കൊച്ചി: കേരളം വിട്ടുവെന്ന് പറഞ്ഞ് കോയമ്പത്തൂരിലും സംസ്ഥാനത്തിന് പുറത്ത് മറ്റിടങ്ങളിലും വലവിരിച്ചു കാത്തുനിന്ന പൊലീസിനെ കബളിപ്പിച്ചാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി ഇന്ന് എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയത്. പക്ഷേ, 1.20ന് കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോടതിവളപ്പിൽ കാത്തുനിന്ന പൊലീസിനെ വെട്ടിച്ച് പൾസർ സുനിയും കൂട്ടാളി വിജേഷും കോടതിമുറിയിലേക്ക് ഓടിക്കയറിയത്. ഇതേസമയം മജിസ്‌ട്രേറ്റ് ചേംബറിലുണ്ടായിരുന്നുവെന്നും ഇതുപോലും പരിഗണിക്കാതെ കോടതിക്കകത്ത് കയറി പ്രതിക്കൂട്ടിൽ കയറിനിന്ന പ്രതികളെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതോടെ അഭിഭാഷകരുൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.

കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞതോടെ ഇനി സുനി എത്തിയേക്കില്ലെന്ന് കരുതി ഇവിടെ കാത്തുനിന്ന പൊലീസ് മാറാൻ തുടങ്ങുന്നതിനിടെയാണ് സുനി അപ്രതീക്ഷിതമായി കോടതിയിലേക്ക് ഓടിക്കയറിയത്. എന്നാൽ കോടതി പരിസരം വിട്ട് പോയിട്ടില്ലാതിരുന്ന പൊലീസ് വിവരമറിഞ്ഞ ഓടിയെത്തി കോടതിമുറിയിൽ നിന്നുതന്നെ സുനിയെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ സുനിയെയും കൂട്ടാളിയേയും ചോദ്യംചെയ്യാനായി ആലുവ പൊലീസ് കഌബിൽ എത്തിച്ചു.

എല്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ ആലുവ പൊലീസ് കഌബ്ബിൽ എത്തിയിട്ടുണ്ട്. മതിലുചാടിക്കടന്ന് ആണ് സുനിയും വിജേഷും കോടതി പരിസരത്ത് എത്തിയത്. ഓഫീസുകൾ കൂടി പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ ആരുടേയും കണ്ണിൽപ്പെടില്ലെന്ന പ്രതീക്ഷയിലാണ് ഇവർ എത്തിയത്. കോടതി പരിസരത്തേക്ക് പൾസർ ബൈക്കിലാണ് സുനിയും കൂട്ടാളിയും എത്തിയതെന്നാണ് സൂചന. മതിലു ചാടിക്കടന്ന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോടതിമുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ കോടതി അൽപനിമിഷം മുമ്പ് പിരിഞ്ഞുവെന്നതാണ് കോടതിയിൽ തന്നെ കീഴടങ്ങുകയെന്ന പ്രതികളുടെ ലക്ഷ്യത്തിന് തടയായത്. അതേസമയം, അഭിഭാഷകരുടെ വേഷത്തിലാണ് പ്രതികൾ കോടതിയിലേക്ക് വന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതായും ഇതിനാൽ തന്നെ പൊലീസിന് തിരിച്ചറിയാനായില്ലെന്നുമാണ് പറയുന്നത്.

ഇതോടെ സംഭവം നടന്ന് ആറാംദിവസം മുഖ്യപ്രതി സുനിയും കൂട്ടാളി വിജേഷും ഉൾപ്പെടെ എല്ലാ പ്രതികളും പൊലീസ് കസ്റ്റഡിയിൽ എത്തിയിരിക്കുകാണ്. അതോടൊപ്പം പുതിയൊരു വിവാദത്തിനും സുനിയെ കസ്റ്റഡിയിലെടുത്ത രീതി വഴിതുറന്നുകഴിഞ്ഞു. കേരളത്തിലും പുറത്തും എല്ലാ കേന്ദ്രങ്ങളിലും നിരവധി പൊലീസ് സംഘങ്ങളെ വിന്യസിച്ച് വലവിരിച്ചിട്ടും പൾസർ സുനി വിദഗ്ധമായി എങ്ങനെ കോടതിയിൽ എത്തിയെന്ന ചോദ്യമാണ് ഉയരുന്നത്. സംഭവം നടന്നതിന്റെ മൂന്നാം നാൾ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് അമ്പലപ്പുഴയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പൾസർ സുനി കടന്നുകളഞ്ഞുവെന്ന വിവരം പുറത്തുവന്നിരുന്നു. അന്ന് സുനിക്കും വിജേഷിനുമൊപ്പം കഴിഞ്ഞദിവസം പിടിയിലായ മണികണ്ഠനും ഉണ്ടായിരുന്നുവെന്നാണ് വിവരം.

