ന്യൂഡൽഹി: സുനന്ദ പുഷ്‌കർ കേസിൽ തനിക്ക് എതിരായ വേട്ടയാടൽ തുടർന്നു കൊണ്ടേയിരിക്കുന്നു എന്നാണ് ശശി തരൂർ അടുത്തിടെ പ്രതികരിച്ചത്. മാതൃഭൂമി ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ മനസ് തുറന്നത്. കേസ് ഇടയ്ക്കിടെ തല പൊക്കാറുണ്ട്. ഒരു വനിത തന്റെ ഭാര്യയെ കുറിച്ച് പുസ്തകം എഴുതിയപ്പോൾ തന്റെ ഭാഗം എന്തെന്ന് അറിയാൻ ബന്ധപ്പെട്ടെങ്കിലും താൻ ഉത്തരം പറയാൻ വിസമ്മതിച്ചു. ഏകപക്ഷീയമായാണ് ആ കഥ പുറത്തിറങ്ങിയതെന്ന് തരൂർ പറയുന്നു. അതിൽ നിറയെ തെറ്റുകളാണെന്നു സുനന്ദയുടെ ജന്മവർഷം പോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതി അലക്ഷ്യമായതുകൊണ്ട് തനിക്ക് ഒന്നും പറയാൻ കഴിയില്ലെന്നും ഒരു ദിവസം തനിക്ക് ആ ചരിത്രം പറയാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ആ സംഭവം നടന്ന ദിവസങ്ങളിൽ തരൂർ പത്രം വായന നിർത്തി. ഇക്കാര്യത്തിൽ ഒന്നും അറിയണമെന്ന താൽപര്യം തോന്നിയില്ല. താൻ പങ്കെടുക്കുന്ന വിരുന്ന് സത്കാരങ്ങളിൽ തനിക്കൊപ്പം നിൽക്കുന്നവർ, സംസാരിക്കുന്നവർ ഒക്കെ പുറത്തേക്ക് ഇറങ്ങുമ്പോൾ തനിക്ക് എതിരെ സംസാരികക്കുന്ന കാര്യം സുഹൃത്തുക്കൾ പറഞ്ഞ് അറിയുന്നുണ്ടായിരുന്നു. തന്റെ ഭാര്യ മരിച്ചപ്പോൾ അനുശോചിക്കാൻ വന്നവർ പോലും വിരുന്ന് സൽക്കാരങ്ങളിൽ പോകുമ്പോൾ തനിക്കെതിരെ കൊള്ളരുതാത്ത കാര്യങ്ങൾ പറയും.

രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കി ഏതൊരു ദൈവത്തെയാണോ ആരാധിക്കുന്നത് അദ്ദേഹത്തോട് ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കറിയം എന്ന് പറയാൻ കഴിയുകയാണെങ്കിൽ അതാണ് നിങ്ങളെ മുന്നോട്ട് നയിക്കാൻ പോരുന്ന ശക്തിയാകുന്നത് എന്നുപറഞ്ഞാണ് തരൂർ അഭിമുഖം അവസാനിപ്പിക്കുന്നത്.

തരൂരിനെ വേട്ടയാടി പുസ്തകങ്ങളും

സുനന്ദ പുഷ്‌കറിന്റെ ജീവിതത്തെയും ദൂരൂഹമരണത്തെയും ആസ്പദമാക്കിയെഴുതിയ 'ദി എക്സ്ട്ര ഓർഡിനറി ലൈഫ് ആൻഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കർ' എന്ന പുസ്തകത്തിൽ പാക് മാധ്യമ പ്രവർത്തക മെഹർ തരാറിനെക്കുറിച്ചും പരാമർശം ഉണ്ടായിരുന്നു. തരൂരുമായുള്ള വിവാഹ ജീവിതം തകിടം മറിയാൻ ഒരു പരിധിവരെ കാരണക്കാരിയായതും മെഹർ തരാറാണെന്നും പുസ്തകത്തിൽ പറയുന്നു.

സുനന്ദ പുഷ്‌കർ രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ബിജെപിയിൽ ചേർന്ന് കാശ്മീരിൽ മത്സരിക്കാൻ സുനന്ദ ആലോചിച്ചിരുന്നു. ഇതിനിടയിലാണ് ഡൽഹിയിലെ ഹോട്ടലിൽ വെച്ച് സുനന്ദ മരണപ്പെടുന്നതെന്നും സുനന്ദ മേത്ത എഴുതിയ 'ദി എക്സ്ട്ര ഓർഡിനറി ലൈഫ് ആൻഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കർ' എന്ന പുസ്തകത്തിൽ പറയുന്നു. സുനന്ദ എപ്പോഴും രാഷ്ട്രീയ സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് തരൂരിന്റെ മുൻ പേഴ്സണൽ സെക്രട്ടറിയുടെ പരാമർശം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ''ശശി തരൂർ അടുത്ത ഇലക്ഷന് ജയിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാൻ ബിജെപിയിൽ ചേർന്ന് കാശ്മീരിൽ മത്സരിക്കാൻ പോവുകയാണ്'' എന്ന് സുനന്ദ ശശി തരൂരിന്റെ ഓഫീസിലുള്ളവരോട് പറഞ്ഞിരുന്നതായും സുനന്ദ മേത്ത എഴുതിയ പുസ്തകത്തിൽ പറയുന്നു.

