർ പ്രസാദ്, എസ്.രാഘവൻ എന്നിവരും പ്രസംഗിച്ചു. എനർജി മാനേജ്‌മെന്റ് സെന്ററിലെ വിദഗ്ധരായ ഡോ.ആർ.ഹരികുമാർ, ബി.വി.സുരേഷ്ബാബു എന്നിവർ വേനൽക്കാല ഊർജ്ജ സംരക്ഷണ രീതികൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്ന ക്ലാസ്സുകൾ എടുത്തു.

ഇതോടനുബന്ധിച്ച് ഇടിമിന്നലിൽ നിന്നും സ്വയം എങ്ങനെ സംരക്ഷിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ഡോക്യുമെന്ററിയുടെ പ്രദർശനവും സിസ നടത്തി.