ചെന്നൈ : ഇന്ത്യൻ സിനിമയുടെ വിസ്മയം താരങ്ങളിലെ താരം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ 68ാം ജന്മദിനം ഏവരും കൊണ്ടാടിയ ദിനമായിരുന്നു കടന്നു പോയത്. തമിഴകത്ത് പൊങ്കലിനേക്കാളധികം ആഘോഷവും ജെല്ലിക്കെട്ടിനേക്കാൾ ആവേശവുമുയരുന്ന ഡിസംബറിലെ മാന്ത്രിക പന്ത്രണ്ട് എന്ന തീയതി ഒരു ആഘോഷ ദിനം കൂടി സമ്മാനിച്ചിരിക്കുന്നു. സിനിമയിലും രാഷ്ട്രീയത്തിലും തുടങ്ങി തന്റെ ചിത്രങ്ങളുടെ പോസ്റ്ററുകൾ വരെ നെഞ്ചോട് ചേർക്കുന്ന  ആരാധകർ ഉൾപ്പടെ ഒട്ടനവധി ആളുകളാണ് സൂപ്പർ സ്റ്റാറിന് ആശംസയുമായി എത്തിയത്.

സഹായങ്ങൾ വിതരണം ചെയ്തും ഭീമൻ ജന്മദിന കേക്കുകൾ മുറിച്ചുമാണ് ആരാധകർ ജന്മദിനം ആഘോഷാമാക്കി മാറ്റിയത്. ഇഷ അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനാൽ രജനി ഇന്നലെ ചെന്നൈയിലില്ലായിരുന്നു. അതേസമയം, തമിഴകം ഉറ്റുനോക്കുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങളൊന്നും ജന്മദിനത്തിലുമുണ്ടായില്ല.

രജനിയുടെ പുതിയ ചിത്രമായ പേട്ടയുടെ ടീസർ ഇന്നലെ പുറത്തുവിട്ടത് ആരാധകർക്ക് ഇരട്ടിമധുരമായി. ഗജ ചുഴലിക്കാറ്റ് കാവേരി തീരജില്ലകളിൽ വൻ നാശനഷ്ടം വിതച്ചതിനാൽ വലിയ ആഘോഷങ്ങൾ വേണ്ടെന്നു നടൻ നിർദ്ദേശിച്ചിരുന്നു. അതേസമയം, ഒരു വർഷം പൂർത്തിയായിട്ടും രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കാത്തത് ആരാധകരിൽ ചിലരെ നിരാശരാക്കിയിട്ടുണ്ട്.

ആഘോഷമൊരുക്കി പേട്ട ട്രെയിലർ

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത രജനികാന്ത്-കാർത്തിക്ക് സുബ്ബരാജ് ചിത്രം 'പേട്ട'യുടെ ടീസറിന് മികച്ച പ്രതികരണമാണ്. 'തലൈവർക്ക് പിറന്നാൾ ആശംസകൾ' നേരുകയാണ് ടീസറിലൂടെ 'പേട്ട'യുടെ അണിയറ പ്രവർത്തകർ. രജനിയുടെ കടുത്ത ആരാധകൻ കൂടിയായ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ആദ്യ രജനി ചിത്രമാണ് 'പേട്ട.

സൺ പിക്ചേഴ്സാണ് നിർമ്മാണം. ടീസറിൽ മികച്ച് നിൽക്കുന്നത് വിന്റേജ് കാലഘട്ടത്തിലെ രജനിയും അനിരുദ്ധിന്റെ മികച്ച പശ്ചാത്തല സംഗീതവുമാണ്. സിമ്രൻ, തൃഷ, വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ ദിവസങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടിരുന്നു. അനിരുദ്ധ രവിചന്ദർ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

പൊങ്കൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ രജനിയുടെ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. അജിത്ത് നയൻതാര ജോഡികളുടെ വിശ്വാസവും പൊങ്കലിന് തിയേറ്ററുകളിലെത്തും.