ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് പൊലീസ് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. മൂന്ന് ദിവസത്തിനകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകുന്നത്.

സിബിഐയിലെ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ഇതു പരിഗണിച്ച ശേഷമാകും ഇനി ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കുക.

അതേസമയം, സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയ ലീലാ പാലസ് ഹോട്ടലിലെ മുറി വിട്ടുകൊടുക്കാൻ ഇന്ന് മെട്രൊപൊളിറ്റൻ മജിസട്രേറ്റ് പങ്കജ് ശർമ പൊലീസിന് നിർദ്ദേശം നൽകി. കഴിഞ്ഞ മൂന്നുവർഷമായി മുറി പൂട്ടിയിട്ടതിനെ തുടർന്ന് 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ ഹർജി സമർപ്പിച്ചിരുന്നു.

സുനന്ദയുടെ മരണശേഷം 2014 ജനുവരി 17നാണ് പൊലീസ് മുറി പൂട്ടി സീൽ ചെയ്തത്. അന്വേഷണത്തിന്റെ പേരിൽ മുറി ഇനിയും പൂട്ടിയിടേണ്ടതില്ലെന്ന് കോടതി പറഞ്ഞു. നാലാഴ്‌ച്ചയ്ക്കുള്ളിൽ മുറി ഉപയോഗത്തിനായി തുറന്നു കൊടുക്കണം.