ന്യൂഡൽഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിൽ തന്നെ കുടുക്കാൻ ശ്രമം നടന്നുവെന്ന് ആരോപണവുമായി ശശി തരൂർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശി തരൂർ നൽകിയ പരാതിയുടെ പകർപ്പ് പുറത്തായി. ഡൽഹി പൊലീസ് കമ്മീഷണർ ബി എസ് ബസിക്ക് നൽകിയ പരാതിയുടെ പകർപ്പാണ് പുറത്തായത്. തനിക്കെതിരെ മൊഴി നല്കാൻ ഡൽഹി പൊലീസ് തന്റെ വീട്ടുജോലിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന് തരൂർ നൽകിയ പരാതിയിൽ ബോധിപ്പിക്കുന്നു.

നവംബർ 13നാണ് തരൂർ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹ കത്തു നൽകിയത്. ഈ പരാതിയുടെ പകർപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കുടുക്കാനാണ് ശ്രമിച്ചതെന്നാണ് തരൂർ പരാതിയിൽ ബോധിപ്പിക്കുന്നത്. സുനന്ദയുടെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് വരുത്താൻ സഹായിയായ നാരായൺ സിംഗിനെ ഭീഷണിപ്പെടുത്തി. ഒരു ഉദ്യോഗസ്ഥൻ മർദ്ദിക്കാൻ തുനിഞ്ഞെന്നും തരൂർ പരാതിയിൽ ചൂണ്ടിക്കാടുന്നു. താനാണ് സുനന്ദയെ കൊന്നതെന്ന് പറയിപ്പികാനാണ് ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്നുമാണ് തരൂർ പരാതിയിൽ പറയുന്നത്.

സുനന്ദാ പുഷ്‌ക്കറുടെ ആന്തരികാവയവ സാംപിളുകൾ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി കോടതിയെ ഡൽഹി പൊലിസ് സമീപിക്കുമെന്നും കൂടുതൽ തെളിവെടുപ്പിനായി ആവശ്യമെങ്കിൽ കേരളത്തിലേക്കെത്തുമെന്ന് ഡൽഹി പൊലിസ് കമ്മിഷണർ ബി.എസ് ബസി ഇന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം ശശിതരൂരിനെ സാക്ഷിയായിട്ടായിരിക്കും ഇനി ചോദ്യം ചെയ്യുക എന്നാണ് അറിയുന്നത്. തരൂരിന്റെ സ്റ്റാഫിലുൾപ്പെട്ടവരേയും ചോദ്യം ചെയ്യും. തരൂരിന്റെ ഇമെയിൽ സന്ദേശങ്ങൾ വിശദമായി പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സുനന്ദാപുഷ്‌ക്കറിനെ ചികിൽസിച്ചിരുന്ന തിരുവനന്തപുരത്തെ ഡോക്ടർമാരോടും ഡിസംബർ രണ്ടിന് ഡൽഹി പൊലിസ് വിവരങ്ങൾ ചോദിച്ചിരുന്നു. സൗത്ത് ഡൽഹി ഡി.സി.പി പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

അതേസമയം, സുനന്ദ പുഷ്‌കറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ തന്റെ വ്യക്തിപരമായ നിഗമനമല്ലെന്ന് പോസ്റ്റുമോർട്ടത്തിനു നേതൃത്വം നൽകിയ ഡോക്ടർ സുധീർ ഗുപ്ത വ്യക്തമാക്കി. മൂന്നു ഡോക്ടർമാരടങ്ങിയ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഡോക്ടർമാരുടെ അഭിപ്രായം അറിയിച്ചു കഴിഞ്ഞതാണെന്നും ഇനി പൊലീസാണ് അന്വേഷണം നടത്തേണ്ടതെന്നും ഡോ.സുധീർ ഗുപ്ത ഡൽഹിയിൽ പറഞ്ഞു.

സംഭവത്തെ കുറിച്ച് ഫേസ്‌ബുക്കിലൂടെ അഭിപ്രായം പറഞ്ഞതൊഴിച്ചാൽ തരൂർ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഗുരുവായൂരിലെ ആയുർവേദ റിസോർട്ടിൽ ചികിത്സയിലാണ് അദ്ദേഹം.