തിരുവനന്തപുരം: മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ആരോഗ്യമേഖലയിലെ വിദഗ്ധരുടെ യോഗത്തിൽ, ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യുവും എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഞായറാഴ്ച ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിന് ശേഷം പറഞ്ഞു. രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള രാത്രികാല കർഫ്യൂവും തുടരും. ഇതു സംബന്ധിച്ച അവലോകനം ചൊവ്വാഴ്ച നടത്തും. അതിനുശേഷം നിയന്ത്രണം തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ചത്തെ ലോക്ഡൗൺ പിൻവലിക്കണമോ എന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടായിരുന്നു. ശനിയാഴ്ച ചേർന്ന അവലോകന യോഗത്തിലാണു ഞായർ ലോക്ഡൗണിൽ തീരുമാനമെടുത്തത്.

ഓണത്തിനുശേഷം ഭയപ്പെട്ട രീതിയിലുള്ള കോവിഡ് വർധന ഉണ്ടായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേസുകളുടെ എണ്ണം 33,000 കഴിഞ്ഞിട്ടില്ല. ആശുപത്രികളിൽ അഡ്‌മിറ്റായവരുടെ എണ്ണവും വർധിച്ചില്ല. വാക്‌സിനേഷൻ എടുത്തവരിൽ ചിലർക്കു രോഗബാധ ഉണ്ടാകുന്നുണ്ടെങ്കിലും രോഗം ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്.

വാക്‌സീൻ എടുത്തവരിൽ വലിയ രീതിയിൽ മരണം ഉണ്ടാകുന്നില്ല. വാക്‌സിൻ എടുത്തവർക്കു രോഗം വരികയാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായാധിക്യമുള്ളവരാണു കൂടുതലും കോവിഡ് ബാധിച്ചു മരിച്ചത്. പ്രായം ചെന്നവരും അനുബന്ധ രോഗങ്ങൾ ഉള്ളരും എത്രയും വേഗം വാക്‌സീൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച 'ബി ദ വാരിയർ' (Be The Warrior) ക്യാമ്പയിൻ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നൽകി പ്രകാശനം ചെയ്തു.

ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് കടുത്ത പിഴയീടാക്കാനും സ്വന്തം ചെലവിൽ നിർബന്ധിത ക്വാറന്റീനിൽ വിടാനും സർക്കാർ തീരുമാനമെടുത്തിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേരളം പൂർണമായും തുറന്നുകൊടുക്കുകയെന്ന നിലപാടിനോട് സർക്കാർ യോജിക്കുന്നില്ല. ഒരാഴ്ചയ്ക്കകം രോഗം നിയന്ത്രിക്കാനുള്ള കടുത്ത നടപടികളിലേക്കു സർക്കാർ നീങ്ങുകയാണ്.

വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരെയും ഐസലേഷനിൽ കഴിയുന്നവരെയും കർശന നിരീക്ഷണത്തിനു വിധേയമാക്കും. ക്വാറന്റൈൻ ലംഘിച്ചാൽ അഞ്ഞൂറ് രൂപയ്ക്കു മുകളിൽ കടുത്ത പിഴ ചുമത്താനാണു സർക്കാർ തീരുമാനം. പുറത്തിറങ്ങി നടക്കുന്നവരെ സ്വന്തം ചെലവിൽ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് 14 ദിവസത്തേക്കു മാറ്റും. വിദേശത്ത് നിന്ന് വരുന്നവർ ക്വാറന്റൈൻ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് റസ്‌പോൺസ് ടീമുകൾ ഉറപ്പു വരുത്തണം. മറ്റു സംസ്ഥാനങ്ങളിലേതു പോലെ രോഗം നിയന്ത്രിച്ചിട്ടു സ്‌കൂളുകൾ തുറന്നാൽ മതിയെന്നാണു പൊതുധാരണ. രോഗനിരക്ക് ഉയർന്നുനിൽക്കുമ്പോൾ സ്‌കൂൾ തുറന്നാൽ അതു തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണു വിദ്യഭ്യാസ വകുപ്പും സർക്കാരും.