- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്കരിച്ച മൃതദേഹം സുന്ദരന്റേതല്ലെന്ന് ബന്ധുക്കൾ അറിയുന്നത് പൊലീസ് പറഞ്ഞപ്പോൾ; പ്രൊട്ടോകോളിന്റെ പേരിൽ ദൂരത്ത് നിന്ന് മുഖം കാണാനുള്ള സൗകര്യം പോലും ഒരുക്കിയില്ല; സുന്ദരന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാമെന്ന് കൗസല്യുടെ ബന്ധുക്കൾ; ചിതാഭസ്മം പരസ്പരം കൈമാറും
കോഴിക്കോട്; കോഴിക്കോട് കുന്ദമംഗലത്ത് കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം മാറി സംസ്‌കരിച്ചതിൽ പ്രതിഷേധം ശക്തം. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ അനാസ്ഥയാണ് ഇത്തരത്തിലൊരു സംഭവത്തിന് കാരണമായിരിക്കുന്നത്. ഒരേ സമയം രണ്ട് മൃതദേഹങ്ങളോടാണ് അനാദരവ് കാണിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം മാറി നൽകിയത്.
കോഴിക്കോട് കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിനിയായ കൗസല്യയുടെ മൃതദേഹമാണ് മെഡിക്കൽ കോളേജിൽ നിന്നും സുന്ദരന്റെ ബന്ധുക്കൾക്ക് നൽകിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം എത്രയും പെട്ടെന്ന് സംസ്‌കരിക്കണമെന്ന് നിർദ്ദേശം ലഭിച്ചതോടെ സുന്ദരന്റെ ബന്ധുക്കൾ തങ്ങൾക്ക് ലഭിച്ച മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പ്രോട്ടോകോൾ ലംഘനമുണ്ടാകുമെന്ന് കരുതി സു്നദരന്റെ സഹോദരിയെ പോലും സംസ്‌കാരം അറിയിച്ചിരുന്നില്ല.
ദൂരത്ത് നിന്ന് മുഖം കാണാനുള്ള സൗകര്യവുമുണ്ടായിരുന്നില്ല. മൃതദേഹം തുറന്ന് ദൂരത്ത് നിന്നെങ്കിലും കാണാനുള്ള സൗകര്യമുണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ സംഭവിക്കില്ലായിരുന്നു എന്നാണ് സുന്ദരന്റെ ബന്ധുക്കൾ പറയുന്നത്. പിപിഇ കിറ്റ് ധരിച്ച് സുന്ദരന്റെ മക്കളും സഹോദരനും പ്രദേശത്തെ പൊതുപ്രവർത്തകരും ചേർന്ന് ഇന്നലെ രാവിലെയാണ് മൃതദേഹം സംസ്‌കരിച്ചത്. സംസാകരം കഴിഞ്ഞ് ഇന്നലെ വൈകീട്ട് പൊലീസ് സ്റ്റേഷനിൽ നിന്നും അറിയിപ്പ് ലഭിച്ചപ്പോഴാണ് മൃതദേഹം മാറിപ്പോയ സംഭവം സുന്ദരന്റെ ബന്ധുക്കൾ അറിയുന്നത്.
കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് കക്കോടി സ്വദേശിനിയായ കൗസല്യയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനായി മോർച്ചറിയിൽ എത്തിയപ്പോഴാണ് മൃതദേഹം മാറി നൽകിയ വിവരം പുറത്തറിയുന്നത്. കൗസല്യയുടെ മൃതദേഹം മോർച്ചറിയിൽ ഇല്ലായിരുന്നു. പകരം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്ന് രേഖകൽലുണ്ടായിരുന്ന സുന്ദരന്റെ മൃതദേഹമായിരുന്ന മോർച്ചറിയിൽ ഉണ്ടായിരുന്നത്. ഇതോടെ സുന്ദരന്റെ മൃതദേഹത്തിന് പകരം കൗസല്യയുടെ മൃതദേഹമാണ് സംസ്‌കരിച്ചത് എന്ന് മനസ്സിലാകുകയും ചെയ്തു.
ഇന്ന് രാവിലെ സുന്ദരന്റെ ബന്ധുക്കളെ മെഡിക്കൽ കോളേജിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മോർച്ചറിയിലുള്ള മൃതദേഹം തിരിച്ചറിയാൻ വേണ്ടിയാണ് വിളിപ്പിച്ചിട്ടുള്ളത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്ന് സുന്ദരന്റെ സഹോദരൻ അനീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. സുന്ദരന്റേതെന്ന് പറഞ്ഞ് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. സംസ്‌കാരം നടത്തിയതിന് ശേഷമാണ് മൃതദേഹം മാറിപ്പോയതാണെന്ന് അറിയിച്ചത്. കോവിഡ് ബാധിച്ച് മരിച്ചതായതിനാൽ തന്നെ മുഖം തുറന്ന് നോക്കാൻ അനുവദിച്ചിരുന്നില്ല എന്നും അനീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സുന്ദരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സുന്ദരന്റേത് എന്ന പേരിൽ കൗസല്യുടെ മൃതദേഹം സുന്ദരന്റെ ബന്ധുക്കൾക്ക് നൽകിയത്. കോവിഡ് ബാധിച്ച് മരിച്ചതായതിനാൽ തന്നെ എത്രയും പെട്ടെന്ന് സംസാകരവും നടത്തി. സംസ്‌കാരം പൂർത്തിയായതിന് ശേഷമാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. ഇനി നാളെ യഥാർത്ഥ മൃതദേഹം വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും സുന്ദരന്റെ ബന്ധുക്കൾ പറഞ്ഞു.
അതേ സമയം സംഭവത്തിൽ അനാസ്ഥ കാണിച്ച ഉദ്യാഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ അംഗം എം ധനീഷ് ലാൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഒരേ സമയം രണ്ട് മൃതദേഹങ്ങളോട് കോഴിക്കോട് മെഡിക്കൽ കോളേജിലെ ജീവനക്കാർ അനാദരവ് കാണിച്ചതെന്നും കാരണക്കാരായ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും ധനീഷ് ലാൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതികരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.