തന്നെ അറസ്റ്റ് ചെയ്തെന്ന വാർത്ത തെറ്റെന്ന് തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ. ഫേസ്‌ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചെക്ക് കേസിൽ സുനിൽ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു ഇന്ന് രാവിലെ വാർത്തകൾ പ്രചരിച്ചിരുന്നത്. താൻ പണ്ട് രുദ്രസിംഹാസനം സിനിമ എടുത്തപ്പോൾ ഒരാൾ ഒന്നേകാൽ കോടി രൂപ ഫിനാൻസ് നൽകിയിരുന്നു എന്ന് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു. അഞ്ച് കോടി പത്ത് ലക്ഷം രൂപ ചെലവായ സിനിമയിൽ അയാൾ അവസാനം പ്രൊഡ്യൂസറായെന്നും സുനിൽ പരമേശ്വരൻ പറയുന്നു. പിന്നീട് ചെക്കുകൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ ചെക്ക് തിരികെ നൽകാതെ അദ്ദേഹം വർക്കല കോടതിയിൽ കേസ് കൊടുക്കുകയാണ് ചെയ്തതെന്നും സുനിൽ പരമേശ്വരൻ പറയുന്നു. ന്യായാധിപനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ വാറണ്ടുമായി വന്നിട്ട് എന്ത് ചെയ്യാനാണെന്നും സുനിൽ പരമേശ്വരൻ ചോദിക്കുന്നു.

വർക്കല കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെന്നും എന്നാൽ, കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയതിനാൽ കോടതി വാറണ്ട് പിൻവലിക്കുകയാണ് ചെയ്തതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇതേ തുടർന്ന്, കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് മറയൂർ സർക്കിൾ ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു എന്നും അഭിഭാഷകൻ പറയുന്നു.

ഇടുക്കി കാന്തല്ലൂരിൽ നിന്നാണ് പൊലീസ് സുനിൽ പരമേശ്വരനെ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. വർക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടിയെന്നായിരുന്നു പ്രചാരണം. അനന്തഭദ്രം, രുദ്രസിംഹാസനം എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ് സുനിൽ പരമേശ്വരൻ. നിരവധി മാന്ത്രിക നോവലുകളും കഥകളും അദ്ദേഹം നേരത്തെ രചിച്ചിട്ടുണ്ട്.

പൃഥ്വിരാജും കാവ്യ മാധവനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അനന്തഭദ്രം, സുരേഷ് ഗോപിയെ നായകനാക്കി ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത രുദ്രസിംഹാസനം എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ് സുനിൽ പരമേശ്വരൻ. നരേയ്നെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത് 2005ൽ പ്രദർശനത്തിനെത്തിയ ബൈ ദി പീപ്പിൾ എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയത് സുനിൽ പരമേശ്വരനായിരുന്നു.