70 വർഷങ്ങൾക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രനാണ് ഈ മാസം 14ന് ഉദിക്കുന്നത്. അതായത് ഇതിന് സാധാരണ ചന്ദ്രനേക്കാൾ 14 ശതമാനം വലുപ്പക്കൂടുതലുണ്ടാകും. ഇതിന് പുറമെ 20 ശതമാനം പ്രകാശവും ഇതിന് അധികമായുണ്ടാകും. ഈ വിശേഷാവസരത്തെ യേശുക്രിസ്തുവിന്റെ രണ്ടാം വരവും ലോകാവസാനവുമാണെന്നാണ് കോൺസ്പിരസി തിയറിസ്റ്റുകളടക്കമുള്ള ചിലർ അഭിപ്രായപ്പെടുന്നത്. അന്ന് ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസവുമായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതിന് മുമ്പ് ചന്ദ്രൻ ഈ അവസ്ഥയിലെത്തിയിരുന്നത് 1948ലായിരുന്നു. ഇത് തുടർച്ചയായി രണ്ടാമത് മാസമാണ് സൂപ്പർമൂൺ എന്ന അപൂർവതസംഭവിക്കുന്നത്.കൂടാതെ ഇതിനെ പിന്തുടർന്ന് ഈ ഡിസംബറിലും സൂപ്പർമൂൺ എത്തുന്നുണ്ട്. ഈ അപൂർവ പ്രതിഭാസങ്ങളെ തുടർന്ന് സർവനാശം എത്തുമെന്ന ആശങ്ക ചില വിശ്വാസികൾക്കിടയിൽ ശക്തമാണ്.

ഇതിന് മുമ്പ് ചന്ദ്രൻ ഭൂമിയോട് ഇത്രയും അടുത്ത് വന്ന സമയമായ 1948ൽ തന്നെയാണ് ഇസ്രയേൽ സ്വതന്ത്ര രാഷ്ട്രമായതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമതവിശ്വാസത്തിന്റെ പരിശുദ്ധ ഭൂമിയായിട്ടാണ് ഇസ്രയേൽ പരിഗണിച്ച് വരുന്നതെന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.സൂപ്പർമൂണുണ്ടാകുന്ന അതേ ആഴ്ച തന്നെയാണ് ക്രിസ്തുവിന്റെ ശവക്കല്ലറ ഖനനം ചെയ്ത് പരിശോധിക്കാനൊരുങ്ങുന്നതെന്നതും വിശ്വാസികൾക്കിടയിൽ ഇത് സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നുണ്ട്. ദശാബ്ദങ്ങൾക്ക് ശേഷമുള്ള സൂപ്പർമൂൺ സംജാതമാകുന്ന കാലത്ത് തന്നെയാണ് യേശുവിന്റെ ശവക്കല്ലറി ഖനനം ചെയ്ത് പരിശോധിക്കുന്നതെന്നത് എന്തോ വലിയ കാര്യം സംഭവിക്കുമെന്നതിന്റെ ഉറപ്പാണെന്നാണ് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത്.

ബൈബിളിലെ പരാമർശവുമായി ബന്ധപ്പെടുത്തുമ്പോൾ ക്രിസ്തുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം സൂപ്പർമൂണിന് പ്രാധാന്യമേറെയുണ്ട്. എന്നാൽ സൂപ്പർമൂണിനെച്ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഇത് സാധാരണ പ്രകൃതി പ്രതിഭാസം മാത്രമാണെന്നും അവർ പറയുന്നു. ചന്ദ്രൻ ചക്രവാളത്തിനോടടുത്ത് വരുന്ന സന്ദർഭത്തിൽ മരങ്ങൾ, കെട്ടിടങ്ങൾ, തുടങ്ങിയവയ്ക്കിടയിൽ കൂടി കാണുമ്പോൾ അത് പതിവിലും വലുതായി നമുക്ക് തോന്നുന്നതാണെന്നാണ് നാസ വിശദീകരിക്കുന്നത്. ഇത് വെറുമൊരു ഒപ്റ്റിക്കൽ ഇല്യൂഷനാണെന്നും നാസ കൂട്ടിച്ചേർത്തു.