കണ്ണൂർ: പയ്യന്നൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ കണ്ണൂർ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഓൺലൈനായാ ണ് പ്രതിയെ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കിയത്. റിമാൻഡ് ചെയ്ത പ്രതിയെ കണ്ണുർ സബ് ജയിലിലേക്ക് മാറ്റി.പയ്യന്നൂർ കോറോത്തെ സുനീഷ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലിസ് കേസെടുത്തത്.

വിജീഷിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.സുനിഷയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറേക്കാകാലം അകൽച്ചയിലായിരുന്നു. ഭർത്താവിന്റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെ പരാതി.
ഇതിൽ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്‌ച്ച് വൈകീട്ട് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. ഇതാണ് കേസിലെ പ്രധാന തെളിവായി പൊലിസ് പരിഗണിച്ചത്.