ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഡൽഹി പൊലീസ്. ശശി തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാൻ, സഹായി നരെയ്ൻ സിങ്ങ്, ഡ്രൈവർ ബജ്‌റംഗി എന്നിവരാണ് അവർ.

ഡൽഹി പൊലീസ് ഇതിനായി ഡൽഹി പട്യാലഹൗസ് കോളനി കോടതിയിൽ അപേക്ഷ നൽകി. മൂന്നുപേരും നൽകിയ മൊഴിയിൽ സംശയമുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം. സംഭവം നടന്നദിവസം സുനന്ദയ്ക്കും തരൂരിനും ഒപ്പം ഇവർ മൂന്നുപേരും ഹോട്ടൽമുറിയിലുണ്ടായിരുന്നു.

2014 ജനവരിയിൽ ഡൽഹിയിൽ നടന്ന എ.ഐ.സി.സി. സമ്മേളനത്തിന്റെ അവസാനദിവസമാണ് സുനന്ദ പുഷ്‌കറിന്റെ മൃതദേഹം നഗരഹൃദയത്തിലുള്ള ലീലാപാലസ് പഞ്ചനക്ഷത്രഹോട്ടലിൽ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമികനിഗമനം. വിഷാദരോഗത്തിനുള്ള ആൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് മരണത്തിന് കാരണമെന്നും റിപ്പോർട്ട് വന്നു.

ആന്തരികാവയവങ്ങളുടെ രണ്ടാംവട്ട പരിശോധനയിലാണ് മരണം വിഷം ഉള്ളിൽചെന്നത് മൂലമാണെന്നും അസ്വാഭാവിക മരണമാണെന്നും കണ്ടെത്തുന്നത്. എന്നാൽ ഇക്കാര്യത്തിലും അന്തിമ സ്ഥിരീകരണം ആയിട്ടില്ല. ശശി തരൂരിനെ കേസിൽ രണ്ട് തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു.

നുണപരിശോധനാ ഫലവും ആന്തരികാവയവ പരിശോധനയുടെ തീർപ്പും വന്നശേഷം തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷമാകും കേസിൽ ഡൽഹി പൊലീസ് അന്തിമ തീരുമാനം എടുക്കുക.