തൃശൂർ: ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുവെന്ന കാരണത്താൽ പത്മശ്രീ സുന്ദർമേനോന്റെ ആയുധ ലൈസൻസ് റദ്ദാക്കിയതായി അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ എ.ഡി.എം. ഫയൽ നമ്പർ DCTSR/1504/2018-C15 മുഖാന്തിരം ഉത്തരവായി.

2016 ഡിസംബർ 31വരെയായിരുന്നു സുന്ദർമേനോന് ആയുധം കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നത്. പുതുക്കാനായി അപേക്ഷ നൽകിയെങ്കിലും പൊലീസ് റിപ്പോർട്ട് പ്രതികൂലമായതിനാൽ തുടർ നടപടികൾ അധികൃതർ നിറുത്തിവക്കുകയായിരുന്നു. പത്തിലധികം കേസുകൾ സുന്ദർ മേനോന് എതിരെ നിലനിൽക്കുന്ന സാഹചര്യത്തിൽ സുന്ദർമേനോന് ആയുധം നൽകുന്നത് എതിർകക്ഷികളുടെ ജീവന് അപകടമാണെന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട്.

ആയുധനിയമമനുസരിച്ച് വിചാരണക്ക് ഹാജരാക്കാൻ സുന്ദർമേനോന് നോട്ടീസ് അയച്ചെങ്കിലും സുന്ദർ മേനോൻ നോട്ടീസ് കൈപറ്റിയില്ലെന്നും അറിയുന്നു. കേസ് സംബന്ധിച്ചുള്ള കാര്യങ്ങൾ ഹാജരാക്കാൻ പത്തുദിവസത്തെ സമയം ആവശ്യപ്പെട്ടായിരുന്നു സുന്ദർമേനോന് വേണ്ടി ഹാജരായ അഭിഭാഷകയുടെ വാദം. ഇതിനെത്തുടർന്ന് തുടർന്ന് കേസുകളുടെ നിജസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് തേടുകയായിരുന്നു. സുന്ദർമേനോനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പലതും തീർപ്പാക്കാതെ കിടക്കുന്ന സാഹചര്യത്തിൽ പൊതുജനസുരക്ഷ പരിഗണിച്ച് ആയുധ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട്. യതീഷ് ചന്ദ്രയാണ് സിറ്റി പൊലീസ് കമ്മീഷണർ.

ഇത് സംബന്ധിച്ച മറ്റു ചില ആധികാരിക അന്വേഷണ റിപ്പോർട്ടുകളും സുന്ദർമേനോന് ആയുധ ലൈസൻസ് പുതുക്കി നൽകുന്നതിന് എതിരായിരുന്നുവെന്നും പറയപ്പെടുന്നു. ലൈസൻസില്ലാത്ത റൈഫിൾ ആറുമാസത്തിനകം വിൽപ്പന നടത്താമെന്നും അല്ലെങ്കിൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ റൈഫിൾ സറണ്ടർ ചെയ്യാമെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്. അല്ലാത്തപക്ഷം ആയുധം പിടിച്ചെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഈസ്റ്റ് പൊലീസിനോട് നിർദ്ദേശിച്ചതായും അറിയുന്നു.

ഖത്തർ ആസ്ഥാനമായുള്ള സൺ ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനനും മാനേജിങ് ഡയറക്ടറുമാണ് സുന്ദർ മേനോൻ. സുന്ദർ മേനോന്റെ ബിസിനസ് ശൃംഖല യുഎഇ, അമേരിക്ക, തെക്കൻ ആഫ്രിക്ക കടന്ന് ഇന്ത്യയിലേക്കും വ്യാപിച്ചു വളരുകയാണ്. 1985ൽ ഗൾഫിലെ ബഹ്‌സാദ ഗ്രൂപ്പിലെത്തിയ സുന്ദർ മേനോൻ പിന്നീട് സ്വന്തം കമ്പനി രൂപീകരിച്ചു ഗൾഫ് മേഖലയിലെ പ്രമുഖ വ്യവസായികളിൽ ഒരാളായി. വളരെ എളിയ നിലയിൽ നടത്തിയ റെന്റ് എ കാർ ബിസിനസിൽ നിന്നു വളർന്നാണ് സൺഗ്രൂപ്പ് വിവിധ രാജ്യങ്ങളിലേക്കു പടർന്നത്. തൃശൂർ കേന്ദ്രമായി സൺ ഇന്ത്യ ഹോം ഡവലപ്പേഴ്‌സ് എന്ന കമ്പനിയും രൂപീകരിച്ചിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയോടെയുള്ള പദ്ധതികളും ജീവകാരുണ്യ പ്രവർത്തനങ്ങളും രാജ്യത്തിന് അഭിമാനമാകുന്ന ബിസിനസ് വളർച്ചയുമാണു പത്മശ്രീ പുരസ്‌കാരത്തിനു മേനോനെ അർഹനാക്കിയത്. തൃശൂർ ശക്തൻ മാർക്കറ്റിൽ 25 ലക്ഷം രൂപ ചെലവിൽ മാലിന്യ സംസ്‌കരണ പ്‌ളാന്റ് സ്ഥാപിച്ചു നൽകിയ മേനോൻ, തന്റെ സൺ ചാരിറ്റബിൾ ട്രസ്‌റ് വഴി കാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്. കൊച്ചി, തിരുവമ്പാടി ദേവസ്വം ബോർഡുകളുടെ മുൻ ചെയർമാനും സൗത്ത് ഇന്ത്യൻ ബാങ്ക് ട്രെയിനിങ് കോളജ്് മുൻ പ്രിൻസിപ്പലുമായ നായ്ക്കനാൽ മൂത്തേടത്ത് ചന്ദ്രശേഖര മേനോന്റെയും (എം.സി.എസ് മേനോൻ) തെക്കെ അടിയാട്ട് ജയയുടെയും മകനാണ്. തൃശൂർ വിവേകോദയം സ്‌കൂളിലും കേരളവർമ കോളജിലുമായിരുന്നു വിദ്യാഭ്യാസം. പത്മശ്രീ ലഭിച്ച ശേഷം നിരവധി വിവാദങ്ങളിൽ സുന്ദർമേനോൻ ചെന്നുപെട്ടു.

