ദീർഘകാലമായി ഡൽഹിക്കാരുടെ ഉറക്കം കെടുത്തിയ ബലാത്സംഗകാപാലികനായ 38കാരൻ സുനിൽ രാസ്റ്റോഗി കഴിഞ്ഞ ആഴ്ച പൊലീസ് പിടിയിലായി. 600 കുട്ടികളെ പീഡിപ്പിക്കുകയും 2000 ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടും ഈ നരാധമൻ ഇതുവരെ എന്തുകൊണ്ട് പിടിക്കപ്പെട്ടില്ലെന്ന ചോദ്യമാണിപ്പോൾ ഗൗരവമായി ഉയർന്നിരിക്കുന്നത്. സ്വന്തം മകളെ ആശുപത്രിയിൽ ആക്കാൻ പോയപ്പോൾ പോലും കുട്ടികളെ തേടി അലഞ്ഞ കാപാലികനാണിയാൾ. ഇത്രയും കാലത്തിനിടെ കണ്ണിൽ പെട്ട കുട്ടികളെല്ലാം ഈ കാമഭ്രാന്തന്റെ ഇരകളായിത്തീരുകയായിരുന്നു. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് ലോകം കണ്ട ഏറ്റവും വലിയ ബാലപീഡകനെയാണെന്നും റിപ്പോർട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 10ന് സ്വന്തം മകൾക്ക് പനി ബാധിച്ചതിനെ തുടർന്ന് സുനിലും ഒരു ബന്ധുവും കൂടി അവളെയും കൊണ്ട് രുദ്രാപൂരിൽ നിന്നും ഡൽഹി-എൻസിആറിൽ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഡൽഹിയിലെത്തിയ പാടെ മകൾക്ക് വൈദ്യസഹായം തേടുന്നതിന് പകരം തനിക്ക് പീഡിപ്പിക്കാൻ പെൺകുട്ടികളെ തേടി പുറത്തേക്ക് പോവുകയായിരുന്നു സുനിൽ ചെയ്തിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഒരു മണിക്കൂറിനകം തിരിച്ച് വരാമെന്ന് പറഞ്ഞ് പോയ ഇയാൾ ആ ദിവസം തിരിച്ച് വന്നിരുന്നില്ല. തുടർന്ന് അച്ഛനെ കാത്തിരുന്ന് മടുത്ത് പനി അധികരിച്ച മകൾ ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് പോവുകയും ഉച്ചയ്ക്ക് ശേഷം തിരിച്ച് വരുകയുമായിരുന്നുവെന്ന് ബന്ധു വെളിപ്പെടുത്തുന്നു.

രുദ്രാപൂരിലെ ഒരു ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു സുനിൽ മകളെയും കൊണ്ട് ഡൽഹിയിലെത്തിയിരുന്നത്. ഡൽഹിയിലെത്തിയ സുനിൽ ആ ദിവസം അവിടെ തനിക്ക് പീഡിപ്പിക്കാൻ പെൺകുട്ടികളെ ലഭിക്കുമോയെന്നറിയാൻ ചുറ്റിത്തിരിയുകയായിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. തുടർന്ന് ഇയാൾ 10ഉം 12ഉം വയസുള്ള രണ്ട് പെൺകുട്ടികളെ വളച്ചെടുത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചിരുന്നുവെന്നും എന്നാൽ അവർ തന്ത്രപരമായി ഇയാളുടെ വലയിൽ നിന്നും രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു. മകളെ ഡൽഹിയിലെ ബന്ധുവിന്റെ വീട്ടിൽ വിട്ട് സുനിൽ രുദ്രാപൂരിൽ തിരിച്ചെത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് അൽപദിവസത്തിനകം അയാൾ അറസ്റ്റിലാവുകയും ചെയ്തു.

ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തുമ്പോൾ താനവിടെ ഉണ്ടായിരുന്നുവെന്നാണ് സുനിലിന്റെ 32കാരിയായ ഭാര്യ വെളിപ്പെടുത്തുന്നത്. സുനിലിനെ പിടിക്കാൻ വേണ്ടി എത്രയോ രാത്രികൾ തങ്ങൾ ഉറക്കമിളച്ചിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞുവെന്ന് സുനിലിന്റെ ഭാര്യ വെളിപ്പെടുത്തുന്നു. ഭർത്താവ് കൊച്ചു പെൺകുട്ടികളെ ഇനിയും പീഡിപ്പിക്കുമെന്ന് താൻ ഭയപ്പെട്ടിരുന്നുവെന്നും ഭാര്യ പറയുന്നു. നാഡീ പ്രശ്നം കാരണം സുനിലിന്റെ ഭാര്യ ചലിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ജീവിക്കുന്നത്.