ഡിസംബർ മാസം അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ ബാക്കി നില്ക്കുമ്പോൾ മലയാള സിനിമയുടെ 2014 ലെ കണക്കെടുപ്പ് ആരംഭിച്ചു. 163  സിനിമകളാണ് മലയാളത്തിൽ ഇതുവരെ റിലീസ് ചെയ്തത്. മൊഴിമാറ്റിയും അല്ലാതെയുമെത്തിയ ഇതര ഭാഷ സിനിമകൾ വേറെയും. 2013ലെ പോലെ മെഗാ വിജയങ്ങൾ ഇല്ലാതെയാണ് 2014 കടന്നു പോകുന്നത്. വലിയ വിജയമായ ചിത്രങ്ങൾ ഒന്നും ഇല്ലെന്നു തന്നെ പറയാം. വിരലിലെണ്ണാവുന്ന സൂപ്പർ ഹിറ്റുകളിൽ ഒതുങ്ങി ഇക്കൊല്ലത്തെ വിജയ സിനിമകൾ. സൂപ്പർ താരങ്ങളും സംവിധായകരും നിറം മങ്ങിയപ്പോൾ തിളങ്ങിയതു യുവതാരങ്ങൾ.

ബാംഗ്‌ളൂർ ഡേയ്‌സ്, വെള്ളിമൂങ്ങ, ഹൗ ഓൾഡ് ആർ യു, ഓം ശാന്തി ഓശാന, 1983 എന്നിവയാണ് കഴിഞ്ഞ വർഷത്തെ പണം വാരികൾ ചിത്രങ്ങളായി കണക്കിലുള്ളത്. ാ ബഡ്ജറ്റ് ചിത്രമായ വെള്ളിമൂങ്ങ എട്ടു കോടിയിലേറെ നേടി. ആംഗ്രീ ബേബീസ്, സപ്തമശ്രീ തസ്‌കര:,  സെവന്ത് ഡേ, വിക്രമാദിത്യ, ഇതിഹാസ, റിങ് മാസ്റ്റർ എന്നീ ചിത്രങ്ങൾ ഹിറ്റുകളായി. ഇയ്യോബിന്റെ പുസ്തകം,  അവതാരം, മുന്നറിയിപ്പ്, പെരുച്ചാഴി, ഭയ്യഭയ്യ, രാജാധിരാജ, വില്ലാളിവീരൻ, ഞാൻ എന്നീ ചിത്രങ്ങൾ ശരാശരി വിജയം നേടി.  അവശേഷിച്ചതിൽ അധികവും എട്ടുനിലയിൽ പൊട്ടി.  കേരള ഫിലിം ചേംബറിന്റേതാണ് ഈ വിലയിരുത്തൽ.

ക്രിസ്മസ് ചിത്രങ്ങളായ കസിൻസ്, ആമയും മുയലും എന്നിവ കാര്യമായ ചലനം സൃഷ്ടിച്ചില്ല. രാജേഷ് പിള്ളയുടെ  മിലി, ശ്രീനിവാസന്റെ 'നഗരവാരിധി നടുവിൽ'  എന്നിവയാണ്  ഇനി  പ്രതീക്ഷയുള്ള ക്രിസ്മസ് ചിത്രങ്ങൾ.ഒന്നരക്കോടി മുതൽ ആറ് കോടി രൂപ വരെ ഓരോ പടത്തിനും മുതൽമുടക്കുണ്ട്. രണ്ടാംനിര താരങ്ങൾ അഭിനയിച്ച, താരതമ്യേന  കുറഞ്ഞ ചെലവിൽ നിർമ്മിച്ച വെള്ളിമൂങ്ങയുടെയും ഇതിഹാസയുടെയും വിജയം  കഴിഞ്ഞ വർഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാമറാമാൻ ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് വെള്ളിമൂങ്ങ.

മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക്  ഈ വർഷം സൂപ്പർഹിറ്റില്ല. മമ്മൂട്ടിയുടെ അവതാരം, മോഹൻലാലിന്റെ പെരുച്ചാഴി എന്നിവ ഭേദപ്പെട്ട വിജയം നേടിയെന്ന്  മാത്രം. റിങ് മാസ്റ്റർ ഒഴികെയുള്ള ദിലീപ് ചിത്രങ്ങൾക്ക്  സാമ്പത്തിക നേട്ടമുണ്ടായില്ല. ബാംഗ്‌ളൂർ ഡേയ്‌സും ഇയ്യോബിന്റെ പുസ്തകവും ഒഴികെയുള്ള  ഫഹദ് ഫാസിൽ ചിത്രങ്ങൾ പരാജയപ്പെട്ടു. നിവിൻ പോളിയുടെ മൂന്ന് ചിത്രങ്ങളും സൂപ്പർഹിറ്റുകളായി. നടിമാരിൽ ശ്രദ്ധിക്കപ്പെട്ടത് മഞ്ജുവാര്യരാണ്.

മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ മഹാവിജയത്തിന്റെ തുടർച്ചയുമായിട്ടാണ് 2014ൽ മലയാളസിനിമയുടെ ബോക്‌സ്ഓഫിസ് തുറക്കുന്നത്. 2013 ഡിസംബറിൽ റിലീസ് ചെയ്ത ദൃശ്യം ഈ വർഷം പകുതിവരെ തിയെറ്ററുകളിലുണ്ടായിരുന്നു.