പിന്നീട് മണികണ്ഠനെ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് വരുംവഴിയാണ് പൊലീസ് പിടികൂടുന്നത്. ഇതിന് പിന്നാലെ സുനിയും വിജേഷും കോയമ്പത്തൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കോയമ്പത്തൂരിൽ വലവിരിച്ചത്. എന്നാൽ ഇന്ന് പുലർച്ചെ പൊലീസ് സുനിയുള്ള സ്ഥലം കണ്ടെത്തിയെന്നും എന്നാൽ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് സുനിയും വിജേഷും കടന്നുകളഞ്ഞുവെന്നുമുള്ള വിവരമാണ് പൊലീസിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞ സമയം മുതൽതന്നെ പൊലീസിന് പിടികൊടുക്കാതെ പകരം കോടതിയിൽ കീഴടങ്ങാനാണ് സുനി ശ്രമിച്ചത്.

ഇതിനുമുമ്പ് മുൻകൂർ ജാമ്യമെടുക്കാൻ അഭിഭാഷകനെ സമീപിക്കുകയും ചെയ്തു. തന്റെ ഫോണും ഏൽപ്പിച്ച ശേഷമാണ് സുനി ഒളിവിൽപോയത്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിവച്ചതോടെ സുനി സംസ്ഥാനത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാനെത്തുമെന്നും പൊലീസിന് പിടികൊടുക്കില്ലെന്നുമുള്ള സംശയം ബലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇതിന് സാധ്യതയുള്ള പ്രധാന കോടതികളിലെല്ലാം മഫ്്തിയിലും അല്ലാതെയും പൊലീസിനെ വിന്യസിച്ചിരുന്നു. ഇപ്പോൾ സുനി എത്തിയ കോടതിയിലും പൊലീസ് സുനിക്കായി കാത്തുനിന്നിരുന്നു. എന്നാൽ എല്ലാവരുടേയും കണ്ണുവെട്ടിച്ച് സുനിയും വിജേഷും കോടതിമുറിയിൽ കയറിക്കൂടുകയും ചെയ്തു.

ഇത്തരത്തിൽ സംസ്ഥാനത്തിന് അകത്തുംപുറത്തും വലിയതോതിൽതന്നെ പൊലീസിനെ വിന്യസിച്ച് വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടയിലും സുനിക്ക് ഇത്രയും ദിവസം സമർത്ഥമായി പിടികൊടുക്കാതെ ഒളിഞ്ഞുകഴിയാൻ ആരോ കാര്യമായി തന്നെ സഹായം നൽകിയിട്ടുണ്ടെന്ന വിശ്വാസത്തിലാണ് പൊലീസ്. മാത്രമല്ല, കേസിൽ കോടതിയിൽ പ്രതി കീഴടങ്ങുന്ന സാഹചര്യമുണ്ടായാൽ പിന്നെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യേണ്ട സ്ഥിതിയിലേക്കാണ് പോകുക. ഇതിന് മുമ്പ് കോടതിയിൽ പ്രതിക്ക് തന്റെ ഭാഗം ഉന്നയിക്കാനും അവസരം ലഭിക്കുമായിരുന്നു.

ഇത് തടയാനായതോടെ സിനിമാ രംഗത്തെ തന്നെ ചിലർ ക്വട്ടേഷൻ നൽകിയാണ് നടിയെ ആക്രമിക്കാൻ സുനിയെ നിയോഗിച്ചതെന്ന ആരോപണത്തിന്റെ പിന്നാമ്പുറം ഇന്നത്തെ ചോദ്യംചെയ്യലിലൂടെ സുനിയിൽ നിന്ന് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് ഉച്ചയ്ക്കാണ് പൊലീസ് പിടിയിലായത് എന്നതിനാൽ നിയമപ്രകാരം നാളെ ഉച്ചയ്‌ക്കേ ഇനി കോടതിയിൽ പ്രതിയെ ഹാജരാക്കേണ്ടതുള്ളൂ. 24 മണിക്കൂറിനകം കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിലെത്തിക്കണമെന്നാണ് ചട്ടം. എങ്കിലും ഈ 24 മണിക്കൂർ കസ്റ്റഡിയിൽ കിട്ടുന്നതു തന്നെ നിർണായകമാണെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിനകം സുനിയിൽ നിന്ന് അറിയാനാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പൊലീസ്.