തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിൽ ഈ മാസം 19ന് എത്തണം എന്ന സമ്മൻസ് ഇത് വരെ ലഭിച്ചിട്ടില്ലെന്ന് ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ. ചോദ്യം ചെയ്യലിനായി മാത്രമാണെങ്കിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ സുപ്രീം കോടതി വരെ പോകാനും തയ്യാറാണെന്നും ആവശ്യമെങ്കിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്നും അഭിഭാഷകൻ മൻദീപ് സിങ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും എന്ന് തന്നെയാണ് സഭയുടേയും പ്രസ്താവന. അതേ സമയം ബിഷപ്പിന്റെ ഭാഗം വിശദീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് അഭിഭാഷകന്റെ പ്രതികരണത്തോട് അരമനയുടെ മറുപടി

ജലന്തർ ബിഷപ്പ് തന്നെ ബലാൽസംഗം ചെയ്തുവെന്ന് കാണിച്ച് പൊലീസിൽ കന്യാസ്ത്രീ പരാതി നൽകിയിട്ട് 80 ദിവസം പിന്നിട്ടു. എന്നാൽ ബിഷപ്പിനെതിരെ ഇതുവരെ ഒരു നടപടിയും കൈക്കൊള്ളാനും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. മെത്രാനെ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് പൊലീസിന്റേയുംസർക്കാരിന്റേയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്ന വിമർശനവും ഇതിനോടകം ശക്തമാണ്.അതിനിടെ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ആറാം ദിവസവും വലിയ സ്വീകാര്യതയും ജനപിന്തുണയുമാണ് ലഭിക്കുന്നതും.

ജനപ്രതിനിധികളും സംസ്ഥാന മന്ത്രിമാരും പോതു സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും ഇതിനോടകം തന്നെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. കേസിൽ ഇതാദ്യമായിട്ടാണ് ചോദ്യം ചെയയ്‌ലിനെതിരെയും അന്വേഷണത്ജിനെതിരെയും സഹകരിക്കുമെങ്കിലും കോടതിയെ സമീപിക്കും എന്നുൾപ്പടെയുള്ള പ്രസ്താവനകൾ ബിഷപ്പിന്റെ അഭിഭാഷകന്റെ ഭാഗത്ത് നിന്നും പുറത്ത് വരുന്നത്. വേണ്ടി വന്നാൽ മുൻകൂർ ജാമ്യത്തന് ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമെന്ന കോടതി നിരീക്ഷണം നിതി നിഷേധമാണെന്നായിരുന്നു സമരപ്പന്തലിൽ കന്യാസ്ത്രീമാരുടെ പ്രതികരണം. സഭയിൽ നിന്നും പൊലീസിൽ നിന്നും നീതി ലഭിക്കാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പരാതി നൽകി 80 ദിവസത്തോടടുത്തിട്ടും ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്. നീതിക്കായാണ് തങ്ങൾ സമരത്തിനിറങ്ങേണ്ടി വന്നത്, എന്നാൽ നീതി പീഡത്തിന് തങ്ങളെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും കന്യാസ്ത്രീമാർ പ്രതികരിച്ചു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുംവരെ സമരം ശക്തമായി തുടരാനാണ് തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ സമരം സംസ്ഥാന വ്യാപകമാക്കാനാണ് സമരസമിതി ആലോചിക്കുന്നത്.

ഇതിനകം തന്നെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സമരം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് യുവജന സംഗമം സമര കേന്ദ്രത്തിൽ നടക്കും. അഞ്ച് മണി മുതൽ ആറ് മണി വരെ ലോകത്തിന്റെ എല്ലായിടത്തു നിന്നും കന്യാസ്ത്രികളെ പിന്തുണക്കുന്നവർ എഴുനേറ്റ് നിന്ന് ഐക്യാദാർഢ്യം പ്രകടിപ്പിക്കണമെന്ന് സമരസമിതി കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി ആവശ്യപ്പെട്ടു. പിന്തുണ നൽകുന്നവർ കൂട്ടമായി നിന്ന് സേവ് അവർ സിസ്റ്റേഴ്‌സ് എന്ന ഹാഷ് ടാഗ് ഇട്ട് കൊണ്ട് സോഷ്യൽ മീഡിയയിൽ ഫോട്ടോ അപ് ലോഡ് ചെയ്യണമെന്നും അഭ്യർത്ഥിച്ചു. കന്യാസ്ത്രിമാർ ഹൈക്കോടതി പരിസരത്ത് നടത്തുന്ന സമരം ആറാം ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയുമായി വനിതാ കൂട്ടായ്മകൾ സമരപന്തലിലെത്തി. നീതിക്കായുള്ള സമരത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായി സമരവേദിയിലെത്തിയവർ പ്രതികരിച്ചു.

അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാർ നടത്തിവരുന്ന സമരത്തിന് പിന്തുണയേറുകയാണ്. സമരം ആറാം ദിവസം പൂർത്തിയാക്കുമ്പോൾ പിന്തുണയുമായി നിരവധി വനിതാ കൂട്ടായ്മകളാണ് സമരപ്പന്തലിൽ എത്തിയത്. രാവിലെ അന്വേഷി നേതാവ് അജിത, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, എഴുത്തുകാരി സാറാ ജോസഫ്, ഗീത എന്നിവർ സമര പന്തലിലെത്തി കന്യാസ്ത്രീമാർക്ക് പിന്തുണയറിയിച്ചു.സിബിഐ അന്വേഷണം ആവശ്യമില്ലെന്ന കോടതി നിരീക്ഷണം നീതി നിഷേധമാണെന്ന് സമരസമിതി നേതാക്കളും കന്യാസ്ത്രീകളും പ്രതികരിച്ചു. ഫ്രാങ്കോയ്ക്ക് രക്ഷപ്പെടുനുള്ള പഴുതുകളാണ് സംസ്ഥാന പൊലീസ് ഒരുക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. അതേസമയം കോടതി നീതി നിഷേധിച്ചാലും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സേവ് ഔർ സിസ്റ്റേഴ്സ് സമര സമിതി വ്യക്തമാക്കി.സമരം കൂടുതൽ കൂടുതൽ ദേശീയ ശ്രദ്ധ നേടിയതോടെ സമരകേന്ദ്രത്തിന്റെ രൂപവും മാറി. കലാകാരന്മാരുടെ കൂട്ടായ്മ വേദിയെ അൾത്താരയുടെ രൂപത്തിലേക്ക് മാറ്റി.