കോഴിക്കോട്: ഒരുകാലത്ത് മലബാറിലെ ഏറ്റവും വലിയ ക്രമസമാധാനപ്രശ്‌നങ്ങളിൽ ഒന്നായിരുന്നു സുന്നി- മുജാഹിദ് തർക്കങ്ങൾ. ജിന്നിനെക്കുറിച്ചും പ്രവാചക ജീവിതത്തെക്കുറിച്ചുമൊക്കെ ഇവർ നടത്തിയ സംവാദങ്ങൾ പലതും കൂട്ടത്തല്ലിൽ കലാശിച്ച കഥകൾ 90കളിൽ പതിവായിരുന്നു. എന്നാൽ ഇടക്കാലത്ത് നിന്നുവെന്ന് കരുതിയ ഈ പരിപാടി മലയാളികളുടെ ഐ.എസിലേക്കുള്ള യാത്രയുടെ പശ്ചാത്തലത്തിൽ വീണ്ടും സജീവമാവുകയാണ്. സുന്നിവിഭാഗങ്ങൾ രണ്ടായി പരിഞ്ഞുകൊണ്ടുള്ള എ.പി-ഇ.കെ തർക്കമാണ് ഇപ്പോൾ മലബാറിലെ മുസ്ലിം സമുദായത്തിന്റെ സ്വസ്ഥത കെടുത്തന്നതിനിടെയാണ് പുതിയ തർക്കം ഉത്ഭവിച്ചിരിക്കുന്നത്.ഒരു വിഭാഗം ചെറുപ്പക്കാരെയെങ്കിലും ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് ആകൃഷ്ടരാക്കിയതിന് പിന്നിൽ മുജാഹിദ് പ്രസ്ഥാനമാണെന്നാണ് സുന്നികളുടെ ആരോപണം.മുജാഹിദ് വിഭാഗങ്ങളാവട്ടെ ഇതിനെ പ്രതിരോധിക്കാൻ ശക്തമായ കാമ്പയിനുമായി രംഗത്തിറങ്ങിയിരക്കയാണ്.

ഖുർആനും നബിചര്യയും സ്വതന്ത്രമായി വ്യാഖ്യാനിക്കാൻ അണികൾക്ക് അനുവാദം നൽകിയതാണ് മുജാഹിദ് പ്രവർത്തകർ തീവ്രവാദത്തിലേക്ക് വഴിതെറ്റിപ്പോകാൻ കാരണമെന്നും ഈ നിലപാട് മുജാഹിദ് പ്രസ്ഥാനം പുന$പരിശോധിക്കണമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റ് എം ടി. അബ്ദുല്ല മുസ്ലിയാർ, സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാർ, ട്രഷറർ ജിഫ്രി മുത്തുക്കോയ തങ്ങൾ, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ഫൈസി മുക്കം, ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഡോ. ബഹാഉദ്ദീൻ നദ്വി, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർ ഇന്നലെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞതോടെ വിഷയം ചൂടുപിടിച്ചിരിക്കയാണ്.

കേരളത്തിൽനിന്ന് ഈയിടെ അപ്രത്യക്ഷമാവുകയും സിറിയയിലും യമനിലും മറ്റും ഉണ്ടെന്നു കരുതുകയും ഐ.എസിൽ ചേർന്നെന്ന് ആരോപിക്കപ്പെടുകയും ചെയ്യുന്ന മുസ്ലിം ചെറുപ്പക്കാർ നിരവധി ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളുമായി ഭിന്നിച്ച മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു ഗ്രൂപ്പിന്റെ പ്രവർത്തകരാണെന്ന് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുജാഹിദ് വിഭാഗങ്ങൾ പ്രശ്‌നം അടിയന്തരമായി വിലയിരുത്തുകയും പ്രമാണങ്ങൾ ആർക്കും വ്യാഖ്യാനിച്ച് മതവിധി പറയാവുന്ന സാഹചര്യത്തിന് അറുതിവരുത്തുകയും മുൻഗാമികൾ ക്രോഡീകരിച്ച മദ്ഹബുകളിലെ മതവിധികളിലേക്ക് മടങ്ങുകയും ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

അതിനിടെ പരമ്പരാഗതമായി നടക്കുന്ന എ.പി-ഇ.കെ തർക്കങ്ങൾ സുന്നികൾക്കിടയിൽ ഇപ്പോഴും ശക്തമായുണ്ട്. ഇക്കാര്യത്തിൽ ഇന്നലെ സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തിയിരുന്നു. മഹല്ല്, പള്ളി, മദ്‌റസകളിൽ സൃഷ്ടിക്കപ്പെടുന്ന കുഴപ്പങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നേതാക്കൾക്ക് ഉറപ്പുനൽകയതായാണ് ഇവർ പറയുന്നത്.സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന പള്ളി, മദ്‌റസകളിൽ കാന്തപുരം വിഭാഗം കുഴപ്പം സൃഷ്ടിക്കുകയും ഇവ അടച്ചുപൂട്ടേണ്ടിയും വരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ഇ.കെ വിഭാഗം പറയുന്നത്.

മലപ്പുറം ജില്ലയിലെ കക്കോവ്, മൂളപ്പുറം, ചങ്ങാനി, കരുവാങ്കല്ല്, ആക്കോട്, വാവൂർ, പനച്ചിപള്ളിയാളി, കരിപ്പൂർ, മുടിക്കോട്, ചാമപ്പറമ്പ്, തച്ചണ്ണ, പള്ളിക്കൽ ബസാർ, കുന്നുംപുറം കുട്ടശ്ശേരിച്ചന, തൃശൂർ ജില്ലയിലെ ആലപ്പനങ്ങാട്, വയനാട് ജില്ലയിലെ തരുവണ കുന്നുമലങ്ങാടി, കോഴിക്കോട് ജില്ലയിലെ മുറമ്പാത്തി, പന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നത്.

സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റ് എം ടി. അബ്ദുല്ല മുസ്ലിയാർ, സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാർ, ട്രഷറർ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, മുക്കം ഉമർ ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, പി.എ. ജബ്ബാർ ഹാജി എന്നിവരാണ മഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ഇതിനിടെ മുജാഹിദുകളുമായി പ്രശ്‌നങ്ങൾ ഉണ്ടാവുന്നതോടെ കേരളത്തിലെ മുസ്ലിം സമുദായ രംഗം കലുഷിതമാവുമെന്നാണ് നിരീക്ഷകർ കരുതുന്നത്.