2016- ലാണ് ഡോ. സുന്ദർ മേനോന് കേന്ദ്ര സർക്കാർ പത്മശ്രി പട്ടം അണിഞ്ഞത്. സുന്ദർ മേനോൻ കാലങ്ങളോളം കാത്തിരുന്ന സ്വപ്നമായിരുന്നു പത്മശ്രി. കേരള സർക്കാരിന്റെ ഉപസമിതിയുടെ ശുപാർശയില്ലാതെ എന്നാൽ ഗോവയടക്കം മറ്റുസംസ്ഥാനങ്ങളുടെ ശുപാർശയിന്മേലാണ് പ്രവാസിയായ സുന്ദർ മേനോന് പത്മശ്രി നറുക്ക് വീണതെന്നും ആരോപണം ഉയർന്നിരുന്നു. പിന്നീട് മേനോന് എതിരെ ക്രിമിനൽ സ്വഭാവമുള്ള 18 ആരോപണങ്ങളുമായി തൃശൂരിലെ ഒരു പൊതുപ്രവർത്തകനായ ഡോ.ബാലസുബ്രഹ്മണ്യൻ രംഗത്തെത്തിയിരിക്കുന്നത് വിവാദങ്ങളെ കൊഴുപ്പിക്കുന്നു. ഉയർന്നുവന്ന ആരോപണങ്ങൾക്ക് പിൻബലം കൊടുക്കുന്ന വളരെ പ്രധാനപ്പെട്ട 18 രേഖകളുമായാണ് ബാലസുബ്രഹ്മണ്യൻ കോടതിയെ സമീപിച്ചത്.

വ്യാജ പാസ്പ്പോർട്ട് കരസ്ഥമാക്കിയതു മുതൽ പത്മശ്രി അവാർഡ് നിർണ്ണയ കമ്മറ്റിയെ വരെ തെറ്റിദ്ധരിപ്പിച്ചതടക്കം കടുത്ത ആരോപണങ്ങളാണ് മേനോന് എതിരെ ബാലസുബ്രഹ്മണ്യൻ നിരത്തുന്നത്. സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലും സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിലും സുന്ദർ മേനോൻ കൊച്ചി പാസ്പ്പോർട്ട് ഓഫീസിൽനിന്നു പാസ്പ്പോർട്ട് സംഘടിപ്പിച്ചതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഖത്തറിലെ ബിസിനസ് രേഖകളിലെല്ലാം തെക്കേ അടിയാട്ട് സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലാണ് സുന്ദർ മേനോൻ അറിയപ്പെടുന്നത്.

സുന്ദർ മേനോന്റെ പേരിലുള്ള വിദേശനിർമ്മിതമായ ആഡംബര കാറുകളുടെ രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റുകളിൽ കാണുന്നത് വീണ്ടും വ്യത്യസ്ഥമായ പേരുകളാണെന്ന ആരോപണവും നിലനിൽക്കുന്നു. അവധി ദിവസമായ ഞായറാഴ്ചയാണ് സുന്ദർ മേനോന്റെ ഒരു കാർ രജിസ്റ്റർ ചെയ്തതെന്നതും വിവാദമായിട്ടുണ്ട്. വാഹന രജിസ്റ്റ്രേഷൻ പ്രമാണങ്ങളിൽ സുന്ദർ മേനോൻ, സുന്ദർ അടിയാട്ട് സുന്ദർ മേനോൻ, സുന്ദര സുബ്രഹ്മണ്യൻ എന്നീ പേരുകളുള്ളതായും രേഖകൾ പറയുന്നു. റവന്യു രേഖകളിലും സുന്ദർ മേനോൻ പല പേരുകളിൽ ക്രയവിക്രയം നടത്തിയതായി കാണുന്നു.

സുന്ദർ മേനോനെതിരേയുള്ള ആരോപണങ്ങൾ കേവലം പേരിന്റെ തിരിമറികളിൽ അവസാനിക്കുന്നില്ല. ഭവനഭേദനം, സ്ത്രീകളോടുള്ള അപമര്യാദയോടെയുള്ള പെരുമാറ്റം, കള്ളക്കടത്ത്, വന്യമൃഗങ്ങളോടുള്ള ക്രൂരത തുടങ്ങിയ അനവധി ആരോപണങ്ങൾ വേറെയുമുണ്ട്. ഇതെല്ലാമാണ് തോക്കിന്റെ ലൈസൻസ് പുതുക്കലിലും ഇപ്പോൾ പ്രതികൂലമായി ബാധിക്കുന്നത്.