ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളും മുൻ കാമുകി ഡിംപിൾ കപാഡിയയും ലണ്ടനിൽ ഒന്നിച്ച് കറങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.ലണ്ടൻ തെരുവിൽ പരസ്പരം കൈകോർത്ത് പിടിച്ചിരിക്കുന്ന താരങ്ങളുടെ വീഡിയോ ഷെയർ ചെയ്തതാവട്ടെസിനിമാ നിരൂപകനായ കമാൽ ആർ ഖാൻ ആണ്.

സണ്ണി ഡിയോളും ഡിംപിൾ കപാഡിയയും അവരുടെ അവധിക്കാലം ഒന്നിച്ച് ആസ്വദിക്കുന്നു, ഇരുവരെയും സുന്ദരമായ ഇണകളെ പോലെ തോന്നിക്കുന്നു എന്ന ട്വീറ്റോടെയായിരുന്നു പോസ്റ്റിങ്. ഇരുവരും കൈകോർത്തിരുന്ന് സംസാരിക്കുന്നതാണ് വീഡിയോ.

കഴിഞ്ഞ മാസമാണ് അവധിക്കാലം ചെലവഴിക്കാനായി ഇരുവരും ലണ്ടനിലേക്ക് പറന്നത്.വീഡിയോ പ്രചരിച്ചതോടെ ട്വിറ്റർ ഉപയോക്താക്കൾ ഇരുവരുടേയും ഭൂതകാലം ചികഞ്ഞെടുത്ത് പോസ്റ്റുകളുമായി ഇന്റർനെറ്റിൽ നിറഞ്ഞിട്ടുണ്ട്. ഒരു വിഭാഗം ആളുകൾ വീഡിയോ പോസ്റ്റ് ചെയ്ത കെആർകെക്ക് എതിരെ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണിതെന്നാണ് പ്രധാനവിമർശനങ്ങളിലൊന്ന്.

ബോളിവുഡിന്റെ പഴയകാല സെൻസേഷൻ താരങ്ങളാണ് ഡിംപിൾ കപാഡിയയും സണ്ണി ഡിയോളും. ഡിംപിൾ കപാഡിയയും സണ്ണി ഡിയോളും ഒരുമിച്ച് അഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മൻസിൽ മൻസിൽ (1984), അർജുൻ (1985), ആജ് കാ ഗോല (1989), നരസിംഹ (1991), ഗുനാഹ് (1993). ഡിംപിൾ മുമ്പ് രാജേഷ് ഖന്നയെ വിവാഹം ചെയ്തിരുന്നു. ഇവരുടെ മക്കളാണ് ട്വിങ്കിളും റിങ്കിളും. പൂജ ഡിയോളാണ് സണ്ണി ഡിയോളിന്റെ ഭാര്യ. മകൻ കരൺ ഡിയോളിന്റെ കന്നിച്ചിത്രമായ പൽ പൽ ദിൽ കെ പാസിന്റെ ഒരുക്കത്തിലാണ് സണ്ണി ഡിയോൾ.