സുനന്ദ പുഷ്‌കറിന്റെ കുട്ടിക്കാലം മുതൽ നാടിനെ നടുക്കിയ ദുരൂഹ മരണം വരെയുള്ള കാര്യങ്ങൾ പുസ്തകത്തിൽ ഉണ്ട്. കന്റോൺമെന്റ് ടൗണിലായിരുന്നു സുനന്ദയുടെ കുട്ടിക്കാലം. തുടർന്ന് നടന്ന ആദ്യ രണ്ട് വിവാഹങ്ങളും, കാനഡയിലെ ജീവിതകാലഘട്ടവും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ബിസിനസ്സ് വനിത എന്ന നിലയിലേക്ക് സുനന്ദ വളർന്ന ദുബായിലെ ജീവിതവും പറയുന്നു. ശശി തരൂരിന്റെ ഭാര്യയായിട്ടുള്ള അവസാന കാലഘട്ടവും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. രേഖകൾ, അഭിമുഖങ്ങൾ അന്വേഷണങ്ങൾ എന്നിവയിലൂടെയാണ് സുനന്ദയുടെ ജീവിതകഥയിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങൾ സുനന്ദ മെഹ്ത ശേഖരിച്ചത്. ദുരൂഹ മരണത്തേക്കാൾ ഉപരി സുനന്ദയുടെ ജീവിതമാണ് പുസ്തകത്തിൽ കൂടുതലായി പറയുന്നത്. അംബാലയിൽ ഒരേ സ്‌കൂളിൽ പഠിക്കുന്ന കാലഘട്ടത്തിലാണ് പുഷ്‌കറും മേത്തയും സുഹൃത്തുക്കളായത്.

ശശി തരൂറിന്റെ ഫോണിൽ തരാറിന്റെ നമ്പർ 'ഹരീഷ്' എന്ന പേരിലാണ് സേവ് ചെയ്തിരുന്നതെന്ന് പുസ്തകം പറയുന്നു. അവരയച്ച മെസേജുകൾ ഫോണിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് സുനന്ദ, ശശി തരൂരുമായി പരസ്യമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിൽവെച്ച് കയ്യാങ്കളി ഉണ്ടായതായും യാത്രക്കാർ നോക്കി നിൽക്കേ സുനന്ദയെ ശശിതരൂർ തല്ലിയതായും പുസ്തകത്തിൽ പറയുന്നു. ശശി തരൂറുമായി മെഹറിന് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് പുസ്തകം പറയുന്നു. സുനന്ദ മരിക്കുന്നതിനു മുൻപ് മെഹറിനെതിരെ ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. എന്നാൽ, അവർ സുനന്ദയുടെ ട്വീറ്റുകൾക്ക് മറുപടി നൽകാതിരിക്കുകയും പ്രതികരിക്കുകയും ചെയ്തത് സംശയം ജനിപ്പിക്കുന്നതാണെന്നും പുസ്തകത്തിൽ പറയുന്നു.

സുനന്ദ പുഷ്‌ക്കർ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അസുഖം മൂർഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തുള്ള കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അവിടെ വെച്ചുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണവും പുസ്തകം നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണെന്ന് വാദവുമായി ശശി തരൂർ ആശുപത്രിയിൽ നിന്നും വിട്ടുനിന്നെന്നും പുസ്തകം പറയുന്നു. ആശുപത്രി വിട്ട പിറ്റേ ദിവസം തന്നെ ഡൽഹിയിലേക്ക് തിരിച്ചതും അവിടെവെച്ച് മരണം സംഭവിച്ചതുമെല്ലാം സംശയം ജനിപ്പിക്കുന്നതാണെന്നും പുസ്തകത്തിൽ പറയുന്നു.

നേരത്തെ ജേർണലിസ്റ്റായ തരുൺ തേജ്പാലും സുനന്ദ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. 'ദി എക്സ്ട്ര ഓർഡിനറി ലൈഫ് ആൻഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കർ' എന്ന പുസ്തകത്തിൽ സുനന്ദ പുഷ്‌കറിന്റെ ജനനം മുതൽ 2014ലെ മരണം വരെയുള്ള ജീവിതത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

തരൂരിനെ വേട്ടയാടിയവരിൽ പ്രമുഖൻ അർണാബ് ഗോസ്വാമി

സുനന്ദ പുഷ്‌ക്കർ മരണത്തിൽ ശശി തരൂരിനെ കൊലപാതകി എന്ന് വിളിച്ചാണ് അർണബ് രംഗത്തെത്തിയിരുന്നത്. ചാനൽ ചർച്ചയിൽ ശശി തരൂരിനെ അർണബ് കൊലയാളിയായി ചിത്രീകരിക്കുകയും ക്രിമിനൽ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. ഇതിനെതിരെ ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ ഒരു ഹർജി നൽകുകയും തരൂരിന് അനുകൂലമായി വിധി വരുകയും ചെയ്തു.

അന്വേഷണം പുരോഗമിക്കുന്ന ഒരു കേസിൽ വിധി വരും മുൻപ് ഒരാളെ കൊലയാളിയെന്ന് മുദ്ര കുത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു. പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്നതിനായി ഇല്ലാത്ത വിവാദം സൃഷ്ടിച്ച് പൊതുസമൂഹത്തിനു മുന്നിൽ തന്നെ അപകീർത്തിപ്പെടുത്തുകയാണ് ചാനൽ ചെയ്തതെന്ന് ശശി തരൂർ മാനനഷ്ടപരാതിയിൽ വ്യക്തമാക്കിയിരുന്നു. സുനന്ദ പുഷ്‌കറിനെ താനോ തന്റെ നിർദ്ദേശപ്രകാരമോ വധിച്ചു എന്ന് വരുത്തിത്തീർക്കാനാണ് ചാനൽ ശ്രമിച്ചത്. ഇത് അന്വേഷണത്തെ ബാധിക്കുമെന്നും തരൂർ പറഞ്ഞിരുന്നു.